അന്തിയുറക്കം കാലിത്തൊഴുത്തില്‍: കണ്ണുതുറക്കാതെ അധികാരികള്‍
പുതുനഗരം: മുതലമട കൊട്ടപ്പള്ളം കോളനിയില്‍ തകര്‍ന്ന കുടിലുകള്‍ക്ക് നഷ്ടപരിഹരമില്ല. അഞ്ചു പേര്‍ വസിക്കുന്നത് കാലിത്തൊഴുത്തില്‍. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ഉണ്ടായ ശക്തമായ കാറിലും വേനല്‍മഴയിലുമാണ് കൊട്ടപ്പള്ളം കോളനിയിലെ കൃഷ്ണന്‍ ഷീബ ദമ്പതികളുടെ ഓലക്കുടില്‍ തകര്‍ന്നത്. വില്ലേജ്, പഞ്ചായത്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം പരിശോധിച്ച് പോയതല്ലാതെ ഒരു രൂപ പോലും സര്‍ക്കാറില്‍ നിന്നും ലഭിച്ചില്ല.
നിലവിലെ ശക്തമായ മഴയില്‍ ശേഷിക്കുന്ന കുടിലിന്റെ മറ്റു ഭാഗങ്ങളും തകരുകയാണുണ്ടായത്. ഭിത്തികള്‍ മാത്രം ബാക്കിയുള്ള വീടിനകത്ത് കിടന്നുറങ്ങുന്നതിനായി ടാര്‍പോളിന്‍ വിരിച്ചെങ്കിലും കഴിഞ്ഞ ആഴ്ച്ച വീടിന്റെ ഒരു ഭാഗത്തെ ഭിത്തി തകര്‍ന്നതോടെ കൃഷ്ണന്‍ ഷീബ ദമ്പതികളും പ്ലസ് ടു പഠിക്കുന്ന മൂത്ത മകളും മറ്റു രണ്ട് മക്കളും കന്നുകാലികള്‍ക്കായി കെട്ടിയ തൊഴുത്തിലാണ് അന്തിയുറങ്ങുന്നത്.
ഭക്ഷണം പാകം ചെയ്യുന്നതും താമസവുമെല്ലാം തൊഴുത്തിലായിടും തകര്‍ന്ന കുടിലിന് നല്‍കിയ അപേക്ഷകള്‍ പരിഗണിക്കാതെ കിടക്കുകയാണെന്ന് കൃഷ്ണന്‍ പറയുന്നു.ഇതു കൂടാതെ കക്കൂസിനായി ഫണ്ട് ലഭിക്കുമെന്ന പേരില്‍ കുഴി നിര്‍മിച്ചെങ്കിലും പട്ടയമില്ലാത്ത കാരണം പറഞ്ഞ് കക്കൂസും നിഷേധിച്ചിരിക്കുകയാണ്.കൃഷ്ണന്റ അച്ഛന്‍ പരേതനായ ആറുമുഖന്‍ വസിച്ചുവന്ന കുടിലിലാണ് കൃഷ്ണനും കുടുംബാംഗങ്ങളും വസിക്കുന്നത്. പട്ടയത്തിനായി നാല് പതിറ്റാണ്ടുകളിലധികമായി അച്ഛന്‍ ആറുമുഖന്‍ പരിശ്രമിച്ചും ലഭിച്ചിട്ടില്ല. ഇപ്പോഴും അപേക്ഷകള്‍ നല്‍കി വരുന്നുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് കൃഷ്ണന്‍ പറയുന്നു. കൊട്ടപ്പള്ളം പട്ടികജാതി കോളനിയില്‍ പട്ടയവും കക്കൂസും ഇല്ലാത്ത നിരവധി കാല കൂടില്‍ ജീവിതങ്ങള്‍ ഇപ്പോഴും ദുരിത മഴയില്‍ നരകജീവിതം നയിക്കുന്നതായി കോളനിവാസികള്‍ പറയുന്നു.കോളനിയിലെ പട്ടയമില്ലാത്തവര്‍ക്ക് പട്ടയവും കക്കൂസും ഭവനവും ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജില്ലാ കലക്ടറെനേരില്‍ കാണാനുള്ള തയ്യാറെടുപ്പിലാണ് കോളനിവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."