കദളിവാഴ കൃഷിയില്‍ വിജയം കൊയ്ത് കര്‍ഷകന്‍ ശ്രദ്ധ നേടുന്നു
കൂറ്റനാട്: പട്ടിത്തറ കൃഷിഭവന്‍ പരിധിയിലെ മാതൃകാ കര്‍ഷകനായ ടി.വി ചന്ദ്രന്‍ നാലു ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് കദളിവാഴ കൃഷിയില്‍ വിജയം നേടി. എല്ലാ കര്‍ഷകരും ഒരേ കൃഷി ചെയ്യുന്ന പരമ്പരാഗത രീതികള്‍ മാറി വൈവിധ്യ വിളകളിലൂടെ സഞ്ചരിച്ചാല്‍ കാര്‍ഷിക വിജയം നേടാം എന്ന അനുഭവ പാഠമാണ് ഈ കര്‍ഷകന്‍ പറഞ്ഞു തരുന്നത്. പ്രദേശത്തെ വാഴ കര്‍ഷകരെല്ലാം നേന്ത്രവാഴ കൃഷി ചെയ്യുമ്പോള്‍ നേന്ത്രവാഴ കൃഷിയില്‍നിന്ന് മാറി ചിന്തിച്ചതാണ് ടി.വി ചന്ദ്രന്റെ ശൈലി.
ചന്ദ്രന്റെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് പട്ടിത്തറ കൃഷിഭവന്റെ പൂര്‍ണ പിന്തുണയുമുണ്ട്. നേന്ത്രവാഴ കൃഷി പോലെ വലിയ പരിചരണമോ വളപ്രയോഗമോ കദളിക്ക് ആവശ്യം വരുന്നില്ല എന്നാല്‍ നേന്ത്രകുലയേക്കാള്‍ കൂടിയ വിലയും കിട്ടുന്നു എന്ന പ്രത്യേകതയും കദളിക്കുണ്ട്. കാര്യമായ രോഗ കീടാക്രമണങ്ങളും ഇല്ല. ഒരു തവണ കന്നു വെച്ചാല്‍ 3 വര്‍ഷം വരെ നിലനിര്‍ത്തും അതില്‍നിന്ന് പൊട്ടി മുളക്കുന്ന തൈകളിലെ കുലകളും ലാഭമാണ്.
ക്ഷേത്രങ്ങളിലേക്കും മറ്റും കദളിക്കുലകള്‍ നല്‍കാന്‍ കരാറെടുത്തവര്‍ ആഴ്ചയിലൊരിക്കല്‍ നേരിട്ടെത്തി കുല വെട്ടിയെടുത്ത് തൂക്കി വാഴ തോട്ടത്തില്‍ വെച്ച് തന്നെ വില നല്‍കുന്നു. ആഴ്ചയില്‍ 350-400 കിലോ വരെ ലഭിക്കുന്നുണ്ട്. ഇപ്പോള്‍ കിലോക്ക് അറുപത് രൂപ വരെ വില ലഭിക്കുന്നുണ്ട്.
മണ്ഡലകാലവും ക്ഷേത്ര ഉത്സവ സീസണിലും വില വീണ്ടും കൂടും. കൂടാതെ വാഴ ഇലകള്‍ വെട്ടുന്നതിന് ഒരു വര്‍ഷത്തേക്ക് പതിനായിരം രൂപകരാര്‍ ഇനത്തിലും ലഭിക്കുന്നുണ്ട്. കര്‍ഷകര്‍ക്കു വളരെയധികം ലാഭം ലഭിക്കുന്ന ഒരു കൃഷിയാണ് കദളിവാഴകൃഷി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."