കുറ്റക്കാരനല്ലെന്ന് പാര്‍ട്ടി; വിജയന്‍ ചെറുകര തിരിച്ചെത്തിയേക്കും
കല്‍പ്പറ്റ: വൈത്തിരി താലൂക്കിലെ കുറുമ്പാലക്കോട്ടയില്‍ സര്‍വേ നമ്പര്‍ 571ല്‍ ഉള്‍പ്പെടുന്ന നാലര ഏക്കര്‍ മിച്ചഭൂമിക്ക് പട്ടയം തരപ്പെടുത്തുന്നതിനു സ്വകാര്യ വ്യക്തികള്‍ക്കു സഹായകമായ നിലപാട് സ്വീകരിച്ചുവെന്ന സ്വകാര്യചാനല്‍ വാര്‍ത്ത വിവാദമായതിനെ തുടര്‍ന്ന് ഏപ്രില്‍ മൂന്നിനു ഒഴിവാകേണ്ടിവന്ന സി.പി.ഐ ജില്ലാ സെക്രട്ടറി പദവിയില്‍ വിജയന്‍ ചെറുകര തിരിച്ചെത്തിയേക്കും.
സ്വകാര്യചാനല്‍ സ്ട്രിങ് ഓപ്പറേഷനിലൂടെ പുറത്തുവിട്ട വാര്‍ത്ത കൃത്രിമമാണെന്നും ജില്ലാ സെക്രട്ടറി കുറ്റക്കാരനല്ലെന്നുമുള്ള പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന എക്‌സിക്യൂട്ടീവും കൗണ്‍സിലും അംഗീകരിച്ചതാണ് വിജയന്‍ ചെറുകരയുടെ തിരിച്ചുവരവിനു വഴിയൊരുക്കുന്നത്. 13ന് ചേരുന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് ജില്ലാ സെക്രട്ടറിയുടെ കാര്യത്തില്‍ തീരുമാനമെടുക്കും. ഇക്കാര്യം സംസ്ഥാന സെക്രട്ടറി ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മുറക്ക് വിജയന്‍ ചെറുകര ചുമതലയേല്‍ക്കുമെന്നാണ് സൂചന. ചാനല്‍ വാര്‍ത്തയെ തുടര്‍ന്ന് വിജയന്‍ ചെറുകര രാജിവച്ചതുമുതല്‍ കെ. രാജന്‍ എം.എല്‍.എക്കാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല. കഴിഞ്ഞ ഫെബ്രുവരിയില്‍ സി.പി.ഐ ജില്ലാ സെക്രട്ടറിയായി തുടര്‍ച്ചയായ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് വിജയന്‍ ചെറുകര വിവാദത്തില്‍ അകപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."