300 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 64 സൗജന്യ പരിശോധനകള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ 300 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സൗജന്യ രോഗനിര്‍ണയ പരിശോധനകള്‍ ലഭ്യമാക്കുമെന്ന് മന്ത്രി കെ.കെ ശൈലജ .
ഗര്‍ഭിണികള്‍, 18 വയസിന് താഴെയുള്ള കുട്ടികള്‍, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്നവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങിയവര്‍ക്കാണ് ഇതുവരെ സൗജന്യ രോഗനിര്‍ണയ സേവനം നല്‍കി വരുന്നത്. സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും ഈ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള പദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്.
മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ചെലവേറിയതുള്‍പ്പെടെ 64 രോഗ പരിശോധനാ സൗകര്യങ്ങളാണ് ഈ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുന്നത്. ഈ സൗകര്യം ഒരുക്കുന്നതിന് കെ.എം.എസ്.സി.എല്‍ മുഖേന 18.40 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. ആദ്യഘട്ടമായി 300ഓളം കുടുംബാരോഗ്യ കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. രണ്ടാം ഘട്ടത്തില്‍ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴിയും സൗജന്യ രോഗനിര്‍ണയ പരിശോധന ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 282 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴിയും, 18 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ വഴിയുമാണ് സൗജന്യ രോഗനിര്‍ണയ പരിശോധന ലഭ്യമാക്കുന്നത്. ഇതിനായി ഉപകരണങ്ങളും റീയേജന്റും ഉള്‍പ്പെടെയുള്ള പരിശോധനാ സംവിധാനങ്ങള്‍ കെ.എം.എസ്.സി.എല്‍ വഴി ഓരോ കേന്ദ്രത്തിലും ഒരുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."