പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം; ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു
കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിലെ കുറ്റപത്രം ക്രൈംബ്രാഞ്ച് പരവൂര്‍ കോടതിയില്‍ സമര്‍പ്പിച്ചു. വെടിക്കെട്ട് നടത്തിയവരും ക്ഷേത്ര ഭരണസമിതി അംഗങ്ങളുമടക്കം 52 പേരാണ് പ്രതികള്‍.
അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും അളവില്‍ കൂടുതല്‍ വെടിമരുന്ന് ശേഖരിച്ചെന്ന് കുറ്റപത്രത്തിലുണ്ട്. ഉദ്യോഗസ്ഥര്‍ക്കു പൂര്‍ണമായും ക്ലീന്‍ ചിറ്റ് നല്‍കുന്ന കുറ്റപത്രത്തില്‍ ക്ഷേത്ര ഭാരവാഹികളും വെടിക്കെട്ട് നടത്തിയവരുമാണ് അപകടത്തിന് കാരണക്കാരായതെന്ന് സൂചിപ്പിക്കുന്നു. ഇത്രയും കൂടുതല്‍ വെടിമരുന്ന് സൂക്ഷിച്ചാല്‍ അപകടമുണ്ടാകുമെന്ന് കൃത്യമായി ഇവര്‍ക്കറിയാമായിരുന്നു. എന്നിട്ടും വെടിമരുന്ന് അവിടെ സൂക്ഷിച്ചത് വലിയ കുറ്റമാണ്.
വെടിക്കെട്ട് നടത്തരുതെന്ന നിര്‍ദേശം ഉദ്യോഗസ്ഥര്‍ വാക്കാലും രേഖാമൂലവും നല്‍കിയിരുന്നു. എന്നാല്‍ ഇതു പാലിക്കാന്‍ ക്ഷേത്ര ഭരണസമിതി ഭാരവാഹികളോ വെടിക്കെട്ട് നടത്തിപ്പുകാരോ തയാറായില്ല. അതുകൊണ്ടാണ് ഇത്ര വലിയ അപകടമുണ്ടായതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അന്വേഷണോദ്യോഗസ്ഥനും നിലവിലെ ആലപ്പുഴ എസ്.പിയുമായ പി.എസ് സാബുവാണ് ഇന്നലെ രാവിലെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ഉദ്യോഗസ്ഥര്‍ക്കു വീഴ്ചപറ്റിയെന്ന് നേരത്തെ ജുഡീഷ്യല്‍ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ജുഡീഷ്യല്‍ കമ്മിഷന്റെ കണ്ടെത്തല്‍ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിലില്ല. വിചാരണാ നടപടികള്‍ക്കായി കുറ്റപത്രം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജില്ലാ സെഷന്‍സ് കോടതിക്കു കൈമാറുമെന്നറിയുന്നു.
2016 ഏപ്രില്‍ പത്തിനു പുലര്‍ച്ചെ മൂന്നോടെ നടന്ന അപകടത്തില്‍ 110 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 71 പേരും കൊല്ലം സ്വദേശികളാണ്. 720 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 151 പേരുടെ പരുക്ക് ഗുരുതരമായിരുന്നു. 300ലധികം വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു.
പതിനായിരത്തിലധികം പേജുകളുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. പ്രതികളില്‍ ഏഴു പേര്‍ മരിച്ചു. 37 പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്നാണ് സൂചന. 1,658 സാക്ഷികളുമുണ്ട്. 110 പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."