പരീക്ഷയിലെ ആള്‍മാറാട്ടം: ഒന്നാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും തള്ളി
മുക്കം: നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍ വിദ്യാര്‍ഥികളുടെ പരീക്ഷ എഴുതിയ സംഭവത്തില്‍ ഒന്നാം പ്രതിയായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.റസിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും തള്ളി. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. രണ്ടും മൂന്നും പ്രതികളായ നിഷാദ് വി. മുഹമ്മദ്, പി.കെ ഫൈസല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം തള്ളിയിരുന്നു. അതേസമയം ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ അധ്യാപകര്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്ന് സൂചനയുണ്ട്. ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം.
അതിനിടെ സംഭവം നടന്ന് മൂന്ന് ആഴ്ചയോളമായിട്ടും അധ്യാപകരെ അറസ്റ്റ് ചെയ്യാത്ത നടപടിക്കെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. സംഭവത്തില്‍ പ്രതികളായ മൂന്ന് അധ്യാപകരെ സംരക്ഷിക്കാന്‍ സര്‍ക്കാരും പൊലിസും ഒത്തുകളി നടത്തുകയാണെന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണമാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മുക്കം നഗരസഭയില്‍ പ്രമേയം അവതരിപ്പിച്ചെങ്കിലും ഇടത് അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വോട്ടിനിട്ട് തള്ളുകയായിരുന്നു. സ്‌കൂളിനെ ബാധിക്കുമെന്ന് പറഞ്ഞാണ് പ്രമേയം തള്ളിയതെങ്കിലും ഭരണകക്ഷിയില്‍പെട്ട ചിലര്‍ അധ്യാപകര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നാണ് വിവരം. ഇത് തന്നെയാണ് അറസ്റ്റ് വൈകിപ്പിക്കുന്നതിലേക്കും കാര്യങ്ങള്‍ എത്തിച്ചതെന്ന് പറയപ്പെടുന്നു.
മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ തന്നെ അധ്യാപകര്‍ രഹസ്യമായി താമസിക്കുന്നുണ്ടെന്ന വിവരം പൊലിസിന് ലഭിച്ചിട്ടുണ്ടെങ്കിലും അറസ്റ്റ് മാത്രം നടക്കുന്നില്ല. മുക്കം സി.ഐ കെ.വി ബാബുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."