ചന്ദ്രഗിരികോട്ട നവീകരണം പുരോഗമിക്കുന്നു
കളനാട്: മേല്‍പറമ്പില്‍ സ്ഥിതി ചെയ്യുന്ന ചന്ദ്രഗിരികോട്ടയുടെ നവീകരണം ദ്രുതഗതിയില്‍ നടക്കുന്നു. നാശത്തിന്റെ വക്കിലായിരുന്ന ചന്ദ്രഗിരികോട്ട 80ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിക്കുന്നത്. കോട്ടയുടെ തകര്‍ന്നുവീണ മതിലും മറ്റും നവീകരിച്ചു കഴിഞ്ഞു. നടപ്പാതകളില്‍ ചെങ്കല്ല് പാകുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്.
2008ല്‍ അന്നത്തെ സാംസ്‌കാരിക മന്ത്രി എം.എ ബേബിയാണ് നശിച്ചുകൊണ്ടിരുന്ന ചന്ദ്രഗിരികോട്ട പുനരുദ്ധരിച്ച് രാഷ്ട്രത്തിനു സമര്‍പ്പിച്ചത്. പിന്നീട് ചരിത്ര വിദ്യാര്‍ഥികളും ഗവേഷകരും വിനോദസഞ്ചാരികളും കോട്ടയിലെത്തിയിരുന്നു.
എന്നാല്‍ പുനരുദ്ധരിച്ച കോട്ട രണ്ടുവര്‍ഷം മുന്‍പ് തകര്‍ന്നുതുടങ്ങിയതോടെയാണ് കോട്ട നവീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. തുടര്‍ന്നാണ് സംസ്ഥാന പുരാവസ്തു വകുപ്പ് കോട്ടയുടെ നവീകരണത്തിന് 80ലക്ഷം രൂപ അനുവദിച്ചത്. നവീകരണം പൂര്‍ത്തിയാക്കുന്നതിനിടയിലും നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നുണ്ട്.
ഏഴേക്കര്‍ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്നതാണ് ചന്ദ്രഗിരികോട്ട. കോട്ടയ്ക്കു മുകളില്‍നിന്നു കാണുന്ന ചന്ദ്രഗിരിപ്പുഴയുടെയും അറബിക്കടലിന്റെയും ദൃശ്യം മനോഹരമാണ്. നിലവില്‍ ആഭ്യന്തര വിനോദ സഞ്ചാരികള്‍ മാത്രമെത്തുന്ന ചന്ദ്രഗിരികോട്ടയിലേക്ക് വിദേശ വിനോദ സഞ്ചാരികളെ കൂടി ആകര്‍ഷിക്കാനുള്ള നവീകരണ പദ്ധതികളാണ് സര്‍ക്കാര്‍ 80 ലക്ഷം രൂപ ചെലവഴിച്ചു നടപ്പാക്കുന്നത്.
17ാം നൂറ്റാണ്ടില്‍ ബദനൂര്‍ നായ്ക്കന്‍മാരിലെ ശിവപ്പനായ്ക്ക് നിര്‍മിച്ചതാണ് ചന്ദ്രഗിരി നദിക്കരയിലുള്ള ചന്ദ്രഗിരികോട്ട. കേരളത്തിന്റെയും തുളു രാജവംശത്തിന്റെയും അതിരുകളായിരുന്ന ചന്ദ്രഗിരി നദിയുടെ കരയില്‍ നിര്‍മിച്ച ചന്ദ്രഗിരികോട്ടയ്ക്കു മുകളില്‍ നിന്നു ചന്ദ്രഗിരി നദി അറബിക്കടലില്‍ ചേരുന്ന മനോഹരമായ കാഴ്ചയും അസ്തമനവും കാണാന്‍ കഴിയും.
ദേശീയപാത 17ലൂടെ കടന്നുപോകുമ്പോള്‍ കാണുന്ന പാലവും അതിന്റെ പശ്ചാത്തലത്തിലുള്ള മുസ്‌ലിം പള്ളിയും വളരെ ആകര്‍ഷകമായ കാഴ്ചയാണ്. കേരളത്തിലെ ഏറ്റവും നീളമുള്ള റെയില്‍വേ തുരങ്കം കടന്നുപോകുന്നതും ചന്ദ്രഗിരികോട്ടയുടെ സമീപത്തുകൂടിയാണ്. 2017 ഓഗസ്റ്റിലാണ് ചന്ദ്രഗിരികോട്ടയുടെ നവീകരണം ആരംഭിച്ചത്.
തുറമുഖ പുരാവസ്തു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."