എന്‍.സി.പി കോണ്‍ഗ്രസില്‍ ലയിച്ചേക്കും: നിര്‍ണായക നീക്കവുമായി രാഹുല്‍ ഗാന്ധി, ലയിച്ചാല്‍ പ്രതിപക്ഷ സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കാം
ന്യുഡല്‍ഹി: മോദി സര്‍ക്കാരിന്റെ അധികാരമേറ്റെടുക്കല്‍ ചടങ്ങുകള്‍ പുരോഗമിക്കവേ നിര്‍ണായക രാഷ്ട്രീയനീക്കവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. നാളെ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നുണ്ട്. യോഗത്തില്‍ ലോക്‌സഭയിലെ കക്ഷി നേതാവിനെ തെരഞ്ഞെടുക്കും. രാഹുല്‍ കക്ഷി നേതാവായില്ലെങ്കില്‍ ശശി തരൂരിനാണ് കൂടുതല്‍ സാധ്യത. അതിനിടെ ശരത് പവാര്‍ നയിക്കുന്ന എന്‍സിപി കോണ്‍ഗ്രസില്‍ ലയിച്ചേക്കുമെന്നും സൂചനകളുണ്ട്. ഇതു സംബന്ധിച്ച് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ദില്ലിയില്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ വസതിയിലെത്തിയ രാഹുല്‍ ഗാന്ധി അദ്ദേഹവുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതോടെയാണ് ഇതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായത്.
എന്‍സിപി ലയിച്ചാല്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കാനാവും.
എന്‍സിപി കോണ്‍ഗ്രസ് ലയനമായിരുന്നു കൂടിക്കാഴ്ചയിലെ മുഖ്യ അജന്‍ഡയെന്നും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ശരത് പവാര്‍ രാഹുലിനോട് ആവശ്യപ്പെട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1999ല്‍ സോണിയാഗാന്ധിയുടെ വിദേശ പൗരത്വം വിഷയമാക്കിയാണ് ശരത് പവാര്‍, പി എ സാങ്മ, താരീഖ് അന്‍വര്‍ എന്നീ പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടത്. ഇവര്‍ പിന്നീട് നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. ആദ്യം കോണ്‍ഗ്രസുമായി അകന്ന് നിന്നെങ്കിലും പിന്നീട് എന്‍സിപി, യുപിഎയുടെ നിര്‍ണായക ഭാഗമാകുകയായിരുന്നു.
അതിനിടെ രാഹുലിന് ഉപദേശവുമായി മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹയും രംഗത്തുവന്നു. രാഹുല്‍ രാജി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് വേണ്ടതെന്നും ഇനി പിന്‍മാറിയാല്‍ രാഹുലിന്റെ പൊതുസമൂഹത്തിലെ വിശ്വാസ്യതക്ക് കോട്ടമുണ്ടാകുമെന്നും യശ്വന്ത് സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു. കുറച്ചു കാലത്തേക്കെങ്കിലും പാര്‍ട്ടിയെ നയിക്കാന്‍ മറ്റൊരു സംവിധാനമുണ്ടാക്കണമെന്നും സിന്‍ഹ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."