സ്ത്രീകള്‍ക്ക് സുരക്ഷിത വിദ്യാഭ്യാസം ഉറപ്പു വരുത്തണം: ജിഫ്രി തങ്ങള്‍
കോഴിക്കോട്: സമൂഹത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിത വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഈ അധ്യയന വര്‍ഷം തുടങ്ങുന്ന സമസ്ത വിമന്‍സ് ഇസ്ലാമിക് ആര്‍ട്സ് കോളജ് മാനേജ്മെന്റ് പ്രതിനിധികളുടെ സംഗമം കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
ഇസ്ലാമും സമസ്തയും സ്ത്രീ വിദ്യാഭ്യാസത്തിന് എതിരല്ല. ഇസ്ലാമിന്റെ ചരിത്രവും അതുതന്നെയാണ് നമുക്ക് പറഞ്ഞുതരുന്നത്. പ്രവാചകന്റെ കാലഘട്ടത്തിലും സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചിരുന്നതായി കാണാം. അതുകൊണ്ട് സ്ത്രീകളെ വിദ്യാഭ്യാസ മേഖലയില്‍ നിന്ന് ഒഴിച്ച് നിര്‍ത്താനാവില്ല. സുരക്ഷിതമായി ഇസ്ലാമിക ചുറ്റുപാടിലുള്ള വിദ്യാഭ്യാസ രീതിയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു. സമസ്ത ജന. സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാര് അധ്യക്ഷനായി. കെ. ഉമര്‍ഫൈസി മുക്കം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പിണങ്ങോട് അബൂബക്കര്‍, പി. ഇസ്മാഈല്‍ കുഞ്ഞുഹാജി മാന്നാര്‍ സംസാരിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും എ.എം പരീദ് നന്ദിയും പറഞ്ഞു.
എസ്.എസ്.എല്‍.സിക്ക് ശേഷം മതപഠനത്തോടൊപ്പം പ്ലസ്ടു പഠനവും ഉള്‍പ്പെട്ട സംവിധാനമാണ് സമസ്ത വിമന്‍സ് ഇസ്ലാമിക് ആര്‍ട്സ് കോളജ്. രണ്ട് വര്‍ഷത്തെ ഫാളില ബിരുദവും തുടര്‍ന്ന് മൂന്ന് വര്‍ഷത്തെ ഫളീല ബിരുദവുമാണ് നല്‍കുക. പ്രഥമഘട്ടത്തില്‍ ഒരു റെയ്ഞ്ച് /പഞ്ചായത്ത് പരിധിയില്‍ ഒരു സ്ഥാപനമാണ് തുടങ്ങുന്നത്. ഈ വര്‍ഷം 87 സ്ഥാപനങ്ങള്‍ക്കാണ് ബോര്‍ഡ് അംഗീകാരം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."