ലഹരിക്കടത്തിന് പെണ്‍കുട്ടികളെ ഉപയോഗിക്കുന്നുവെന്ന് ഋഷിരാജ് സിങ്
കൊച്ചി: കേരളത്തില്‍ ലഹരിമരുന്ന് കടത്തിനായി പെണ്‍കുട്ടികളെ വലിയ തോതില്‍ ഉപയോഗിക്കുന്നുണ്ടെന്ന് എക്‌സൈസ് കമ്മിഷനര്‍ ഋഷിരാജ് സിങ് പറഞ്ഞു. ലഹരിക്കെതിരേയുള്ള പോരാട്ടം വീടുകളില്‍നിന്ന് തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെ.എം.എ) സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു എക്‌സൈസ് കമ്മിഷനര്‍.
കുട്ടികളിലുണ്ടാകുന്ന മാറ്റങ്ങള്‍ തിരിച്ചറിയാന്‍ അമ്മമാര്‍ക്കേ കഴിയൂ. നമ്മുടെ വീടുകള്‍ മാറണം. അവിടെ സൗഹൃദാന്തരീക്ഷം ഉണ്ടാകണം. പരസ്പര സംസാരം ഉണ്ടാകണം. കുട്ടികള്‍ ഏറ്റവും കൂടുതല്‍ ലഹരി ഉപയോഗിക്കുന്നത് ക്ലാസ് മുറികളിലാണ്. അവരെ പിന്തിരിപ്പിക്കാനും നേര്‍വഴിക്ക് കൊണ്ടുവരാനും അധ്യാപകര്‍ക്കാണ് കഴിയുക. എന്നാല്‍, ഇപ്പോള്‍ അധ്യാപകര്‍ക്ക് കുട്ടികളെ പേടിയാണെന്നും ഋഷിരാജ് സിങ് പറഞ്ഞു.
രാജ്യത്ത് ലഹരിമരുന്ന് ഉപയോഗം ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ നഗരമാണ് കൊച്ചി. പഞ്ചാബിലെ അമൃത്‌സര്‍ ആണ് ഒന്നാം സ്ഥാനത്ത്. എക്‌സൈസ് ശക്തമായി ഇടപെട്ടതോടെ കൊച്ചിയിലെ ഹോട്ടലുകളിലെ ലഹരിപാര്‍ട്ടികള്‍ നിന്നെങ്കിലും നഗരത്തിലെ വലിയ വീടുകളില്‍ രഹസ്യമായി ലഹരിപാര്‍ട്ടികള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മറ്റു സ്ഥലങ്ങളിലേത് പോലെ ലഹരിമരുന്ന് മാഫിയ ഇല്ല. വ്യക്തികളാണ് ഇവിടെ ലഹരിമരുന്ന് വിതരണം ചെയ്യുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ പുകയില ഉല്‍പന്നങ്ങളുടെ കടത്തുകാരായി മാറി. കേരളത്തിലേക്ക് വരുന്ന കഞ്ചാവിന്റെ 99 ശതമാനവും ആന്ധ്രയില്‍ നിന്നാണ് വരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ താഴേക്കിടയിലുള്ളവരാണ് ഇപ്പോള്‍ കഞ്ചാവ് ഉപയോഗിക്കുന്നത്. എല്‍.എസ്.ഡി പോലെയുള്ള മയക്കുമരുന്നുകളാണ് മറ്റുള്ളവര്‍ ഉപയോഗിക്കുന്നതെന്നും എക്‌സൈസ് കമ്മിഷനര്‍ പറഞ്ഞു.
കെ.എം.എ മുന്‍ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് അധ്യക്ഷനായി. പ്രോഗ്രാം ചെയര്‍മാന്‍ സി.എസ് കര്‍ത്ത, ഓണററി സെക്രട്ടറി വി. ജോര്‍ജ് ആന്റണി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."