ആയിരങ്ങളെ കൊലപ്പെടുത്തിയ ആഫ്രിക്കയിലെ തടാകം; നയോസിലെ നിഗൂഢതയ്ക്കു പിന്നില്‍
ഭൂമിയിലെ ഒട്ടുമിക്ക പ്രതിഭാസങ്ങള്‍ക്കും ശാസ്ത്രത്തിന്റെ കൈയ്യില്‍ ഉത്തരമുണ്ട്. ചിലത് മനുഷ്യനെ ആശയക്കുഴപ്പത്തിലാക്കും. ചിലത് മനുഷ്യനെ ഭയപ്പെടുത്തുകയും ചെയ്യും. ഇത്തരത്തില്‍ മനുഷ്യരെ ആകെ ഭയപ്പാടിലാക്കിയ ഒരു തടാകമുണ്ട് ആഫ്രിക്കയില്‍ ഗ്രാമത്തിന്റെ അതേ പേരില്‍ അറിയപ്പെടുന്ന നയോസ് തടാകം.
ഗ്രാമത്തില്‍ ശാന്തരൂപിയായി കാണപ്പെട്ടിരുന്ന നയോസ് തടാകം ഒരുനാള്‍ എല്ലാവര്‍ക്കും പേടിസ്വപ്‌നമായി. ആഫ്രിക്കന്‍ രാജ്യമായ കാമറൂണിലാണ് നയോസ് തടാകം സ്ഥിതി ചെയ്യുന്നത്. അഗ്‌നിപര്‍വത സ്ഫോടനത്തില്‍ ചരിത്രാതീത കാലത്ത് ജനിച്ച വലിയൊരു ജലാശയം. രണ്ട് കിലോമീറ്റര്‍ നീളവും ഒരു കിലോമീറ്റര്‍ വീതിയും ശരാശരി നൂറ് മീറ്റര്‍ ആഴവുമുള്ളതാണ് നയോസ്.
1986 ഓഗസ്റ്റ് 21നാണ് നയോസ് സംഹാരതാണ്ഡവമാടിയത്. ചില അസ്വാഭാവിക ശബ്ദങ്ങള്‍ തടാകത്തില്‍ നിന്നും പ്രദേശവാസികള്‍ കേട്ടു. ക്ഷണനേരം കൊണ്ട് തടാകത്തിനു മുകളില്‍ ഇരുണ്ട പുകയുടെ മേഘപാളി രൂപപ്പെട്ടു. 1,00,000 മുതല്‍ 3,00,000 ടണ്ണോളം കാര്‍ബണ്‍ ഡൈ ഓക്‌സസൈഡ് അടങ്ങിയ പുകയാണ് പുറത്തേക്ക് വമിച്ചത്. മണിക്കൂറില്‍ 100 കിലോമീറ്ററോളവും പിന്നീട് തടാകത്തിന്റെ 25 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലേക്കും അത് വ്യാപിച്ചു. അതിന്റെ ആഘാതത്തില്‍ തടാകത്തിന് ചുറ്റുമുള്ള നയോസ്, കാം, ചാ, സബം ഗ്രാമങ്ങളിലെ 1,746 മനുഷ്യരും 3,500 വളര്‍ത്തു ജീവികളും മരിച്ചു വീണു.
അഗ്‌നിപര്‍വതങ്ങളുടെ മുഖത്തിലാണ് ഈ തടാകങ്ങള്‍ സ്ഥിതിചെയ്യുന്നത്. അഗ്‌നിപര്‍വതങ്ങളുടെ ഉള്‍ഭാഗത്തു നിന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡ് നൂറ്റാണ്ടുകളായി തടാകത്തിലേക്ക് ഊറിക്കൊണ്ടിരിക്കുന്നു.
ഇത്തരത്തില്‍ തടാകത്തിനടിത്തട്ടില്‍ ഉണ്ടായിരുന്ന വന്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ശേഖരം പാറക്കല്ലുകള്‍ ഇടിഞ്ഞു വീണതിനെത്തുടര്‍ന്ന് വലിയ കുമിളകളായി ഉപരിതലത്തില്‍കൂടി പുറത്തുവന്നതാണ് അപകടമുണ്ടാകാന്‍ കാരണമെന്നാണ് ഗവേഷകരുടെ നിഗമനം.
ഒരു മുന്നറിയിപ്പ് സൂചനകളും ഇല്ലാതെ വന്ന ഈ ദുരന്തം അധികാരികളുടെ കണ്ണു തുറപ്പിച്ചു. ഒരു മുന്‍ ഫ്രഞ്ച് കോളനിയായ കാമറൂണിന്റെ രക്ഷയ്ക്ക് ഫ്രഞ്ച് ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ധരുമെത്തി. അവര്‍ തടാകത്തില്‍ ഒരു വലിയ പോളിത്തീന്‍ കുഴല്‍ ഘടിപ്പിച്ചു. അതിന്റെ അടിവശം, 200 മീറ്റര്‍ ആഴത്തില്‍ എത്തിയിരുന്നു. തടാകത്തിന്റെ അടിത്തട്ടില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ധിക്കുമ്പോള്‍ വാതകം പോളിത്തീന്‍കുഴല്‍ വഴി അന്തരീക്ഷത്തിലേക്ക് നിര്‍ഗമിക്കും. പാരീസ് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍, ഉപഗ്രഹം വഴി കാമറൂണ്‍ തടാകത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് തുടര്‍ച്ചയായി നിരീക്ഷിക്കുന്നു. അപകടകരമാം വിധം കാര്‍ബണ്‍ ഡൈ ഓക്സൈഡ് തടാകത്തില്‍ ശേഖരിക്കപ്പെട്ടുവെന്ന് കണ്ടാല്‍, പോളിത്തീന്‍ കുഴലിന്റെ വാല്‍വ് തുറന്ന് വാതകത്തെ പുറത്തേയ്ക്ക് തള്ളുന്നു.
കാര്‍ബണ്‍ഡൈ ഓ്ക്‌സൈഡിന്റെ ഉല്‍സര്‍ജനം മൂലം കുപ്രസിദ്ധി നേടിയ മൂന്ന് തടാകങ്ങളാണ് ആഫ്രിക്കയിലുള്ളത്. ഇതില്‍ ഒന്നാമന്‍ നയോസ് തന്നെ.. രണ്ടാമന്‍ കാമറൂണില്‍ തന്നെയുള്ള മോനൗണ്‍ തടാകം. മൂന്നാമത്തെ തടാകമായ കിവുവില്‍ നിന്നും ഇതുവരെ അപകടമൊന്നും ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."