കാട്ടാനയ്ക്കൊപ്പം സെല്‍ഫി: യുവാവിനെതിരേ കേസ്
ഇരിട്ടി: വിളക്കോട് ചാക്കാട് കാട്ടാനയുടെ ഒപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെതിരേ മുഴക്കുന്ന് പൊലിസ് കേസെടുത്തു. വട്ട്യറ സ്വദേശി വടവതി സുരേഷിനെതിരേ(35) ആണ് മദ്യലഹരിയില്‍ സാമൂഹ്യവിരുദ്ധ ശല്യം നടത്താന്‍ ശ്രമിച്ചെന്ന വകുപ്പുചുമത്തി കേസെടുത്തത്. കാട്ടാന ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതിവിതച്ച് ഒരു മേഖലയെയാകെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി വ്യാപക ആക്രമണം നടത്തുമ്പോള്‍ ആളപായം ഒഴിവാക്കാന്‍ കാഴ്ചക്കാരായ ആളുകളാരും അക്രമകാരിയായ കാട്ടാനയുടെ സമീപത്തേക്കു പോകരുതെന്നു പൊലിസും വനം വകുപ്പും ഉദ്യോഗസ്ഥരും പലതവണ മൈക്ക് പ്രചാരണം നടത്തുന്നതിനിടയിലാണു യുവാവ് ഉദ്യോഗസ്ഥരെയും നാട്ടുകാരെയും വെട്ടിച്ച് കാട്ടാനയുടെ മുന്നിലെത്തി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. വിരണ്ടു നില്ക്കുന്ന ആന യുവാവിനെ കണ്ടയുടന്‍ പിറകെ ഓടിയെങ്കിലും തലനാരിഴയ്ക്ക് ആനയുടെ തുമ്പിക്കൈയില്‍ പെടാതിരുന്നതിനാല്‍ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരും പൊലിസും ഇയാളെ പിടികൂടിയപ്പോള്‍ വിദേശത്തുള്ള സുഹൃത്തിന് ആനയ്ക്കൊപ്പമുള്ള സെല്‍ഫി അയക്കാനാണ് താന്‍ ആനയ്ക്കടുത്ത് പോയതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."