അപ്രതീക്ഷിതമായി വിദേശകാര്യ മന്ത്രിയായ എസ്. ജയശങ്കര്‍, ആരാണദ്ദേഹം?
ന്യൂഡല്‍ഹി: അപ്രതീക്ഷിതമായാണ് സുബ്രഹ്മണ്യം ജയശങ്കര്‍ മന്ത്രി പട്ടികയില്‍ ഇടംപിടിച്ചത്. ഇന്ത്യയുടെ മുന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന ജയശങ്കറിന് ലഭിച്ചത് വിദേശകാര്യ വകുപ്പും.
മോദിയുടെ ഒന്നാം ഭരണകാലത്ത് പല നയതന്ത്ര കാര്യങ്ങളിലും സുപ്രധാനമായ തീരുമാനമെടുക്കുന്നതില്‍ ജയശങ്കറിന്റെ സഹായമുണ്ടായിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം വിദേശകാര്യ സെക്രട്ടറി ആയിരുന്ന ജയശങ്കര്‍ മോദി സര്‍ക്കാരിന്റെ വിദേശകാര്യനയങ്ങള്‍ ആഗോളതലത്തില്‍ നിയന്ത്രിച്ചിരുന്ന വ്യക്തി കൂടിയാണ്. ഇന്ത്യന്‍ വിദേശകാര്യ സര്‍വ്വീസ് 1977 ബാച്ച് ഉദ്യോഗസ്ഥനായ ജയശങ്കര്‍ 2009- 2013 കാലഘട്ടത്തില്‍ ഇന്ത്യയുടെ ചൈനീസ് അംബാസഡറായിരുന്നു. 2014-15 കാലഘട്ടത്തില്‍ യു.എസ് അംബാസഡറും. ഇന്ത്യ- യു.എസ് സൈനികേതര ആണവ കരാര്‍ യാഥാര്‍ഥ്യമാകുന്നതില്‍ നിര്‍ണായ പങ്കുവഹിച്ചിട്ടുണ്ട്.
അരുണാചല്‍ പ്രദേശിലെ ദോക്‌ലാമില്‍ ചൈനീസ് കയ്യേറ്റമുണ്ടാവുകയും ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്തപ്പോള്‍ ജയശങ്കറിന്റെ ഇടപെടലാണ് അനുനയത്തിലേക്ക് നീങ്ങിയത്. ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതി ആയിരുന്ന സമയത്ത് അതിര്‍ത്തിയിലും സാംസ്‌കാരികമായും വ്യാവസായികമായും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ജയശങ്കര്‍ സജീവമായി പ്രവര്‍ത്തിച്ചു.
ഔദ്യോഗിക പദവിയില്‍ നിന്ന് വിരമിച്ച ശേഷം ടാറ്റാ സണ്‍സിന്റെ ഗ്ലോബല്‍ കോര്‍പ്പറേറ്റ് അഫേഴ്‌സ് പ്രസിഡന്റ് ആയി സ്ഥാനമേറ്റു. പത്മശ്രീ പുരസ്‌കാര ജേതാവ് കൂടിയാണ് ജയശങ്കര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."