ഇസ്‌റാഈലുമായി ബന്ധം സ്ഥാപിക്കൽ: സഊദിക്കെതിരെ ആക്രമണം നടത്തുമെന്ന് ഐ എസ് ഭീഷണി
ദുബായ്: ഇസ്‌റാഈലുമായി ബന്ധം സ്ഥാപിക്കുന്നതിന് സഊദി അറേബ്യ കൂട്ട് നിൽക്കുന്നവെന്നാരോപിച്ച് ഭീകരാക്രമണ ഭീഷണി മുഴക്കി ഭീകരവാദ സംഘടനയായ ഐ എസ്. സഊദിയിലെ പടിഞ്ഞാറൻ ജനതയെയും എണ്ണ ഉത്പാദന, വിതരണ സംവിധാനങ്ങൾക്കെതിരെയും ഭീകരാക്രമണം നടത്തുമെന്നാണ് ഭീഷണി. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരവാദ സംഘടന വക്താവാണ് ഭീകരാക്രമണ ഭീഷണിയുമായി രംഗത്തെത്തിയത്. "ലക്ഷ്യങ്ങൾ ധാരാളം, സ്വേച്ഛാധിപത്യ ഗവൺമെന്റിന്റെ പ്രധാന വരുമാന ഉറവിടമായ എണ്ണ പൈപ്പ് ലൈനുകൾ, ഉൽപാദന കേന്ദ്രങ്ങൾ ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നശിപ്പിച്ചുകൊണ്ട് സഊദിക്കെതിരെ ആക്രമണം തുടങ്ങുമെന്നാണ്" ഭീഷണിയെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തതു.
ഐഎസ് ഭീകര സംഘടന വക്താവ് അബൂ ഹംസ അൽമുഹാജിർ ആണ് സഊദിക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയത്. ഐഎസ് ഒഫീഷ്യൽ ടെലഗ്രാമിൽ ഇദ്ദേഹം നടത്തിയ റെക്കോർഡ് ചെയ്‌ത പ്രസംഗത്തിലാണ് ആക്രമണത്തിന് ആഹ്വാനം നൽകുന്നത്. അറബ് രാജ്യങ്ങൾ ഇസ്‌റാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ സഊദി അറേബ്യ അനുകൂലിക്കുന്നുവെന്ന് ഇദ്ദേഹം പ്രസംഗത്തിൽ ആരോപിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഈ രാജ്യങ്ങളിലേക്ക് ഇസ്‌റാഈൽ വിമാനം പറത്താൻ സഊദി തങ്ങളുടെ വ്യോമ പാത തുറന്നു കൊടുത്തതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ ഇസ്‌റാഈലുമായി ബന്ധം സ്ഥാപിച്ചത് സൂചിപ്പിച്ചാണ് ഐഎസ് നേതാവ് സഊദിക്കെതിരെ ആക്രമണത്തിനു ആഹ്വാനം നൽകിയത്.
അതേസമയം, സഊദിക്കെതിരെ ഐ എസ് നടത്തിയ ഭീകരാക്രമണ ഭീഷണിയെ അപലപിക്കുന്നതായി അമേരിക്ക വ്യക്തമാക്കി. സഊദി അറേബ്യക്കെതിരെ ഐഎസ് നടത്തുന്ന അത്തരം ആഹ്വാനങ്ങളെ അപലപിക്കുന്നുവെന്നും ഐസിസിന്റെ ഇരുണ്ടതും നിരാശാജനകവുമായ ലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്നതിന് സഊദി അറേബ്യയുമായും ആഗോള സഖ്യവുമായും സഹകരിച്ച് പ്രവർത്തിക്കുമെന്നും അമേരിക്കൻ സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മൊർഗൻ ഒർട്ടാഗാസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."