51-ാം വയസില്‍ മൈതാനത്ത് തിരിച്ചെത്തി ലൈബീരിയന്‍ പ്രസിഡന്റ്
ജോഹന്നാസ്ബര്‍ഗ്: കഴിഞ്ഞ ദിവസം നൈജീരിയക്കെതിരേയുള്ള സൗഹൃദ മത്സരത്തില്‍ ലൈബീരിയന്‍ ടീമിനെ നയിച്ചത് ലൈബീരിയന്‍ പ്രസിഡന്റ് ജോര്‍ജ് വഹയായിരുന്നു. തന്റെ 51-ാം വയസില്‍ കളിക്കളത്തില്‍ തിരിച്ചെത്തി ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിക്കുന്ന രീതിയിലായിരുന്നു വഹയുടെ പ്രകടനം.
ഫുട്ബോള്‍ താരം കൂടിയായ വഹ 2015 ജനുവരിയിലായിരുന്നു ലൈബീരിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. കളിയില്‍ സജീവമായിരുന്ന കാലത്ത് തന്നെ രാഷ്ട്രീയത്തിലും കളിച്ചിരുന്ന വഹ ഇപ്പോള്‍ ലൈബീരിയന്‍ പ്രസിഡന്റാണ്.
1981 മുതല്‍ ഫുട്ബോള്‍ കരിയറുള്ള വഹ 51-ാം വയസിലും മൈതാനത്ത് സജീവമാണ്. മോണോക്കോ, പി.എസ്.ജി, എ.സി മിലാന്, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി, മാഴ്സലേ, അല്‍ ജസീറ ക്ലബുകള്‍ക്ക് വേണ്ടി വഹ കളിച്ചിട്ടുണ്ട്. വിവിധ ക്ലബുകള്‍ക്കായി 411 മത്സരം കളിച്ച വഹ 193 ഗോളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.
1987 മുതല്‍ 2018 വരെ ലൈബീരിയന്‍ ദേശീയ ടീമിനായി കളിച്ച വഹ 61 മത്സരങ്ങളില്‍ ദേശീയ ടീമിനെ പ്രതിനിധീകരിച്ച് കളിച്ചിട്ടുണ്ട്. 22 ഗോളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട് ഇതിഹാസ താരം. ഫിഫ റാങ്കിങ്ങില്‍ 158-ാം സ്ഥാനത്താണ് ലൈബീരിയ. ഐവറി കോസ്റ്റ്, കാമറൂണ്‍ ടീമുകള്‍ക്ക് വേണ്ടിയും വഹ കളിച്ചിട്ടുണ്ട്.
1995ലെ യൂറോപ്യന്‍, ആഫ്രിക്കന്‍ ഫുട്ബോളര്‍ക്കുള്ള അവാര്‍ഡും വഹ സ്വന്തമാക്കിയിട്ടുണ്ട്. 2-1 എന്ന സ്കോറിന് സൗഹൃദ മത്സരം തോറ്റെങ്കിലും തന്റെ 51-ാം വയസിലും മൈതാനത്തിറങ്ങി സ്വന്തം രാജ്യത്തിന് വേണ്ടി കളിച്ചതിന്റ ആത്മ നിര്‍വൃതിയിലാണ് വഹ.
വഹയുടെ മകന് തീം വഹ അമേരിക്കന്‍ ദേശീയ ടീമിലും കളിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം അമേരിക്കയും മെക്സിക്കോയും തമ്മില്‍ നടന്ന സൗഹൃദ മത്സരത്തില്‍ വഹയുടെ മകനും അമേരിക്കക്കായി കളത്തിലിറങ്ങിയിരുന്നു. പിതാവും മകനും ഒരേ ദിവസം വിവിധ രാജ്യങ്ങള്‍ക്കായി കളിക്കാനിറങ്ങുന്നു എന്ന പ്രത്യേകതയും കഴിഞ്ഞ ദിവസത്തെ രണ്ട് സൗഹൃദ മത്സരങ്ങള്ക്കുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."