യാത്രക്കാര്‍ക്ക് പെരുവഴി; സ്വകാര്യ ബസുകള്‍ക്ക് കല്യാണതിരക്ക്
ബോവിക്കാനം: ഞായറാഴ്ച്ചയടക്കമുള്ള അവധി ദിവസങ്ങളില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് റദ്ദ് ചെയ്ത് മറ്റ് ആവശ്യങ്ങള്‍ക്ക് പോകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. എരിഞ്ഞിപ്പുഴ-കുറ്റിക്കോല്‍ റൂട്ടിലും ഒറ്റ ബസ്സ് മാത്രമുള്ള ചില റൂട്ടിലെ ബസുകളുമാണ് സര്‍വീസുകള്‍ റദ്ദാക്കി യാത്രക്കാരെ പെരുവഴിയിലാക്കുന്നത്. വിവാഹ ആവശ്യത്തിനും മറ്റും ഓട്ടം പോകുന്നതിന് വേണ്ടിയാണ് സര്‍വീസ് മുടക്കുന്നതെന്നാണ് യാത്രക്കാര്‍ പറയുന്നത്.
ഒരു ബസ് മാത്രമുള്ള പ്രദേശങ്ങളിലേക്കുള്ള ബസുകള്‍ ട്രിപ്പ് മുടക്കുന്നതാണ് യാത്രക്കാരെ ഏറെ പ്രയാസത്തിലാക്കുന്നുണ്ട്. കെ.എസ്.ആര്.ടി.സി ബസുകള്‍ നാമമാത്ര സര്‍വീസ് നടത്തുന്ന ഈ റൂട്ടുകളില്‍ സ്വകാര്യ ബസുകളെയാണ് യാത്രക്കാര്‍ ആശ്രയിക്കുന്നത്. സ്വകാര്യ ബസുകള്‍ ട്രിപ്പ് മുടക്കിയതറിയാതെ യാത്രക്കാര്‍ മണിക്കൂറുകളോളം ബസ് കാത്തുനിന്ന് അവസാനം വന്‍ വാടക നല്കി ടാക്സി വാഹനങ്ങളില്‍ പോകേണ്ട സ്ഥിതിയാണ്. സ്വകാര്യ ബസുകള്‍ കുറഞ്ഞ നിരക്കില്‍ കല്യാണാവശ്യത്തിനും മറ്റും പോകുന്നത് കാരണം വന്‍തുക പെര്‍മിറ്റ് അടച്ച് സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ക്ക് ആവശ്യക്കാരില്ലാത്ത അവസ്ഥയാണെന്നാണ് ടൂറിസ്റ്റ് ബസുടമകള്‍ പറയുന്നത്. അവധി ദിവസങ്ങളില്‍ സര്‍വീസുകള്‍ റദ്ദ് ചെയ്യുന്ന ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്കാന് ഒരുങ്ങുകയാണ് യാത്രക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."