കരിപ്പൂരിലെ രക്ഷാചാലകത്തിന്റെ കരുത്ത് മറ്റു വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കുന്നു
കൊണ്ടോട്ടി: വ്യോമഗതാഗതത്തില്‍ ഇടിമിന്നല്‍ രക്ഷാചാലകത്തിന്റെ കരുത്ത് തെളിയിച്ച കരിപ്പൂര്‍ വിമാനത്താവളത്തെ മാതൃകയാക്കാന്‍ രാജ്യത്തെ മറ്റു വിമാനത്താവളങ്ങള്‍ക്ക് നിര്‍ദേശം. എയര്‍പോര്‍ട്ട് അതോറിറ്റിയിലെ കമ്മ്യൂണിക്കേഷന്‍, നാവിഗേഷന്‍, സര്‍വിലന്‍സ് (സി.എന്‍.എസ്) വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ട് ദിവസങ്ങളിലായി രാമനാട്ടുകര റിസോര്‍ട്ടില്‍ നടന്നുവന്ന സാങ്കതിക വിദഗ്ധരുടെ ദേശീയ ശില്‍പശാലയിലാണ് ഇടിമിന്നല്‍ രക്ഷാചാലകത്തിന്റെ കരിപ്പൂര്‍ മാതൃക പിന്തുണക്കാന്‍ നിര്‍ദേശിച്ചത്.
സാങ്കേതിക മികവിനെ തുടര്‍ന്ന് കരിപ്പൂരിന്റെ വ്യോമ ഗതാഗതത്തില്‍ അഞ്ച് വര്‍ഷത്തിനിടെ ഇടിമിന്നല്‍ കൊണ്ടുണ്ടാകുന്ന അപകടങ്ങള്‍ കുറഞ്ഞതാണ് കരിപ്പൂര്‍ വിമാനത്താവളത്തെ മറ്റുവിമാനത്താവളങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമാക്കിയത്. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കി നല്‍കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ സാങ്കേതിക വിദഗ്ധരെ ചുമതലപ്പെടുത്തി.
ശക്തമായ ഇടിമിന്നലില്‍ വ്യോമഗതാഗത നിയന്ത്രണത്തിനുപയോഗിക്കുന്ന ഐ.എല്‍.എസ്, ഡി.വി.ഒ.ആര്‍, റഡാര്‍, വി.എച്ച്.എഫ്, എന്‍.ഡി.ബി എന്നീ ഉപകരണങ്ങള്‍ക്ക് തകരാറിലാവുന്നത് പതിവായിരുന്നു.
എന്നാല്‍ 2013ല്‍ കരിപ്പൂരില്‍ വികസിപ്പിച്ചെടുത്ത വ്യത്യസ്ത ഉപകരണങ്ങളുടെ സഹായത്തോടെ ഇടിമിന്നല്‍ മൂലമുള്ള നാശനഷ്ടങ്ങള്‍ ഇല്ലാതാക്കി രക്ഷാകവചമാക്കാന്‍ കരിപ്പൂരിന് സാധിച്ചു. ഇതുസംബന്ധിച്ച് ശില്‍പശാലയില്‍ പ്രത്യേക വിശദീകരണമുണ്ടായതോടെയാണ് മറ്റുവിമാനത്താവളങ്ങള്‍ കരിപ്പൂര്‍ മാതൃക പിന്തുടരാന്‍ തീരുമാനിച്ചത്.
ഡല്‍ഹി, കൊല്‍ക്കത്ത, ഗുവാഹത്തി, ചെന്നൈ, ബംഗളുരു, ഹൈദരബാദ്, മംഗലാപുരം, കൊച്ചി, കണ്ണൂര്‍, തിരുവനന്തപുരം, മുംബൈ വിമാനത്താവളങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന സാങ്കേതിക വിദഗ്ധര്‍ ശില്‍പശാലയില്‍ പങ്കെടുത്തിരുന്നു.
ശില്‍പശാലയുടെ സമാപനം ദക്ഷിണമേഖല സി.എന്‍.എസ് ടെയിനിങ് മേധാവി വി. മുരുകാന്ദന്‍ ഉദ്ഘാടനം ചെയ്തു. കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസ റാവു അധ്യക്ഷനായി. ജോയിന്റ് ജനറല്‍ മാനേജര്‍ മുനീര്‍ മാടമ്പാട്ട്, എ.ജി.എം നന്ദകുമാര്‍, എന്‍.ഐ.ടി ഇലക്ട്രിക്കല്‍ മേധാവി ഡോ. അശോക്, കെ. അനില്‍കുമാര്‍, സ്മിത പ്രകാശ്, ദില്ലി ജോ. ജനറല്‍ മാനേജര്‍ ജെ.ബി സിങ് പ്രബന്ധം അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."