കാട്ടാനകളുടെ കണക്കെടുപ്പ് 17 മുതല്‍
സുല്‍ത്താന്‍ ബത്തേരി: ദക്ഷിണേന്ത്യയില്‍ കാട്ടാനകളുടെ കണക്കെടുപ്പ് ഈ മാസം 17 മുതല്‍ ആരംഭിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കണക്കെടുപ്പ് 19നാണ് അവസാനിക്കുക. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് പ്രൊജക്ടിന്റെ നേതൃത്വത്തിലാണ് കണക്കെടുപ്പ്. സംസ്ഥാനത്തെ വയനാട്, നിലമ്പൂര്‍, ആനമുടി, പെരിയാര്‍ എന്നീ ആന സങ്കേതങ്ങളിലായി 6,000ത്തിലേറെ ആനകളുണ്ടെന്നാണ് കണക്ക്. അഞ്ച് വര്‍ഷം മുന്‍പ് നടന്ന കണക്കെടുപ്പില്‍ 6177 കാട്ടാനകളെ കണ്ടെത്തിയിരുന്നു. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലും ഇതേ സമയം കണക്കെടുപ്പ് നടക്കും. മൂന്ന് സംസ്ഥാനങ്ങളിലെയും വനങ്ങള്‍ ഒന്നിച്ചുകിടക്കുന്നതിനാല്‍ ആനകള്‍ അങ്ങോട്ടുമിങ്ങോട്ടും കയറിയിറങ്ങാനുള്ള സാധ്യതയുണ്ട്. ഇത് പരിഹരിക്കാനായി മൂന്ന് സംസ്ഥാനങ്ങളും ഒന്നിച്ചിരുന്നാണ് കണക്ക് ക്രോഡീകരിക്കുക.
പെരിയാര്‍ കടുവാസങ്കേതത്തിലെ ഫീല്‍ഡ് ഡയറക്ടര്‍ അമിത് മല്ലിക്ക് നോഡല്‍ ഓഫിസറും ചെയര്‍മാനുമായുള്ള 12 അംഗങ്ങളുള്ള കോര്‍ കമ്മിറ്റി ഇതിനായി രൂപവല്‍ക്കരിച്ചിട്ടുണ്ട്.സംസ്ഥാനത്തെ വന വിസ്തൃതി 11,119.3 ചതുരശ്ര കിലോമീറ്ററാണ്. ഇതില്‍ 9670 ചതുരശ്ര കിലോ മീറ്ററിലാണ് ആനകളുടെ ആവാസവ്യവസ്ഥയുള്ളത്. ഇവിടങ്ങളില്‍ നേരിട്ടെത്തിയും അല്ലാതെയുമായാണ് കണക്കെടുപ്പ് നടക്കുക. ആനപ്പിണ്ടം പരിശോധിച്ചും കണക്കെടുപ്പ് നടത്തും.
കണക്കെടുപ്പ് നടത്തുന്നതിനായി ആറുമുതല്‍ ഏഴുവരെ ചതുരശ്ര കിലോമീറ്റര്‍ ദൂരം വരുന്ന 641 ബ്ലോക്കുകളായി സംസ്ഥാനത്തെ വന വിസ്തൃതിയെ തിരിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ മൂന്ന് പേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുക. ഇതില്‍ ഒരു വാച്ചറും രണ്ട് ഫോറസ്റ്റ് ഓഫിസര്‍മാരുമാണ് ഉണ്ടാവുക. ഇത്തരത്തില്‍ കണക്കെടുപ്പ് നടത്തുന്നതിനായി സംസ്ഥാനത്ത് 120 പേര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. ഇവര്‍ സംസ്ഥനത്തെ 2000 ഫീല്‍ഡ് സ്റ്റാഫുകള്‍ക്ക് പരിശീലനം നല്‍കും.
17ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയും 18ന് ആനപ്പിണ്ടം പരിശോധിച്ചും കണക്കെടുക്കും. 19ന് വാച്ച് ടവറിന്റെയും ദൂരക്കാഴ്ച ലഭിക്കുന്ന സ്ഥലങ്ങളില്‍ നിന്നും വീക്ഷിച്ചും കണക്കെടുപ്പ് നടത്തും. പിന്നീടാണ് കണക്ക് ക്രോഡീകരിക്കുക. കേരളത്തില്‍ പെരിയാര്‍ കടുവാസങ്കേതം ഫൗണ്ടേഷനാണ് ആനകളുടെ കണക്കെടുപ്പ് ഏകോപിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."