ദുരിതത്തിനറുതി; ജെ ആന്‍ഡ് പി കമ്പനിയിലെ അഞ്ചു മലയാളികള്‍ പെരുന്നാളിന് നാട്ടിലെത്തും
റിയാദ്: ശമ്പളം മുടങ്ങിയതോടെ ഏറെ ദുരിതത്തിലായ സഊദിയിലെ ജെ ആന്‍ഡ് പി കമ്പനിയിലെ ബാക്കിയുള്ള ഇന്ത്യന്‍ തൊഴിലാളികളില്‍ മലയാളികള്‍ പെരുന്നാളിന് നാട്ടിലെത്തും.
റിയാദിലെ എക്‌സിറ്റ് 18 ല്‍ അവശേഷിക്കുന്ന മലയാളികളാണ് നാട്ടില്‍ പോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കാത്തിരിക്കുന്നത്. തൃശൂര്‍ സ്വദേശികളായ പുത്തന്‍ പറമ്പില്‍ നവാബ് ജാന്‍, പുളിപ്പറമ്പില്‍ വീട്ടില്‍ മഹേഷ്, ആലപ്പുഴ സ്വദേശി കോയിത്തറ വീട്ടില്‍ മനോജ് മോഹന്‍, കോഴിക്കോട് സ്വദേശി അബ്ദുല്‍ റസാഖ്, ശ്രീജിത് വി പിള്ള എന്നിവര്‍ക്കാണ് നാട്ടില്‍ പോകാനുള്ള അവസരം ഒരുങ്ങിയത്. മൂന്ന് മുതല്‍ 26 വര്‍ഷം വരെ ഇതേ കമ്പനിയില്‍ ജോലി ചെയ്ത ഇവര്‍ക്കുള്ള ആനുകൂല്യങ്ങള്‍, ശമ്പള കുടിശ്ശിക എന്നിവ ബാക്കിയാക്കിയാണ് ഇവര്‍ നാട്ടിലേക്ക് തിരിക്കുന്നത്. കമ്പനിക്കെതിരെയുള്ള നിയമ നടപടികള്‍ക്ക് തൊഴിലാളികള്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയിട്ടുണ്ട്.
സഊദി തൊഴില്‍ മന്ത്രാലയമാണ് ഇവര്‍ക്ക് നാട്ടിലേക്ക് പോകാനുള്ള വിമാന ടിക്കറ്റ് നല്‍കിയത്. കഴിഞ്ഞ നാല് മാസത്തിനിടെ ഇതേ കമ്പനിയിലെ വിവിധ ക്യാംപുകളില്‍ നിന്നും അഞ്ഞൂറോളം തൊഴിലാളികള്‍ ഇന്ത്യന്‍ എംബസിയുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും സഹായത്തോടെ നാടിലെത്തിയിരുന്നു. സൈപ്രസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെ ആന്‍ഡ് പി ഗ്രൂപ്പിന് കീഴില്‍ റിയാദില്‍ ജോലി ചെയ്തിരുന്ന എഴുനൂറ് ഇന്ത്യക്കാരടക്കം 1200 വിദേശ തൊഴിലാളികളാണ് ദുരിതത്തില്‍ കഴിഞ്ഞിരുന്നത്. ഇതില്‍ എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ 30 പേര്‍ മലയാളികളാണ്. രണ്ടു ദിവസം മുമ്പ് മലപ്പുറം പൊന്നാനി സ്വദേശി കാട്ടാമാളിയേക്കാള്‍ മുഹമ്മദ് നാട്ടിലെത്തിയിരുന്നു.
നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കുള്ള ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടില്ലെങ്കിലും കോടതിവഴി അത് നല്‍കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇതിനായി തൊഴിലാളികളോട് അവര്‍ എക്‌സിറ്റില്‍ പോയാലും കേസ് നടത്താനായി പവര്‍ ഓഫ് അറ്റോര്‍ണി നല്‍കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് തീര്‍പ്പായാല്‍ ഇവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ എംബസി മുഖേന നാട്ടിലേക്ക് അയച്ചുകൊടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."