മലേഷ്യയിലെ ഹരിറായ ഔട്ട് ഹൗസുകള്‍
സുഹൈല്‍ ഹിദായ ഹുദവി
മുസ്‌ലിം ലോകത്ത് ഏറ്റവുമധികം വര്‍ണാഭമായി പെരുന്നാള്‍ ആഘോഷിക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടത്തിലാണ് മലേഷ്യയുടെ സ്ഥാനം. റമദാനിലെ ഒരു മാസക്കാലമത്രയും വ്രതമെടുക്കുന്നതിനാലാവണം, ശവ്വാലിലെ മുപ്പതു ദിവസവും നീണ്ടുനില്‍ക്കുന്നതാണ് മലേഷ്യന്‍ പെരുന്നാള്‍. ഈദുല്‍ ഫിത്വര്‍ എന്നതിനെക്കാള്‍ 'ഹരിറായ ഐദില്‍ ഫിത്‌രി' എന്ന പേരിലാണ് ഈ തെക്കുകിഴക്കനേഷ്യന്‍ രാജ്യത്ത് ചെറിയ പെരുന്നാള്‍ അറിയപ്പെടുന്നത്. രാജ്യത്തെ അതിവിപുലമായ ഫെസ്റ്റിവല്‍ സീസണും പെരുന്നാള്‍ക്കാലം തന്നെ.
പെരുന്നാളിന് ആഴ്ചകള്‍ക്കു മുന്‍പേ തുടങ്ങുന്നതാണ് രാജ്യത്തെ മുന്നൊരുക്കങ്ങള്‍. തെരുവുകളൊന്നടങ്കം അലങ്കാരവിളക്കുകളും തോരണങ്ങളും അണിയിച്ചൊരുക്കുക ആഘോഷത്തിന്റെ നിര്‍ബന്ധ ഘടകമാണ്. കോടിക്കണക്കിനു റിങ്കിറ്റിന്റെ വ്യാപാരവും പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്നു. ക്വാലലംപൂരിലെ മസ്ജിദ് ജാമെക്, മസ്ജിദ് ഇന്ത്യ, ടൈംസ് സ്‌ക്വയര്‍ തെരുവുകളിലെ പൊടിപൊടിക്കുന്ന പെരുന്നാള്‍ വ്യാപാരം പ്രസിദ്ധമാണ്. പരമ്പരാഗത മലെയ് വസ്ത്രങ്ങളും ഖമീസ് ഉള്‍പ്പെടെയുള്ള ഇസ്‌ലാമിക വേഷവിധാനങ്ങള്‍ക്കുമാണ് ഹരിറായ സീസണില്‍ രാജ്യത്തേറ്റവുമധികം ആവശ്യക്കാരുണ്ടാവുക. 'ബാജു മെലയു' എന്ന പേരിലറിയപ്പെടുന്ന പരമ്പരാഗത വസ്ത്രമാണ് സ്വദേശി പുരുഷന്മാര്‍ പെരുന്നാള്‍ ദിനം ധരിക്കുക. ഒരേ നിറത്തിലുള്ളതും അയഞ്ഞതുമായ പാന്റും ഷര്‍ട്ടും, അരക്കെട്ടിനു മീതെ ചുറ്റിയ 'സോങ്കെറ്റ്' എന്നറിയപ്പെടുന്ന ലഘുവസ്ത്രം, തലക്കു മുകളിലണിഞ്ഞ സവിശേഷ തൊപ്പിയായ 'സോങ്‌കോ' എന്നിവയടങ്ങിയതാണ് ബാജു മെലയു. 'ബാജു കുറുങ്' എന്ന പരമ്പരാഗത വസ്ത്രമണിഞ്ഞ് സ്ത്രീകളും ഹരിറായയെ വരവേല്‍ക്കുന്നു.
രാജ്യത്തെ പെരുന്നാള്‍ ആഘോഷത്തിന്റെ മറ്റൊരു സവിശേഷതയാണ് സുഭിക്ഷമായ ഓപ്പണ്‍ ഹൗസുകള്‍. ഭക്ഷണവിഭവങ്ങള്‍ തയ്യാര്‍ചെയ്ത കൂടാരങ്ങളൊരുക്കിവച്ച് അതിഥികളെ ഹൃദ്യമായി സ്വാഗതം ചെയ്യുന്ന സംവിധാനമാണിത്. ക്ഷണിക്കപ്പെടാതെ തന്നെ ആര്‍ക്കും വന്ന് സുഭിക്ഷമായി ഭക്ഷണം കഴിച്ച് ആഘോഷങ്ങളില്‍ പങ്കുചേരാവുന്ന രീതിയാണ് ഓപ്പണ്‍ ഹൗസുകളുടേത്. പ്രധാനമന്ത്രി, സുല്‍ത്താന്‍, മന്ത്രിമാര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഓപ്പണ്‍ ഹൗസുകള്‍ സംഘടിപ്പിക്കാന്‍ മുന്നോട്ടുവരുന്നു. ഹരിറായ ഐദില്‍ ഫിത്‌രിയുടെ ഒരു മാസമത്രയും നീണ്ടുനില്‍ക്കുന്നതാണ് ഓപ്പണ്‍ഹൗസ് ചടങ്ങുകളും. മുന്‍പ്രധാനമന്ത്രി നജീബ് റസാഖ്, നിലവിലെ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ഓപ്പണ്‍ഹൗസുകളില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുള്‍പ്പെടെ വന്‍ ജനക്കൂട്ടം തന്നെ പങ്കെടുക്കാറുണ്ട്.
മലേഷ്യയിലെ ഹരിറായ ആഘോഷത്തെക്കാളും ഒരുപടി മിഴിവാര്‍ന്നതാണ് ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ക്യാംപസിലെ ഈദ് ആഘോഷം. മുസ്‌ലിം ലോകത്തിന്റെ വൈവിധ്യങ്ങളത്രയും തുളുമ്പിനില്‍ക്കും എന്നതാണ് ഐ.ഐ.യു.എം ഈദിന്റെ ഏറ്റവും വലിയ സവിശേഷത. നൂറ്റിയിരുപതിലധികം ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള അര ലക്ഷത്തോളം പഠിതാക്കളാണ് യൂനിവേഴ്‌സിറ്റിയിലുള്ളത്. സുല്‍ത്താന്‍ ഹാജി അഹ്മദ് ഷാ മസ്ജിദിലെ പെരുന്നാള്‍ നിസ്‌കാരം കഴിയുന്നതോടെ പ്രവിശാലമായ യൂനിവേഴ്‌സിറ്റി ക്യാംപസ് ഭൂഖണ്ഡാന്തര ആലിംഗനങ്ങളില്‍ മുഴുകുന്നു. മിക്ക വിദ്യാര്‍ഥികളും പരമ്പരാഗത വേഷങ്ങളണിഞ്ഞ് പെരുന്നാള്‍ നിസ്‌കാരത്തിനെത്തുന്നതിനാല്‍ മിഴിവേറെയുള്ളൊരു ദൃശ്യവിരുന്നു കൂടി പള്ളിയില്‍ സൃഷ്ടിക്കപ്പെടുന്നു. പെരുന്നാള്‍ ദിനത്തിലെ മഴവില്‍ വേഷങ്ങള്‍ക്കും വര്‍ണങ്ങള്‍ക്കുമിടയില്‍ കണ്ണിലുടക്കി നില്‍ക്കുന്നതാണ് ആഫ്രിക്കക്കാരുടെ സവിശേഷമായ ജുബ്ബയും പൈജാമയും. കടുംനിറങ്ങള്‍ അവക്കു നിര്‍ബന്ധമാണ്.
പെരുന്നാള്‍ നിസ്‌കാരം പിരിയുന്നതോടെ ഐ.ഐ.യു.എം ക്യാംപസ് ഈദ് സംഗമത്തിലേക്കുണരുന്നു. യൂനിവേഴ്‌സിറ്റി പ്രസിഡന്റ്, റെക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നതാധികാരികളത്രയും പങ്കെടുക്കുന്ന ചടങ്ങ്, ക്യാംപസിലെ വിദേശ വിദ്യാര്‍ഥികളുടെ വാര്‍ഷിക സംഗമം കൂടി ആയാണ് ഗണിക്കപ്പെടുന്നത്. വിവിധ രാജ്യക്കാരുടെ പ്രതിനിധികള്‍ അവരുടെ മാതൃഭാഷയില്‍ പെരുന്നാളാശംസകള്‍ നേരുന്നത് സംഗമത്തിലെ ശ്രദ്ധേയ ഇനമാണ്. വിഭവസമൃദ്ധമായ പെരുന്നാള്‍ സദ്യയും സംഗമത്തിനുണ്ടാവും.
നഗരങ്ങളെക്കാളേറെ ഗ്രാമങ്ങളിലാണ് ഹരിറായപ്പൊലിമ കൂടുതല്‍ പ്രകടമാവുക. ജോലിയാവശ്യാര്‍ഥവും മറ്റും നഗരത്തിരക്കുകളില്‍ കഴിയേണ്ടി വരുന്നവരെല്ലാം പെരുന്നാള്‍ ആഘോഷത്തിനു ജന്മനാടുകളിലേക്കു തന്നെ മടങ്ങുന്നു. കംപൂങ് എന്നറിയപ്പെടുന്ന ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് നഗരങ്ങളത്രയും പെരുന്നാളിനൊഴുകും. ക്വാലലംപൂര്‍ നഗരത്തില്‍ നിന്ന് പുറത്തേക്കുള്ള വഴികളെല്ലാം പെരുന്നാള്‍ തലേന്ന് മണിക്കൂറുകളോളം ട്രാഫിക് ജാമില്‍ കുടുങ്ങിക്കിടക്കുക പതിവുള്ളതാണ്. ജീവിതത്തിരക്കുകളെല്ലാം മാറ്റിവെച്ച് ഗ്രാമീണ ജീവിതത്തിന്റെ സ്വച്ഛന്ദത വര്‍ഷത്തിലൊരിക്കലെങ്കിലും പൂര്‍ണാര്‍ത്ഥത്തില്‍ തന്നെ അനുഭവിക്കാന്‍ മലെയ് മുസ്്‌ലിംകള്‍ക്ക് ഈദ് വഴിയൊരുക്കുന്നു.
ജീവിച്ചിരിക്കുന്നവര്‍ക്കു മാത്രമല്ല, മണ്‍മറഞ്ഞുപോയവര്‍ക്കു കൂടിയുള്ളതാണ് മലേഷ്യക്കാരുടെ ഹരിറായ. ഖബ്‌റിസ്ഥാന്‍ മോടിപിടിപ്പിക്കുന്നതും, ഖബ്‌റിനു മുകളില്‍ ചെടികള്‍ വച്ചുപിടിപ്പിച്ച് സുന്ദരമാക്കുന്നതും പെരുന്നാളിന്റെ മുന്നൊരുക്കങ്ങളില്‍ പ്രധാനമത്രെ. പെരുന്നാള്‍ നിസ്‌കാരശേഷം ശ്മശാനങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതും പരേതരുടെ നിത്യശാന്തിക്കായി പ്രാര്‍ഥന നടത്തുന്നതും ഹരിറായയുടെ നിര്‍ബന്ധ ഘടകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."