കുഴല്‍പ്പണം റാഞ്ചാന്‍ രാഷ്ട്രീയ ക്രിമിനലുകള്‍ ആറുമാസത്തിനിടെ കവര്‍ന്നത് എട്ടുകോടി
തലശ്ശേരി: ജില്ലയിലെ വിവിധ രാഷ്ര്ട്രീയ അക്രമക്കേസുകളിലെ പ്രതികളായ സി.പി.എം-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കുഴല്‍പ്പണം ഉള്‍പ്പെടെ തട്ടിപ്പറിക്കുന്ന സംഘങ്ങളായി മാറിയതായി പൊലിസിന് തെളിവു ലഭിച്ചു. കുഴല്‍പ്പണം തട്ടിപ്പ് നടത്തിയ കേസുമായി ബന്ധപ്പെട്ട ക്വട്ടേഷന്‍ സംഘം കഴിഞ്ഞ ദിവസം ധര്‍മടം പൊലിസില്‍ പിടിയിലായതോടെയാണ് ഇക്കാര്യം വ്യക്തമായത.് ബി.ജെ.പി-ആര്‍.എസ്.എസ് സംഘത്തിലെ മുഖ്യ പ്രതിയെയാണ് വ്യാഴാഴ്ച ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ധര്‍മടം പൊലിസ് അറസ്റ്റുചെയ്തത്. ഈ സംഘത്തിലെ മറ്റു പ്രതികളെ കണ്ടെത്താന്‍ പൊലിസ് വ്യാപകമായ റെയ്ഡ് നടത്തിവരികയാണ്. ചില പ്രതികള്‍ വലയിലായിട്ടുണ്ട്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ എട്ടു കോടിയിലേറെ രൂപ കുഴല്‍പ്പണക്കാരില്‍ നിന്നു ഇത്തരം സംഘം റാഞ്ചിയതായി പൊലിസ് പറയുന്നു. ഇത് സംബന്ധിച്ച കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നു ഉന്നത പൊലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുഴല്‍പ്പണമായതിനാല്‍ ഇത്തരം സംഭവങ്ങളില്‍ പരാതിക്കാര്‍ മുന്നോട്ടുവരാറില്ല. ഇത്തരത്തില്‍ തട്ടിയെടുക്കുന്ന പണം സ്വന്തമായി കേസ് നടത്താനും അക്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കാനും ഈ സംഘങ്ങള്‍ ഉപയോഗിക്കുകയാണ്. കഴിഞ്ഞ ദിവസം ധര്‍മടത്ത് പിടിയിലായ സംഘം കര്‍ണാടകയിലെ കുട്ടയില്‍ 80 ലക്ഷം രൂപയുടെ കുഴല്‍പ്പണം തട്ടിയെടുത്തത് പിണറായിയില്‍ നടന്ന ഒരു രാഷ്ട്രീയ കൊലപാതകത്തിന് തിരിച്ചടി നല്‍കാന്‍ ഉപയോഗിക്കാനാണെന്ന് പൊലിസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. പാര്‍ട്ടി നേതൃത്വം തിരിച്ചടിക്കെതിരായതോടെ സ്വന്തം നിലയില്‍ തിരിച്ചടി നല്‍കാനും അതിന് ശേഷം നിയമപരമായ മറ്റ് കാര്യങ്ങള്‍ക്കുള്‍പ്പെടെ പണം വിനിയോഗിക്കാനുമാണ് കുഴല്‍പ്പണ സംഘത്തില്‍ നിന്ന് തട്ടിയെടുത്ത പണം വിനിയോഗിക്കുന്നതെന്ന് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായി. ഇതു സംബന്ധിച്ച വിശദമായ റിപോര്‍ട്ട് ഡി.ജി.പിയെ അറിയിക്കാനും അനന്തരനടപടികള്‍ സ്വീകരിക്കാനു
മാണ് ജില്ലാപൊലിസിന്റെ തീരുമാനം. ആര്‍.എസ്.എസ് നേതാവായ ഇരിട്ടി പുന്നാട്ട് എം.ജി കോളജിന് സമീപത്തെ ശ്രീവിഹാറില്‍ ജൈജുവെന്ന ശരത്തിനെ(32)യാണ് വ്യാഴാഴ്ച പൊലിസ് അറസ്റ്റ് ചെയ്തിരുന്നത്. തലശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ഇതിനിടെ കാസര്‍കോടുനിന്നു 3.5 കോടി രൂപ തട്ടിയെടുത്തത് സി.പി.എം ക്രിമിനല്‍ സംഘമാണെന്നും പൊലിസിന് വിവരം ലഭിച്ചു. തലശ്ശേരിയിലെ ജ്വല്ലറി ഉടമയില്‍ നിന്നാണ് ഈ സംഘം മൂന്നരക്കോടി തട്ടിയെടുത്തത്. ഇരിട്ടി കൂട്ടുപുഴയില്‍ നിന്നു 70 ലക്ഷം രൂപയും ഇത്തരത്തില്‍ കൊള്ളയടിക്കപ്പെട്ടു. മട്ടന്നൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ഫെബ്രുവരി ഒന്നിന് 5.5 ലക്ഷം രൂപയുടെ കുഴല്‍പ്പണം തട്ടിയെടുത്തതും രാഷ്ട്രീയ ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. ഉരുവച്ചാല്‍ കരേറ്റയില്‍ നിന്ന് നാല് ലക്ഷം രൂപയും കൂത്തുപറമ്പ് പാറാലില്‍ നിന്ന് ഒന്നര കിലോ സ്വര്‍ണവും തട്ടിയെടുത്തതും ക്വട്ടേഷന്‍ സംഘമാണെന്ന് പൊലിസ് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. രാഷ്ട്രീയ കൊലക്കേസുകളിലുള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സംഘങ്ങള്‍ വ്യാപകമായി ഇത്തരത്തില്‍ കുഴല്‍പ്പണം കൊണ്ട് വരുന്നവരെ ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്ന സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ പൊലിസ് രഹസ്യാന്വേഷണ സംഘത്തെ നിയോഗിച്ചു. ജില്ലാപൊലിസ് മേധാവിയുടെ കീഴിലാണ് സ്‌ക്വാഡ് പ്രവര്‍ത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."