കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകള്‍: ഗതാഗത യോഗ്യമാകാന്‍ കാത്തിരിക്കേണ്ടി വരും
കല്‍പ്പറ്റ: അതിതീവ്രമഴയില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും കലുങ്കുകളും നന്നാകാന്‍ ഇനിയുമേറെ കാത്തിരിക്കേണ്ടി വരുമെന്ന് സൂചന.
ഇതു സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ പൊതുമരാമത്ത് വകുപ്പിന് കഴിഞ്ഞിട്ടില്ല. അടിയന്തര പ്രാധാന്യമുള്ള പ്രവൃത്തികള്‍ വരെ ആരംഭിക്കാന്‍ മാസങ്ങളെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. കനത്ത മഴയില്‍ ഉരുള്‍പൊട്ടിയും മണ്ണിടിഞ്ഞും വെള്ളം കെട്ടിക്കിടന്നുമാണ് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളും പാലങ്ങളും കലുങ്കുകളും തകര്‍ന്നത്.
മൂന്നു താലൂക്കുകളിലുമായി 900 കിലോമീറ്റര്‍ റോഡാണ് വകുപ്പിനു കീഴിലുള്ളത്. ഇതില്‍ 670.81 കിലോമീറ്ററാണ് കാലവര്‍ഷത്തില്‍ തകര്‍ന്നത്. ഇതുമൂലം ഏകദേശം 735 കോടി രൂപയുടെ നഷ്ടവുമുണ്ടായി. റോഡുകള്‍ പൂര്‍ണ അര്‍ഥത്തില്‍ സഞ്ചാരയോഗ്യമാക്കുന്നതിന് 331.45 കിലോമീറ്റര്‍ ടാറിങും 339.36 കിലോമീറ്റര്‍ പാച്ച്‌വര്‍ക്കും നടത്തുന്നതിനു പുറമേ തകര്‍ന്ന പാലങ്ങളും കലുങ്കുകളും പുനര്‍നിര്‍മിക്കണം. എന്നാല്‍ ഭരണാനുമതിയും സങ്കേതികാനുമതിയും ലഭിക്കുന്ന മുറയ്ക്കു ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി എല്ലാ പ്രവൃത്തികളും നടത്താന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവരുമെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന.
വകുപ്പിന് കീഴിലുള്ള നാലു പാലങ്ങള്‍ പൂര്‍ണമായും അഞ്ചു പാലങ്ങള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. 16 കലുങ്കുകളും തകര്‍ന്നവയില്‍ ഉള്‍പ്പെടും. കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നാലും സുല്‍ത്താന്‍ ബത്തേരിയില്‍ ഒന്നും മാനന്തവാടിയില്‍ പതിനൊന്നും കലുങ്കുകളാണ് വെള്ളം കുത്തിയൊലിച്ചും മറ്റും തകര്‍ന്നത്. 3.31 കോടി രൂപയാണ് കലുങ്കുകള്‍ തകര്‍ന്നതിലെ നഷ്ടം. പാലങ്ങള്‍ തകര്‍ന്നുണ്ടായ നഷ്ടം ഏകദേശം 20 കോടി രൂപ വരും.
മാനന്തവാടിയിലാണ് ഏറ്റവും കൂടുതല്‍ റോഡ് നശിച്ചിട്ടുള്ളത്. ഇവിടെ 151.83ഉം കിലോമീറ്റര്‍ റോഡിലാണ് പാച്ച് വര്‍ക്ക് നടത്താനുള്ളത്. കല്‍പ്പറ്റയില്‍ 21.4ഉം സുല്‍ത്താന്‍ ബത്തേരിയില്‍ 166.13 കിലോമീറ്ററും പാച്ച് വര്‍ക്ക് നടത്താനുണ്ട്. നിയോജകമണ്ഡലങ്ങളില്‍ യഥാക്രമം 113.64ഉം 98.99ഉം 118.82ഉം കിലോമീറ്ററിലാണ് ടാറിങ് ചെയ്യേണ്ടത്.
കല്‍പ്പറ്റ, മാനന്തവാടി മണ്ഡലങ്ങളിലായി വകുപ്പിന് കീഴില്‍ 128.99 കിലോമീറ്റര്‍ സ്റ്റേറ്റ് ഹൈവേയാണുള്ളത്. ഇതില്‍ 72.12 കിലോമീറ്റര്‍ സംസ്ഥാനപാതയും തകര്‍ന്നിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഗ്രാമീണപാതകളും തകര്‍ന്നുകിടക്കുകയാണ്. തദ്ദേശസ്ഥാപനങ്ങള്‍ക്കു കീഴിലുള്ളതില്‍ 1078.17 കിലോമീറ്റര്‍ റോഡാണ് സഞ്ചാരയോഗ്യമല്ലാതായത്. 178.5 കോടി രൂപയാണ് ഇതുമൂലം നഷ്ടം. ദേശീയപാതയില്‍ 19 കിലോമീറ്റര്‍ തകര്‍ന്ന് 1.36 കോടി രൂപയുടെ നഷ്ടവും ജില്ലയിലുണ്ടായി.
ജില്ലയില്‍ 650 വീടുകള്‍ പൂര്‍ണമായും 9250 ഭവനങ്ങള്‍ ഭാഗികമായും തകര്‍ന്നുവെന്നാണ് ഏറ്റവും ഒടുവില്‍ ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നത്. വീടുകള്‍ പൂര്‍ണമായി നശിച്ച് 44.09ഉം ഭാഗികമായി തകര്‍ന്നു 33.94ഉം കോടി രൂപയുടെ നഷ്ടം ഉണ്ടായി. സ്‌കൂളുകളടക്കം സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള 47 കെട്ടിടങ്ങള്‍ നശിച്ച് 5.94 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. നിരത്തുകള്‍ക്ക് പുറമേ, മറ്റു സൗകര്യങ്ങളുടെ പുനര്‍ നിര്‍മാണവും നടപടികള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി തുടങ്ങുമ്പോഴേക്ക് കാലതാമസം ഏറെയുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."