സ്ഥിരം ഓഫിസറില്ലാതെ ജില്ലാ മണ്ണ് പരിശോധനശാല
കാസര്‍കോട്: ജില്ലയിലെ ഏക മണ്ണ് പരിശോധനശാലയായ ജില്ലാ മണ്ണ് പരിശോധനശാലയില്‍ സ്ഥിരം ഓഫിസറുടെ അഭാവം മൂലം ഓഫിസ് പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. ഓഫിസിലെ ടാര്‍ജറ്റ് പൂര്‍ത്തീകരിക്കുന്നതിനും വിവിധ സ്‌കീമുകള്‍ നടപ്പാക്കുന്നതിനും ഒരു സ്ഥിരം ഓഫിസറെ നിയമിക്കേണ്ടത് അത്യാവശ്യമാണ്. ജില്ലാ സീഡ് ഫാമിന്റെയും പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷന്റെയും സീനിയര്‍ അഗ്രിക്കള്‍ച്ചര്‍ ഓഫിസറായ ബിജു തോമസാണ് മണ്ണ് പരിശോധന ശാലയിലെ അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റിന്റെ അധിക ചുമതല വഹിക്കുന്നത്.
നാഷണല്‍ മിഷന്‍ ഓണ്‍ സസ്‌റ്റൈനബിള്‍ അഗ്രികള്‍ച്ചര്‍ എന്ന കേന്ദ്രാവിഷ്‌കൃത മണ്ണ് പരിശോധനാ സ്‌കീമില്‍ 2017-18, 2018-19 വര്‍ഷങ്ങളിലായി ഏകദേശം 15500 ഓളം മണ്ണ് സാമ്പിളുകള്‍ പരിശോധിച്ച് രണ്ടുലക്ഷത്തോളം സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യേണ്ടതായിട്ടുണ്ട്. ഇത്രയും സാമ്പിളുകള്‍ പരിശോധിക്കുന്നതിന് ലാബില്‍ സ്റ്റാഫായി ആകെ ഒരു സയന്റിഫിക് അസിസ്റ്റന്റ് മാത്രമാണുള്ളത്. സ്ഥിരം ഓഫിസര്‍ ഇല്ലാത്തതുമൂലം 2017-18ന്റെ ടാര്‍ജറ്റായ 6025 മണ്ണ് സാമ്പിളുകള്‍ ഇതുവരെയും പരിശോധിക്കുവാന്‍ സാധിച്ചിട്ടില്ല. കൂടാതെ 2018-19 ന്റെ ടാര്‍ജറ്റ് കൂടി പൂര്‍ത്തിയാക്കി സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യേണ്ടതായിട്ടുണ്ട്.
മണ്ണ് പരിശോധന നടത്തി സോയില്‍ ഹെല്‍ത്ത് കാര്‍ഡില്‍ പറഞ്ഞിരിക്കുന്ന പ്രകാരം മാത്രമേ വളങ്ങളും സബ്‌സിഡികളും കര്‍ഷകര്‍ക്കു ലഭ്യമാകൂവെന്നതിനാല്‍ മണ്ണ് സാമ്പിളുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയേ മതിയാകൂ. ജില്ലയിലെ 41 കൃഷിഭവന്‍ പരിധിയില്‍ വരുന്ന കര്‍ഷകരുടെ ഏക ആശ്രയം മണ്ണ് പരിശോധനശാല ആണെന്നിരിക്കെ, സ്റ്റാഫിന്റെ കുറവും സ്ഥിരം ഓഫിസറുടെ അഭാവവും കാരണം കര്‍ഷകര്‍ക്ക് യഥാസമയം കിട്ടേണ്ട സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യാന്‍ സാധിക്കാതെ വരും.
ഇതുകൂടാതെ വിവിധ സ്‌കീമുകള്‍ ജില്ലാ മണ്ണ് പരിശോധന ശാലയില്‍ ഈ സാമ്പത്തിക വര്‍ഷം ചെയ്തു തീര്‍ക്കേണ്ടതായിട്ടുണ്ട്.
ബാക്കി 13 ജില്ലകളിലും കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡിന്റെ ആനുകൂല്യം ലഭിക്കുമ്പോള്‍ പിന്നാക്ക ജില്ല എന്നുവിശേഷിക്കപ്പെടുന്ന കാസര്‍കോട് ജില്ലയിലെ കര്‍ഷകര്‍ക്ക് ഒരു ആനുകൂല്യവും ലഭിക്കാതെ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."