ഹോട്ടലില്‍ വച്ച് ആരാധികയെ പീഡിപ്പിച്ചു, കോപ്പ അമേരിക്ക തുടങ്ങാനിരിക്കെ നെയ്മറിനെതിരെ ആരോപണം; നിഷേധവുമായി താരം
സാവൊപോളൊ: കോപ്പാ അമേരിക്കന്‍ കപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പി.എസ്.ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെതിരെ ബലാല്‍സംഗ ആരോപണം. കഴിഞ്ഞമാസം പാരീസിലെ ഹോട്ടലില്‍ വച്ച് ബലാല്‍സംഗം ചെയ്‌തെന്ന് ആരാധികയാണ് പരാതി നല്‍കിയത്. മെയ് 15ന് രാത്രിയാണ് സംഭവമെന്നാണ് വിവരം. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ചയാണ് നെയ്മറിനെതിരെ യുവതി സാവോപോളോ പൊലിസിന് മുമ്പാകെ പരാതിയുമായി എത്തുന്നത്. ബ്രസില്‍ പോലിസ് രേഖകളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണിക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇന്‍സ്റ്റഗ്രാമിലൂടെയുള്ള സന്ദേശങ്ങള്‍ വഴിയാണ് നെയ്മറെ കണ്ടുമുട്ടിയതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. നെയ്മറുടെ പ്രതിനിധിയായ ഗാലോ ബ്രസീലില്‍ നിന്ന് പാരിസിലേക്ക് തനിക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. പാരിസിലെ ഹോട്ടലില്‍ തനിക്കായി റൂം ബുക്ക് ചെയ്തു. മദ്യപിച്ചാണ് നെയ്മര്‍ അവിടെയെത്തിയത്. പിന്നീട് ഇതേ മുറിയില്‍ വെച്ച് നെയ്മര്‍ തന്നെ പീഡിപ്പിക്കുകയായിരുന്നു- യുവതി പരാതിയില്‍ ആരോപിച്ചു. യുവതിയെ വൈദ്യ പരിശോധനയക്ക് വിധേയനാക്കുമെന്നാണ് സൂചന.
അതേസമയം, ആരോപണം നെയ്മര്‍ നിഷേധിച്ചു. പരാതിക്കാരിയായ സ്ത്രീയുടെ അഭിഭാഷകന്‍ തന്നെ ബ്ലാക് മെയില്‍ ചെയ്തിരുന്നുവെന്നും അദ്ദേഹത്തിന്റെ പിടിച്ചുപറിക്കിരയാണ് താനെന്നും ആരോപണം കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്നും നെയ്മര്‍ പ്രതികരിച്ചു. ഇതുസംബന്ധിച്ച് പരാതിക്കാരിയുമായി താരം തടത്തിയ വാട്‌സാപ്പ് ചാറ്റ് ഉള്‍പ്പെടെയുള്ള എല്ലാ തെളിവുകളും പൊലിസിനു കൈമാറുമെന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. ഉഭയസമ്മതത്തോടെ ലൈംഗികബന്ധം നടന്നതിന് ശേഷം പണം തട്ടുന്നതിനായാണ് യുവതി പരാതിയുമായി എത്തിയതെന്നാണ് സൂചന. ഉഭയസമ്മതത്തോടെയാണ് ലൈംഗികബന്ധം നടന്നതെന്ന് നെയ്മറിന്റെ പിതാവും പ്രതികരിച്ചിട്ടുണ്ട്.
ഈ മാസം 15നാണ് കോപ്പ അമേരിക്കന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തുടങ്ങുന്നത്. കാല്‍മുട്ടിനേറ്റ പരിക്കുമാറി നെയ്മര്‍ ഇന്നലെയാണ് പരിശീലനത്തിനിറങ്ങിയത്. കോപ അമേരിക്കക്ക് ഒരുങ്ങുന്ന ബ്രസീലിന് ഏറെ ആശ്വാസമാണ് നെയ്മറുടെ തിരിച്ചുവരവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് താരത്തെയും ടീമിനെയും ആരാധകരെയും വിഷമത്തിലാക്കി പുതിയ ആരോപണം വന്നിരിക്കുന്നത്.
ബുധനാഴ്ച ഖത്തറുമായി ബ്രസീലിന് സൗഹൃദ മത്സരമുണ്ട്. തുടര്‍ന്ന് ഹോണ്ടുറാസുമായും കളിക്കണം. 2007ലാണ് ബ്രസീല്‍ അവസാനമായി കോപ കിരീടം ചൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."