ഭീഷണി പ്രസംഗം: പി.കെ ബഷീറിനെതിരായ കേസ് സുപ്രിംകോടതി പുനഃസ്ഥാപിച്ചു
ന്യൂഡല്‍ഹി: ഭീഷണി സ്വരത്തിലുള്ള പ്രസംഗവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് നേതാവും ഏറനാട് എം.എല്‍.എയുമായ പി.കെ ബഷീറിനെതിരായ കേസ് പിന്‍വലിച്ച നടപടി സുപ്രിംകോടതി റദ്ദാക്കി. കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കിയ മഞ്ചേരി ചീഫ് മജിസ്‌ട്രേറ്റ് കോടതി വിധിയും സുപ്രിംകോടതി റദ്ദാക്കി.
ബഷീറിനെതിരായ കേസ് പുനഃസ്ഥാപിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച്, ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 321 പ്രകാരം കേസ് പുതുതായി പരിഗണിക്കാന്‍ മജിസ്‌ട്രേറ്റ് കോടതിക്ക് നിര്‍ദേശവും നല്‍കി. മൂന്നാംകക്ഷിയായ ഹരജിക്കാരന് കേസില്‍ കക്ഷിചേരാനുള്ള അധികാരമില്ലെന്ന കേരളാ ഹൈക്കോടതി ഉത്തരവിലെ കണ്ടെത്തലും സുപ്രിംകോടതി തള്ളി. പബ്ലിക് പ്രോസിക്യൂട്ടര്‍ സര്‍ക്കാരിന്റെ പോസ്റ്റ് ഓഫിസ് ആയി പ്രവര്‍ത്തിച്ചെന്ന കടുത്ത വിമര്‍ശനവും കോടതി ഇന്നലെ ഉന്നയിച്ചു.
2008ല്‍ ഏഴാം ക്ലാസിലെ മതമില്ലാത്ത ജീവന്‍ എന്ന വിവാദ പാഠപുസ്തകത്തിനെതിരേ യൂത്ത്‌ലീഗ് നടത്തിയ സമരത്തിനിടെ കിഴിശ്ശേരിയിലെ വാലില്ലാപുഴ എ.എം.എല്‍.പി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ജെയിംസ് അഗസ്റ്റിന്‍ മരിച്ച കേസില്‍ കള്ളസാക്ഷി പറയാന്‍ ആരെങ്കിലും മുന്നോട്ട് വന്നാല്‍ അവര്‍ ജീവനോടെ തിരിച്ചുപോകില്ലെന്നായിരുന്നു പി.കെ ബഷീര്‍ പ്രസംഗിച്ചത്. 2011ല്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രസംഗവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്തു. ഉമ്മന്‍ചാണ്ടിഅധികാരത്തിലെത്തിയതോടെ കേസ് പിന്‍വലിച്ചു.
ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് കൊളക്കാടന്‍ അബ്ദുല്‍ വഹാബാണ് സുപ്രിംകോടതിയെ സമീപിച്ചത്.
സുപ്രിംകോടതി വിധി അംഗീകരിക്കുന്നുവെന്നും നിയമപരമായി നേരിടുമെന്നും പി.കെ ബഷീര്‍ എം.എല്‍.എ പ്രതികരിച്ചു. തന്റേത് വാമൊഴി ശൈലി മാത്രമായിരുന്നു. കേസ് പിന്‍വലിച്ച തീരുമാനം മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."