ഓഡിറ്റ്: ധനകാര്യ കമ്മിഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെന്ന് ചെന്നിത്തല
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളില്‍ ഓഡിറ്റ് നിര്‍ത്തിവയ്ക്കുന്നതിനുള്ള കാരണമായി ഓഡിറ്റ് ഡയറക്ടര്‍ ചൂണ്ടിക്കാണിച്ച ധനകാര്യകമ്മിഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ചില്ലായെന്നത് വാസ്തവ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ 2020 ജൂണ്‍ ഒന്നിനു തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അതിന്റെ പകര്‍പ്പുകള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും അയച്ചുകൊടുത്തിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഇക്കാര്യം അറിയാതിരിക്കുകയോ അല്ലെങ്കില്‍ മറച്ചു വയ്ക്കുകയോ ചെയ്തു കൊണ്ടാണ് ഓഡിറ്റ് ഡയറക്ടര്‍ ഓഡിറ്റ് നിര്‍ത്തിവെക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. നിയമം ലംഘിച്ച് ഓഡിറ്റ് നിര്‍ത്തി വച്ച ഓഡിറ്റ് ഡയറക്ടറെ പിരിച്ചുവിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഓഡിറ്റ് നിര്‍ത്തിവച്ചത് അഴിമതി മറയ്ക്കാനാണെന്ന തന്റെ ആരോപണത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ച ധനമന്ത്രി തോമസ് ഐസക്കിനും ചെന്നിത്തല മറുപടി നല്‍കി. കള്ളം കൈയോടെ പിടിക്കപ്പെടുമ്പോള്‍ ആര്‍ക്കും ചമ്മലും പരിഭ്രാന്തിയും അതുവഴി വിഭ്രാന്തിയും ഉണ്ടാകാം. തോമസ് ഐസക്കിനും അതാണ് സംഭവിച്ചിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ പേരില്‍ കേരള പൊലിസ് ആക്ട് ഭേദഗതി ചെയ്യുന്നത് വഴി മാധ്യമങ്ങളെ കൂച്ചുവിലങ്ങിടുകയാണോ ലക്ഷ്യമെന്ന് ആശങ്കയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."