സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം; സാമ്പത്തിക സംവരണത്തിലൂടെ വന്‍ മെറിറ്റ് അട്ടിമറിയും
മലപ്പുറം: ചട്ടങ്ങള്‍ മറികടന്ന് സംസ്ഥാനത്ത് നടപ്പാക്കുന്ന സാമ്പത്തിക സംവരണത്തിനെതിരേ ന്യൂനപക്ഷ, പിന്നോക്ക വഭാഗങ്ങള്‍ പ്രതിഷേധം ശക്തമാക്കിയതോടെ മുഖ്യമന്ത്രിയും പാര്‍ട്ടി മുഖപത്രവും നിരത്തിയത് പച്ചക്കള്ളം.
വിദ്യാഭ്യാസ രംഗത്ത് സാമ്പത്തിക സംവരണം നടപ്പാക്കി വിവാദമായതിനു പിന്നാലെ ഉദ്യോഗരംഗത്തും മുന്നോക്ക സംവരണം നടപ്പാക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനാണ് മുഖ്യമന്ത്രി വിശദീകരണവുമായി എത്തിയത്. 10 ശതമാനം സാമ്പത്തിക സംവരണം നിലവിലെ സംവരണ വിഭാഗങ്ങളെ ബാധിക്കില്ലെന്നും പൊതുവിഭാഗത്തില്‍ നിന്നാണ് സാമ്പത്തിക സംവരണമെന്നുമാണ് മുഖ്യമന്ത്രിയും പാര്‍ട്ടി മുഖപത്രവും പറഞ്ഞത്. ഓപ്പണ്‍ ക്വാട്ടയിലെ 50 ശതമാനത്തില്‍ നിന്നാണ് സാമ്പത്തിക സംവരണം നല്‍കുന്നതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ദേശാഭിമാനി കഴിഞ്ഞദിവസം വാര്‍ത്ത നല്‍കിയിരുന്നു. ഈ വാദത്തിനെതിരേ പിന്നോക്ക സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.
പി.എസ്.സി നിയമനങ്ങളില്‍ ജനറല്‍, സംവരണ സീറ്റുകളുടെ അനുപാതം നിലവില്‍ 50:50 ആണ്. സാമ്പത്തിക സംവരണം നടപ്പാക്കുന്നതോടെ ഇത് 60:40 ആകും. പ്രത്യക്ഷത്തില്‍ ജനറല്‍ സീറ്റിന്റെ 10 ശതമാനം സാമ്പത്തിക സംവരണമെന്ന് തോന്നിപ്പിച്ച് ആകെയുള്ളതിന്റെ 10 ശതമാനം സീറ്റിലാണ് മുന്നോക്ക സംവരണം നടപ്പാക്കിയത്.
പുതുതായി നടപ്പാക്കുന്ന 10 ശതമാനം സംവരണം നിലവിലുള്ള സംവരണ വിഭാഗങ്ങളെ ബാധിക്കില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞ മറ്റൊരു കാര്യം. വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളില്‍ സ്വാതന്ത്ര്യത്തിനു ശേഷം ഇതുവരെ ഒരിക്കല്‍പോലും ജനസംഖ്യാനുപാതിക പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത പിന്നോക്ക വിഭാഗങ്ങള്‍ക്കുകൂടി അവകാശപ്പെട്ട മെറിറ്റ് സീറ്റുകളാണ് മുന്നോക്കക്കാര്‍ക്കു മാത്രമായി നല്‍കിയത്. ഇതോടെ പിന്നോക്ക വിഭാഗങ്ങള്‍ക്കുകൂടി അവകാശപ്പെട്ട 50 ശതമാനം മെറിറ്റ് സീറ്റ് 40 ശതമാനമായി കുറഞ്ഞു.
സംവരണ താല്‍പര്യങ്ങളെ അട്ടിമറിക്കാന്‍ നടത്തിയ ഈ മെറിറ്റ് സീറ്റ് അട്ടിമറിയെയാണ് പിന്നോക്ക വിഭാഗങ്ങള്‍ ചോദ്യം ചെയ്യുന്നത്. വിദ്യാഭ്യാസ രംഗത്തും തൊഴില്‍ രംഗത്തും ജനസംഖ്യാനുപാതികമായി അമിത പ്രാതിനിധ്യമുള്ള മുന്നോക്ക വിഭാഗങ്ങള്‍ക്ക് ആകെ ഒഴിവിന്റെ 10 ശതമാനം കൂടി നീക്കിവയ്ക്കുന്നതോടെ മുന്നോക്ക പ്രാതിനിധ്യം കൂടും. ഇതോടെ നാമമാത്ര സംവരണങ്ങളിലൂടെ പിന്നോക്ക വിഭാഗങ്ങള്‍ നേടിയെടുത്ത ഉദ്യോഗ, വിദ്യാഭ്യാസ രംഗങ്ങളിലെ പ്രാതിനിധ്യം വരുംനാളുകളില്‍ വലിയ തോതില്‍ കുറയുമെന്നതാണ് സത്യം.
നിലവില്‍ സംവരണ വിഭാഗങ്ങള്‍ക്കു കൂടി അവകാശപ്പെട്ട 10 ശതമാനം സീറ്റ് സവര്‍ണര്‍ക്കു മാത്രമായി നീക്കിവച്ച സര്‍ക്കാര്‍ നിലവിലെ പിന്നോക്ക സംവരണത്തിന്റെ വിഭജനക്രമത്തില്‍ മാറ്റം വരുന്നില്ല എന്ന സാങ്കേതികത്വം പറഞ്ഞാണ് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നത്.
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആകെ സീറ്റിന്റെ 10 ശതമാനം മുന്നോക്ക വിഭാഗങ്ങള്‍ക്കു നീക്കിവച്ചിട്ടും പകുതിയിലധികം സീറ്റുകളും (8,967) അപേക്ഷകരില്ലാതെ സംസ്ഥാനത്ത് ഒഴിഞ്ഞുകിടന്നിരുന്നു. ഉദ്യോഗ നിയമനങ്ങളില്‍ നിലവിലെ റൊട്ടേഷന്‍ പ്രകാരം എല്ലാവര്‍ക്കും ലഭ്യമായിരുന്ന 10 ശതമാനം പ്രാതിനിധ്യം ഇനി മുന്നോക്കക്കാര്‍ക്കു മാത്രമാകുമെന്നതും ആശങ്ക ഉയര്‍ത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."