വിവാഹം വഴിയല്ലാതെ കുട്ടികളുണ്ടാകുന്നത് കൂടും, ലിവ്ഇന് ബന്ധങ്ങള്‍ വര്‍ധിക്കും: വിവാഹപ്രായം ഉയര്‍ത്തുന്നതിനെതിരെ വനിതാലീഗ്
കോഴിക്കോട്: സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെ വനിതാ ലീഗ്. നീക്കത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് വനിതാ ലീഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വിവാഹ പ്രായം 18ല്‍നിന്ന് 21 ആക്കുന്നത് 'ലിവ്ഇന്' ബന്ധങ്ങള്‍ വര്‍ധിക്കുന്നതിനും വിവാഹം വഴിയല്ലാതെ കുട്ടികളുണ്ടാകുന്നതുമടക്കമുള്ള സാമൂഹിക പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് ഇന്ത്യന്‍ യൂനിയന്‍ വനിതാ ലീഗ് ഭാരവാഹികള്‍ കത്തില്‍ പറഞ്ഞു.
നിലവില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ആണ്. ഇത് 21 ആക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇക്കാര്യം പഠിക്കാന്‍ ജയ ജയ്റ്റ്ലിയുടെ നേതൃത്വത്തില്‍ പത്തംഗ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരിക്കും തീരുമാനമെടുക്കുക.
ജൈവപരമായും സാമൂഹികമായുമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ച് പല വികസിത രാജ്യങ്ങളും പെണ്‍കുട്ടികളുടെ വിവാഹപ്രായം 21ല്‍നിന്ന് 18 ആക്കി മാറ്റിയിട്ടുണ്ടെന്ന് വനിതാ ലീഗ് ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് പറഞ്ഞു. '2006ലെ ശൈശവ വിവാഹ നിരോധന നിയമം അനുസരിച്ച് ശക്തമായ നിയമനടപടികളും ജയില്‍ ശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികളും നിര്‍ദേശിക്കുന്നുണ്ട്. ആ നിയമം കര്‍ശനമായി നടപ്പാക്കുന്നതിനുപകരം സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതില്‍ എന്തര്‍ഥമാണുള്ളത്'- നൂര്‍ബിന ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."