കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം 26000 ആളുകളില്‍: പ്രതീക്ഷയോടെ രാജ്യം
ന്യൂഡല്‍ഹി: തദ്ദേശീയമായി വികസിപ്പിക്കുന്ന രാജ്യത്തെ കോവിഡ് പ്രതിരോധ മരുന്നായ കൊവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക്. വാക്സിന്റെ ഫലപ്രപ്തിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാന്‍ മൂന്നാം ഘട്ടത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
25 കേന്ദ്രങ്ങളിലായി 26000 ആളുകളാണ് മൂന്നാംഘട്ട പരീക്ഷണത്തില്‍ പങ്കെടുക്കുക.
ഇന്ത്യയില്‍ ഭാരത് ബയോടെക്കിനെ കൂടാതെ, സൈഡസ് കാഡില എന്ന കമ്പനി നടത്തുന്ന കോവിഡ് വാക്‌സിന്‍ പരീക്ഷണം രണ്ടാം ഘട്ടത്തിലാണ്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആസ്ട്രസെനേക എന്ന കമ്പനിയുമായി ചേര്‍ന്ന് നടത്തുന്ന ഓക്‌സ്‌ഫോര്‍ഡ് കോവിഡ് വാക്‌സിന്‍ പരീക്ഷണവും രണ്ട്, മൂന്ന് ഘട്ടങ്ങളിലാണുള്ളത്.
മൂന്നാംഘട്ട പരീക്ഷണത്തിന് ഭാരത് ബയോടെക്കിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡി.ജി.സി.ഐ.) അനുമതി നല്‍കിയിട്ടുണ്ട്.
ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങള്‍ കമ്പനി സമര്‍പ്പിച്ചിട്ടുണ്ട്. ഇവയ്ക്കൊപ്പം രണ്ടിനം മൃഗങ്ങളില്‍ നിഷ്‌ക്രിയ കൊറോണ വാക്സിന്‍ പരീക്ഷിച്ചതിന്റെ വിവരങ്ങളും കമ്പനി കൈമാറിയതായി ഡി.ജി.സി.ഐ. വിദഗ്ധസമിതി വ്യക്തമാക്കി.
ഐ.സി.എം.ആര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തുടങ്ങിയവയുമായി സഹകരിച്ച് ഭാരത് ബയോടെക് എന്ന ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് കൊവാക്സിന്‍ പരീക്ഷണം നടത്തുന്നത്. ഇതുവരെ പതിനെട്ട് വയസിനു മുകളിലുള്ള 28,500 പേരില്‍ പരീക്ഷണം നടത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."