ബാലഭാസ്‌കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണത്തിന് ഡി.ജി.പിയുടെ ഉത്തരവ്: സാമ്പത്തിക ഇടപാടുകള്‍ പ്രത്യേകം അന്വേഷിക്കും
തിരുവനന്തപുരം: സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെയും മകളുടേയും മരണത്തില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ബാലഭാസ്‌കറുടെ സാമ്പത്തിക ഇടപാടുകള്‍ പ്രത്യേകം അന്വേഷിക്കാനും നിര്‍ദേശമുണ്ട്. പുതുതായി ഉയര്‍ന്ന ആരോപണങ്ങളും അന്വേഷണ പരിധിയില്‍ വരും.
സ്വര്‍ണക്കടത്തിന് അറസ്റ്റിലായ പ്രകാശന്‍ തമ്പിക്കെതിരായ കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലും അന്വേഷിക്കും. അതേസമയം ബാലഭാസ്‌കറുടെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ബാലഭാസ്‌കറിന്റെ പിതാവിന്റെ മൊഴി രേഖപ്പെടുത്തി.
ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച്് പിതാവ് നല്‍കിയ പരാതിയില്‍ സംശയമുനയില്‍ നിര്‍ത്തിയത് സ്വര്‍ണക്കടത്ത് കേസിലുള്‍പ്പെട്ട പ്രകാശ് തമ്പിയുടെയും വിഷ്ണു സോമസുന്ദരത്തിന്റെയും പേരുകളായിരുന്നു.
ബാലഭാസ്‌കറിന്റെ മരണത്തിനു പിന്നില്‍ ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ കാരണമായോ എന്നു ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. തമ്പിയും വിഷ്ണുവും ലക്ഷങ്ങള്‍ തട്ടിച്ചെന്നും പിതാവ് ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തില്‍ ഇവരുടെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമായതോടെയാണ് റിമാന്‍ഡിലുള്ള പ്രകാശിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
എന്നാല്‍ സി.ബി.ഐ ചോദ്യം ചെയ്യലിനു ശേഷമേ ക്രൈംബ്രാഞ്ചിന് അനുമതി ലഭിക്കാനിടയുള്ളു. അപകടത്തിന് തൊട്ടുപിന്നാലെ അവിടെയെത്തിയ കലാഭവന്‍ സോബി അപകടസ്ഥലത്ത് കണ്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ വിളിച്ചപ്പോള്‍ പ്രകാശന്‍ തമ്പിയുടെ പ്രതികരണം സുഖകരമല്ലായിരുന്നുവെന്ന വെളിപ്പെടുത്തലും അന്വേഷണ പരിധിയിലുണ്ട്.
ഇതിനിടെ പ്രകാശ് തമ്പിക്ക് തങ്ങളുടെ കുടുംബവുമായി അടുപ്പമുണ്ടായിരുന്നുവെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."