മുന്നറിയിപ്പ് ബോര്‍ഡിനെക്കുറിച്ച് അഭിപ്രായം തേടി മനുഷ്യാവകാശ കമ്മിഷന്
തിരുവനന്തപുരം: സിനിമകളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കാണിക്കുമ്പോള്‍ സിനിമാസ്ക്രീനില്‍ 'സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം ശിക്ഷാര്‍ഹമാണ്' എന്ന മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് വിശദീകരണം തേടി.
സെന്‍സര്‍ ബോര്‍ഡ് റീജ്യനല്‍ ഓഫിസറും സാംസ്കാരിക വകുപ്പ് സെക്രട്ടറിയും സര്‍ക്കാരിന്റെ അഭിപ്രായം അറിയിക്കണമെന്ന് കമ്മിഷന് ആക്റ്റിങ് അധ്യക്ഷന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു.
നിലവില്‍ സിനിമയില്‍ മദ്യപാനരംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കാറുണ്ട്. ബലാല്‍സംഗം, സ്ത്രീകള്‍ക്ക് നേരെയുള്ള ശാരീരിക ഉപദ്രവം, മുഖത്തടിക്കല്‍, അസഭ്യം പറയുക തുടങ്ങിയ രംഗങ്ങളില്‍ മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റോയല്‍ കവടിയാര്‍ സംരക്ഷണ ഫോറം പ്രസിഡന്റ് ഷെഫില്‍ കവടിയാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കാമെങ്കില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് എതിരായ ബോധവല്കരണം ശക്തമാകും. മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണം. ജൂണില്‍ തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."