ടാപ്പിങ് നിലച്ചു; റബര്‍ കര്‍ഷകര്‍ക്ക് ഇരുട്ടടി
കാട്ടാക്കട: റബര്‍ മേഖല നിശ്ചലമായതോടെ കര്‍ഷകരും തൊഴിലാളികളും ദുരിതത്തിലായി. പല കുടുംബങ്ങളും ഇപ്പോള്‍ പട്ടിണിയുടെ വക്കിലാണ്. ഏപ്രില്‍ മാസംമുതല്‍ മഴ ശക്തമായതോടെ ടാപ്പിഗ് പ്രവര്‍ത്തനങ്ങള്‍ നിലച്ചു. മലയോര ഗ്രാമങ്ങളില്‍ റബര്‍മരങ്ങള്‍ ഇല്ലാത്തവര്‍ ചുരുക്കമാണ്.
ഏറ്റവും കൂടുതല്‍ റബര്‍ വ്യാപാരകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതും കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിന്‍കര താലൂക്കില്‍ തന്നെ. ടണ്‍കണക്കിന് റബറാണ് ദിനവും ഇവിടെനിന്ന് കയറ്റി അയയ്ക്കുന്നത്.
താലൂക്കിന്റെ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്ന റബര്‍ മേഖലയാണ് ഇപ്പോള്‍ സ്തംഭനാവസ്ഥയിലായത്. സാധാരണ ഒരു വര്‍ഷത്തില്‍ ഇരുനൂറോളം ടാപ്പിങ് ദിനങ്ങളാണ് ഉള്ളത്. മഴ ഇല്ലെങ്കില്‍ ഇരുനൂറ് ടാപ്പിങ് കൃത്യമായി നടക്കുമെന്നാണ് ടാപ്പിങുകാരും റബര്‍കര്‍ഷകരും പറയുന്നത്. എന്നാല്‍ ഇക്കുറി സ്ഥിതി ഗതിഗതികള്‍ പാടേ മാറിമറിഞ്ഞു.
പതിവിന് വിപരീതമായി ഇപ്രാവശ്യം മഴയുടെ തോത്‌വര്‍ധിച്ചത് മൂലം മുപ്പതിന് താഴെയാണ് ടാപ്പിങ് മാസങ്ങളായി റബര്‍ മേഖല നിശ്ചലാവസ്ഥയിലായതോടെ ടാപ്പിങ് തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണമായി.
വന്‍കിടതോട്ടങ്ങളില്‍ പോലും ടാപ്പിങ് നടക്കുന്നില്ല. തൊഴിലില്ലായ്മ മൂലം തൊഴിലാളികളുടെ വീടുകളില്‍ ഭൂരിഭാഗവും പട്ടിണിയിലാണ്. ടാപ്പിങ് നടക്കാതെ വന്നതോടെ റബര്‍വ്യാപാരകേന്ദ്രങ്ങള്‍ നിശ്ചലാവസ്ഥയിലാണ്. ഇതിനകം ചില റബര്‍കടകള്‍ അടക്കുകയും ചെയ്തു.
ദിവസേന ടണ്‍ കണക്കിന് റബര്‍ കയറ്റി അയച്ചിരുന്ന കടകള്‍ വരെ നോക്കുകുത്തിയായി മാറി കഴിഞ്ഞു സാധാരണ മഴക്കാലത്ത് റബറിന്റെ ഉദ്പാദനം കുറയുമ്പോള്‍ വില വര്‍ധിക്കാറുണ്ട്. എന്നാല്‍ ഇക്കുറി ഉദ്പാദനം ഗണ്യമായി കുറഞ്ഞിട്ടും വിലയില്‍ മാറ്റമില്ല.
മാത്രമല്ല മുന്‍പത്തേക്കാള്‍ വില ഇടിയുകയും ചെയ്തു. റബറിന്റെ ഇറക്കുമതി മൂലമാണ് വിലയിടിഞ്ഞത്. റബറിന് മികച്ച വിലയുണ്ടായിരുന്നപ്പോള്‍ ഗ്രാമീണമേഖലയില്‍ നിരവധി പേര്‍ റബര്‍ പാട്ടത്തിനെടുത്തിരുന്നു.
ആദ്യം മികച്ച വരുമാനം ലഭിച്ചിരുന്നെങ്കിലും മാസങ്ങള്‍ പിന്നിട്ടതോടെ സ്ഥിതി ഗതികള്‍ പാടേ മാറിമറിഞ്ഞു. മികച്ച ലാഭം ലക്ഷ്യമിട്ട് മിക്കവരും ബാങ്കില്‍ നിന്നും മറ്റും ലോണെടുത്തും പലിശക്കെടുത്തും മറ്റുമാണ് റബര്‍ പാട്ടത്തിനെടുത്തത്.
റബറിന്റെ വില ഗണ്യമായി ഇടിഞ്ഞതോടെ ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയാണ് ഇക്കൂട്ടര്‍ക്ക് ഉണ്ടായിരിക്കുന്നത്. മാത്രമല്ല കടക്കെണിയിലായ ചിലര്‍ ആത്മഹത്യയുടെ വക്കിലുമാണ്.
കനത്തമഴയേയും ശക്തമായ കാറ്റിനെയും തുടര്‍ന്ന് മലയോരമേഖലയില്‍ എസ്റ്റേറ്റുകളിലും വിളകളിലുമായി നൂറുകണക്കിന് റബര്‍മരങ്ങള്‍ ഒടിഞ്ഞും കടപുഴകിയും വീണു. ഇതുമൂലം കര്‍ഷര്‍ക്ക് പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."