ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവാസി സംഘടന 'തനിമ സാംസ്കാരിക വേദി' മീലാദ് കാംപയിന് തുടക്കം
റിയാദ്: ജമാഅത്തെ ഇസ്‌ലാമിയുടെ സഊദി പ്രവാസി സംഘടനയായ 'തനിമ സാംസ്കാരിക വേദി' ഒരു മാസം നീണ്ടു നിൽക്കുന്ന മീലാദ് സംഗമം നടത്തുന്നു. സഊദിയിലെ വിവിധ ഭാഗങ്ങളിൽ പരിപാടികൾ ആസൂത്രണം ചെയ്താണ് ഒക്ടോബർ 15 മുതൽ നവംബർ ആറ് വരെ നീണ്ടു നില്‍ക്കുന്ന റബീഅ് കാംപയിൻ.
പ്രവാചകന്റെ വഴിയും വെളിച്ചവും' എന്ന തലക്കെട്ടില്‍ നടക്കുന്ന തനിമ സാംസ്കാരിക വേദിയുടെ കാംപയിൻ സാഹിത്യകാരൻ പി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അന്ധകാരത്തിലാണ്ടുപോയ ജനതയെ അസാധാരണമായ ജ്ഞാനമാര്‍ഗത്തിലേക്ക് നയിച്ച മഹാവ്യക്തിത്വമാണ് പ്രവാചകന്‍ മുഹമ്മദ് നബിയെന്നും വളരെയധികം പ്രയാസകരമായ ദിനങ്ങളിലൂടെ ലോകം കടന്നുപോവുമ്പോൾ പ്രവാചക സന്ദേശം വഴിയും വെളിച്ചവുമാണെന്നും അദ്ദേഹം പറഞ്ഞു. മാനവരാശിയുടെ വിമോചനത്തിന് നിയോഗിക്കപ്പെട്ട പ്രവാചകന്റെ സന്ദേശം ലോകജനതക്കാകമാനമാണ്.
അധ:സ്ഥിതരോടുള്ള പ്രവാചകന്റെ സമീപനം എക്കാലത്തേയും മാനവകുലത്തിന് മാതൃകാപരമാണ്. പ്രവാചകന്‍ അടിമയായ ബിലാലിനോട് കാണിച്ച ദയയും കാരുണ്യവും അദ്ദേഹത്തിന് വലിയ ആത്മ വിശ്വാസമാണ് നല്‍കിയത്. വിവിധ രാജ്യങ്ങൾ തമ്മിൽ അതിർ തർക്കങ്ങളും മറ്റും നിലനിൽക്കുന്ന സാഹചര്യത്തിൽ ഹുദൈബിയ സന്ധിപോലെയുള്ള പ്രവാചകന്റെ വിട്ടുവീഴ്ച സംഭവങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും വിട്ടുവീഴ്ചകൾ കൊണ്ട് മാത്രമേ ലോകം നിലനില്‍ക്കുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തനിമ സഊദി പ്രസിഡണ്ട് കെ.എം. ബഷീർ അധ്യക്ഷത വഹിച്ച പരിപാടിയിൽ മാധ്യമം-മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹിമാന്‍ ആശംസയർപ്പിച്ചു. കാംപയിനോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ക്വിസ് മത്സര പ്രഖ്യാപനവും ചടങ്ങിൽ നടന്നു. വെസ്റ്റേൻ പ്രൊവിൻസ് പ്രസിഡണ്ട് എൻ.കെ. അബ്ദുറഹീം സ്വാഗതവും കാംപയി കൺവീനർ താജുദ്ധീൻ ഓമശ്ശേരി നന്ദിയും പറഞ്ഞു.
കാംപയിനിന്റെ ഭാഗമായി റിയാദ്, ദമാം, ജിദ്ദ പ്രാവിശ്യകളിലായി ഉന്നത വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന വ്യത്യസ്തങ്ങളായ വെബിനാറുകളും മലയാളി സുഹൃത്തുക്കള്‍ക്കായി ആകർഷമായ സമ്മാനങ്ങളോടെ മെഗാ ക്വിസ് മത്സരവും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."