ട്രേഡ് യൂണിയനുകള്‍ക്കെതിരേ എക്‌സല്‍ ഗ്ലാസ്സ് ഫാക്ടറി തൊഴിലാളികള്‍ രംഗത്ത്
മണ്ണഞ്ചേരി :ട്രേഡ് യൂണിയനുകള്‍ക്ക് തികഞ്ഞ അലസതയാണെന്ന ആരോപണവുമായി തൊഴിലാളികള്‍ രംഗത്ത്.
ജില്ലയിലെ പ്രമുഖ വ്യവസായശാലയായ പാതിരപ്പള്ളി എക്‌സല്‍ ഗ്ലാസ്സ് ഫാക്ടറിയിലാണ് കേരളത്തിന്റെ വിപ്ലവമണ്ണിലെ തൊഴിലാളികളുടെ കൂട്ടായ്മ ഇന്നലെ നടന്നത്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി തൊഴില്‍ സ്ഥിരതയില്ലാത്ത വ്യവസായശാലയായി ഈ ഫാക്ടറി മാറിയെന്ന് സ്ഥാപനത്തിലെ തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇതിനിടയില്‍ 18 മാസക്കാലം സര്‍ക്കാരിന്റെ സഹായം വാങ്ങി സ്ഥാപനത്തിന്റെ ഉടമയായ പ്രശാന്ത് സൊമനിയ കമ്പനി പ്രവര്‍ത്തിപ്പിച്ചിരുന്നു. ഇതിനുശേഷം ഒരു കാരണവുമില്ലാതെ കമ്പനി ലോക്ക് - ഔട്ട് ചെയ്യുകയായിരുന്നെന്നും തൊഴിലാളികള്‍ പരിതപിക്കുന്നു. ഈ അന്യായമായ അടച്ചുപൂട്ടലിനുശേഷം തുറക്കാന്‍ സ്ഥാപനത്തിലെ പ്രമുഖ തൊഴിലാളി സംഘടനകളൊന്നും രംഗത്തുവന്നിട്ടില്ല. ഇതാണ് നിലവില്‍ തൊഴിലാളികളുടെ രോഷത്തിന് കാരണം.
കമ്പനിയില്‍ അഞ്ച് തൊഴിലാളി യൂണിയനുകള്‍ പ്രവര്‍ത്തിച്ചിരുന്നു. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, ബി.എം.എസ്, യു.ടി.യു.സി എന്നീയൂണിയനുകളാണ് ഇവിടെയുള്ളത്. ഇവയില്‍ ഒരു സംഘടനയും തൊഴിലാളികളെ വിളിച്ചുകൂട്ടി അവരുടെ അഭിപ്രായങ്ങള്‍ ആരായന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല.
കമ്പനി പ്രവര്‍ത്തിപ്പിക്കുകയൊ സ്ഥാപനം അടച്ചതായി പ്രഖ്യാപിക്കുകയോ ചെയ്യണം എന്നാണ് തൊഴിലാളി കൂട്ടായ്മയുടെ ആവശ്യം.കാര്യങ്ങള്‍ കാട്ടി തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിന് ഇന്നുതന്നെ കത്തുനല്‍കുകയും ഇടപെട്ടില്ലെങ്കില്‍ തൊഴിലാളികൂട്ടായ്മയുടെ പേരില്‍ ശക്തമായ പ്രക്ഷോഭം നടത്തുവാനും തീരുമാനിച്ചാണ് തൊഴിലാളികള്‍ യോഗം പിരിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."