ഓപണ്‍ എയര്‍ തിയറ്റര്‍ നിര്‍മാണത്തിന് ഒച്ചിഴയും വേഗം
ചെറുവത്തൂര്‍: പൊതുപരിപാടികള്‍ സംഘടിപ്പിക്കാന്‍ സ്ഥലമില്ലാതെ വലയുമ്പോഴും ചെറുവത്തൂരില്‍ നിര്‍മിക്കുന്ന ഓപണ്‍ എയര്‍ തിയറ്റര്‍ നിര്‍മാണത്തിന് ഒച്ചിഴയും വേഗം. കരാറുകാരന്റെ അനാസ്ഥയെ തുടര്‍ന്നാണ് പ്രവൃത്തി നീണ്ടുപോകുന്നതെന്ന് ആക്ഷേപം. കെ. കുഞ്ഞിരാമന് എം.എല്‍.എ ആയിരിക്കെയാണ് തിയറ്ററിനായി തുക അനുവദിച്ചത്.
30ലക്ഷം രൂപ ചെലവില്‍ പഞ്ചായത്ത് ഓഫിസിനു പടിഞ്ഞാറ് ഭാഗത്തായാണ് തിയറ്റര്‍ നിര്‍മാണം നടക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രവൃത്തി പഞ്ചായത്തിന്റെ നേതൃത്വത്തിലാണോ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണോ നടത്തേണ്ടതെന്ന അനിശ്ചിതത്വം നിലനിന്നിരുന്നു. ഇതുപരിഹരിക്കുകയും പൊതുമരാമത്ത് വകുപ്പ് പ്രവൃത്തി ഏറ്റെടുത്ത് കാഞ്ഞങ്ങാട് സ്വദേശിക്കു കരാര്‍ നല്‍കുകയും ചെയ്തു. മണ്ണിട്ടു നിരപ്പാക്കിയ സ്ഥലത്ത് സ്റ്റേജിന്റെ പ്രാഥമിക നിര്‍മാണ പ്രവര്‍ത്തനം മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്.
നേരത്തെ ബസ് സ്റ്റാന്‍ഡിനകത്തും സമീപത്തുമൊക്കെയായാണ് പൊതുപരിപാടികള്‍ നടന്നിരുന്നത്. എന്നാല്‍ ബസ് സ്റ്റാന്‍ഡ് ഹൈടെക്കായി മാറിയതോടെ ഇതിനകത്ത് പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നത് നിരോധിച്ചു. ഇപ്പോള്‍ തൊട്ടടുത്ത ഓട്ടോ സ്റ്റാന്‍ഡ് ഉപയോഗിച്ചാണ് പരിപാടികള്‍ നടത്തി വരുന്നത്. യാത്രക്കാര്‍ക്കും പൊതുജനത്തിനും ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ പൊതു പരിപാടികള്‍ സംഘടിപ്പിക്കാന്‍ 'ഓപണ്‍ എയര്‍ തിയറ്റര്‍ സഹായകമാകും.
അടിയന്തിരമായി പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്ന നിര്‍ദേശം കരാറുകാരന് നിരവധി തവണ നല്‍കിയതായി പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു. ഈ മാസം അവസാനത്തോടുകൂടി നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാനാണ് അവസാനമായി നല്‍കിയിരിക്കുന്ന നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."