ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം സിന്ധു ഏറ്റുവാങ്ങി
മക്കിയാട്: മികച്ച സേവനപ്രവര്‍ത്തനത്തിനു നഴ്‌സുമാര്‍ക്കു കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നല്‍കുന്ന ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം വയനാട് സ്വദേശിനി സിന്ധു കരസ്ഥമാക്കി.
മക്കിയാട് കാഞ്ഞിരങ്ങാട് നെല്ലിപ്പിള്ളില്‍ രാഘവന്‍- ഭാനുമതി ദമ്പതികളുടെ മകളും മലബാര്‍ കാന്‍സര്‍ സെന്റര്‍ സ്റ്റാഫ് നഴ്‌സുമാണ് എന്‍.ആര്‍ സിന്ധു. നഴ്‌സസ് ദിനമായ മെയ് 12ന് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്നും സിന്ധു അവാര്‍ഡ് ഏറ്റുവാങ്ങി. പാവപ്പെട്ട അര്‍ബുദരോഗികളുടെ ചികിത്സാസഹായത്തിന് ധനസമാഹരണം ഉള്‍പ്പെടെയുള്ള കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും മുന്‍പന്തിയിലുള്ള ആളായിരുന്നു സിന്ധു.
രോഗംബാധിച്ച് ആത്മഹത്യ ചെയ്യാനൊരുങ്ങിയ കാസര്‍കോട് സ്വദേശിനിയായ സ്ത്രീയെ രക്ഷിച്ചതടക്കമുള്ള അനുഭവങ്ങളും ഇവരുടെ ആതുരസേവനത്തിന് കരുത്ത് പകര്‍ന്നു.
എം.സി.സിയിലെ പാലിയേറ്റീവ് വിഭാഗത്തിലാണ് സിന്ധു ഇപ്പോള്‍ സേവനമനുഷ്ടിക്കുന്നത്. നഴ്‌സ്-രോഗി ബന്ധത്തിനപ്പുറം കുടുംബപരമായ അടുപ്പവും സ്‌നേഹവും ഇവര്‍ രോഗിയുമായി പങ്കിടാറുണ്ട്. ദേശീയ -അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ പാലിയേറ്റീവ് സംബന്ധമായ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചും സിന്ധു ശ്രദ്ധ നേടിയിട്ടുണ്ട്. ഇവര്‍ രൂപകല്‍പന ചെയ്ത സ്‌റ്റോമബാഗ് ഇന്ത്യന്‍ ഓസ്റ്റമിഫോറം ദേശീയ സമ്മേളനത്തിലടക്കം അഭിനന്ദനവും അംഗീകാരവും നേടിയിരുന്നു.
ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് കൗണ്‍സിലിങ്ങിലൂടെ ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷ നല്‍കാനും സിന്ധു സജീവമാണ്. വിവിധ ജില്ലകളിലെ പാലിയേറ്റീവ് നഴ്‌സുമാര്‍ക്കുള്ള പരിശീലനം നല്‍കുന്നതും ഇവരുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.
പാലിയേറ്റീവ് ഇനീഷ്യേറ്റീവ് ഇന്‍ കണ്ണൂര്‍(പിക്) ഗവേണിങ് ബോഡി അംഗം കൂടിയാണ് ഇവര്‍. കാന്‍സര്‍ രോഗികള്‍ക്കായി ഇവര്‍ പുറത്തിറക്കിയ കൈപ്പുസ്തകങ്ങള്‍ രോഗികള്‍ക്ക് ഏറെ പ്രയോജനമാണ്. കണ്ണൂര്‍ ദേശാഭിമാനിയിലെ പി അജീന്ദ്രനാണ് ഭര്‍ത്താവ്. തലശ്ശേരി അമൃത വിദ്യാലയത്തിലെ ഹരിചന്ദന, ദേവനന്ദ എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."