തെങ്ങോലപ്പുഴുശല്യം; കാവിലുംപാറയില്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍
തൊട്ടില്‍പ്പാലം: കാവിലുംപാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വീണ്ടും തെങ്ങോലപ്പുഴു ശല്യം രൂക്ഷമാകുന്നു.
ചൊത്തക്കൊല്ലി, കോളിത്തെറ്റ് ഭാഗങ്ങളിലുള്ള നൂറുകണക്കിന് തെങ്ങുകള്‍ കീടബാധയേറ്റ നിലയില്‍ കണ്ടെത്തി. ചൊത്തക്കൊല്ലി മുകള്‍ഭാഗത്തെ പണിക്കര്‍ച്ചംവീട്ടില്‍ അമ്മദ്, തലച്ചിറയില്‍ സാറ, ധര്‍മ്മക്കുണ്ടില്‍ അമ്മദ്, ധര്‍മ്മക്കുണ്ടില്‍ സൂപ്പി എന്നിവരുടെ സ്ഥലങ്ങളിലുള്ള തെങ്ങുകളിലാണ് പുഴുശല്യം രൂക്ഷമായി കണ്ടെത്തിയത്.
രോഗം ബാധിച്ച തെങ്ങുകളിലെ ഓലകള്‍ ഉണങ്ങി നശിക്കുകയും കായ്ഫലങ്ങള്‍ മൂപ്പെത്താതെ കൊഴിഞ്ഞുവീഴുകയും ചെയ്തതിനാല്‍ ഉല്‍പാദനം കുറഞ്ഞ നിലയിലാണ്. മാസങ്ങള്‍ക്കു മുന്‍പ് ഇതേ അവസ്ഥയിലായിരുന്ന കരിങ്ങാട്, ഓടേരിപ്പൊയില്‍ ഭാഗങ്ങളിലെ കൃഷിഭൂമികളില്‍ കൃഷിമന്ത്രിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നേരിട്ടെത്തി പ്രതിരോധ മാര്‍ഗങ്ങളും അടിയന്തര സഹായങ്ങളും ലഭ്യമാക്കിയിരുന്നു. ഇപ്പോള്‍ പുഴുശല്യം വീണ്ടുമെത്തിയത് നാളികേര കര്‍ഷകരെ ഏറെ പ്രതിസന്ധിയിലാക്കുകയാണ്.
അതേസമയം കൂമ്പുചീയലും മണ്ഡരിയും മറ്റും ബാധിച്ച് നാളികേര മേഖല പൊതുവെ മന്ദീഭവിച്ച നിലയിലാണ്. ഇത് ഉല്‍പാദന മേഖലയെ വന്‍തോതില്‍ ബാധിച്ചിട്ടുമുണ്ട്. നാളികേര കര്‍ഷകര്‍ പ്രയാസമനുഭവിക്കുമ്പോഴാണ് ഇരട്ടപ്രഹരമായി ഇത്തരം തെങ്ങോലപ്പുഴു ശല്യം വ്യാപകമാകുന്നത്. പുഴുശല്യത്തിനെതിരേ ബന്ധപ്പെട്ടവര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."