മഴ വയനാട്ടില്‍; വെള്ളമത്രയും കര്‍ണാടകയ്ക്ക്
പുല്‍പ്പള്ളി: വയനാട്ടില്‍ പെയ്യുന്ന മഴവെള്ളം അത്രയും ഒഴുകി കര്‍ണാടകയെ ഹരിത പൂര്‍ണമാക്കുമ്പോള്‍ ഈ പ്രദേശത്തുകാര്‍ കുടിവെള്ളം പോലും ലഭിക്കാതെ ദുരിതമനുഭവിക്കുന്നു. കേരളത്തിലെ രൂക്ഷമായ വരള്‍ച്ച ബാധിത പ്രദേശങ്ങളായ മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ ഇത്തവണ സമാന്യം നല്ലതോതിലാണ് വേനല്‍മഴ ലഭിച്ചത്. എന്നാല്‍, ഇവിടെ പെയ്യുന്ന മഴവെള്ളം അത്രയും ഒഴുകി കബനിപ്പുഴയിലൂടെ കര്‍ണാടകയിലെത്തി ബീച്ചനഹള്ളി അണക്കെട്ടില്‍ ശേഖരിച്ച് കര്‍ണാടകയെ ഹരിതാഭമാക്കി മാറ്റുകയാണ്.
വയനാട്ടിലെ പ്രധാന പുഴകളായ മാനന്തവാടി, പനമരം പുഴകള്‍ മാനന്തവാടി കൂടല്‍ക്കടവില്‍ സംഗമിച്ച് കബനിയിലേക്കാണ് ഒഴുകുന്നത്. ബാവലി പുഴയും തിരുനെല്ലിപ്പുഴയും കന്നാരം പുഴയുമെല്ലാം ഇവിടെ പെയ്യുന്ന മഴവെള്ളം അത്രയും കബനിയിലൂടെ കര്‍ണാടകയിലേക്ക് തന്നെയാണ് ഒഴുക്കുന്നത്.
വയനാട്ടിലെ ചെറുതും വലുതുമായ നിരവധി തോടുകളിലൂടെയും നീര്‍ച്ചാലുകളിലൂടെയും കാനന ചോലകളിലൂടെയും ഒഴുകുന്ന വെള്ളം ഒഴുകി കബനിയിലും കര്‍ണാടക ഭൂപ്രദേശങ്ങളിലുമാണ് പതിക്കുന്നത്.
എന്നാല്‍ കാലാകാലങ്ങളായി വയനാട്ടില്‍ വേനല്‍ക്കാലങ്ങളില്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന ജനങ്ങളുടെ ദുരിതമകറ്റുന്നതില്‍ ഭരണാധികാരികള്‍ പരാജയപ്പെടുകയാണ്.
പുല്‍പ്പള്ളി പഞ്ചായത്തിലെ ആനപ്പാറയില്‍ കടമാന്‍തോട്ടില്‍ ചെറിയ അണക്കെട്ട് നിര്‍മിച്ച് വെള്ളം ശേഖരിക്കാന്‍ കഴിയും. എന്നാല്‍ മാറിവരുന്ന ഭരണാധികാരികള്‍ നിസാര കാരണത്താല്‍ പിന്മാറുന്നതാണ് ഇത്തരം പദ്ധതികള്‍ക്ക് തടസമാകുന്നതെന്നാണ് ജനങ്ങള്‍ വിലയിരുത്തുന്നത്. വയനാടിന് ആവശ്യമായ വെള്ളം ഇവിടെ തന്നെ ശേഖരിക്കാന്‍ കഴിയാത്തതാണ് ഇവിടുത്തെ പ്രധാന പ്രശ്‌നമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വേനല്‍ക്കാലങ്ങളില്‍ മാത്രം ജലസംരക്ഷണത്തിനായി മുറവിളിയുയരുകയും അതിനുശേഷം ഉണ്ടാകുന്ന സമൃദ്ധമായ മഴയെ അവഗണിക്കുകയുമാണ് ഇവിടുത്തെ പ്രധാന പ്രശ്‌നമെന്ന വാദം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."