പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 122 കുടുംബങ്ങള്‍ക്ക് വീടൊരുക്കാന്‍ സ്ഥലം
തിരുവനന്തപുരം: കഴിഞ്ഞ പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട 122 കുടുംബങ്ങള്‍ക്ക് വീടൊരുക്കാന്‍ സ്ഥലം. ഇടുക്കി ജില്ലയില്‍ 122 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ സ്ഥലം വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.
കഴിഞ്ഞ പ്രളയത്തില്‍ പുറമ്പോക്കില്‍ രേഖകളില്ലാതെ കുടില്‍ കെട്ടി താമസിച്ചവരുള്‍പ്പെടെയുള്ളവരുടെ വീടുകള്‍ ഒലിച്ചു പോയിരുന്നു. തുടര്‍ന്ന് ഇവരെ പുനരധിവസിപ്പിക്കാന്‍ സ്ഥലം കണ്ടെത്തി വിലയ്ക്ക് വാങ്ങുകയോ സ്‌പോണ്‍സര്‍ഷിപ്പില്‍ സ്ഥലം കണ്ടെത്തുകയോ ചെയ്യണമെന്ന് എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 122 കുടുംബങ്ങള്‍ക്കായി ഇടുക്കിയില്‍ 4 ഏക്കര്‍ 85 സെന്റ് സ്ഥലം ജില്ലാ കലക്ടര്‍ കണ്ടെത്തി സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. ഇതേ തുടര്‍ന്നാണ് 7.32 കോടി രൂപയ്ക്ക് സ്ഥലം വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
കഞ്ഞിക്കുഴി, കൊന്നത്തടി, തങ്കമണി, വതികുടി, കല്‍ക്കൂന്തല്‍, പെരിയാര്‍ എന്നിവിടങ്ങളിലാണ് സ്ഥലം കണ്ടെത്തിയത്. ഈ സ്ഥലം വാങ്ങാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് പണം നല്‍കുന്നത്.
ഒരു കുടുംബത്തിന് ആറു ലക്ഷം രൂപ സ്ഥലം വാങ്ങാനും നാലു ലക്ഷം രൂപ വീട് നിര്‍മിക്കാനുമാണ് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. പൂര്‍ണമായും വീട് തകര്‍ന്നവര്‍ക്ക് നാലുലക്ഷം രൂപ നല്‍കാനും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്തു ലക്ഷം രൂപ നല്‍കാനും, രേഖകളില്ലാതെ പുറമ്പോക്കില്‍ താമസിച്ചവരെയും പുനരധിവസിപ്പിക്കാനും നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ഇടുക്കി ജില്ലയില്‍ 1,897 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതില്‍ 405 വീടുകള്‍ രേഖകളില്ലാതെ പുറമ്പോക്കിലുള്ളതാണ്. എറണാകുളം ജില്ലയില്‍ 157ല്‍ 109ഉം പുറമ്പോക്കിലുള്ളതാണ്.
കോഴിക്കോട്ട് പുറമ്പോക്കില്‍ താമസിച്ചിരുന്ന 45 കുടുംബങ്ങള്‍ക്ക് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പാലക്കാട്ട് 84 കുടുംബങ്ങള്‍ക്കാണ് സ്ഥലം കണ്ടെത്തേണ്ടത്. വയനാട്ടില്‍ പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ 2.2 ഏക്കര്‍ സ്ഥലം സ്‌പോണ്‍സര്‍ഷിപ്പില്‍ ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."