അല്‍പമാശ്വാസം: രോഗികളേക്കാള്‍ രോഗമുക്തര്‍ ; ഇന്ന് 4287പേര്‍ക്ക് കൊവിഡ്: 20 മരണം, 3711പേര്‍ക്ക് സമ്പര്‍ക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4287പേര്‍ക്ക് കൊവിഡ്. 20 പേരുടെ മരണവും സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 3711 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 471പേരുടെ രോഗത്തിന്റെ
ഉറവിടമറിവായിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ 53 ആരോഗ്യ പ്രവര്‍ത്തകരുണ്ട്. 93274 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 7101 പേര്‍ക്കാണ് ഇന്ന് രോഗമുക്തിയുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35141 പേരുടെ സാമ്പിള്‍ പരിശോധിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
ചില സ്ഥലങ്ങളില്‍ ക്വാറന്റീനില്‍ കഴിയുന്നവരുടെ വീടുകളുടെ അടുത്തുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയുന്നവരോട് അസഹിഷ്ണുത കാണിക്കുന്നു. കൊവിഡിനെതിരായ പോരാട്ടത്തിന്റെ മുന്‍നിരയിലുള്ളവരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവര്‍ക്ക് വേണ്ട സഹായം നമ്മള്‍ നല്‍കണം. അവര്‍ രോഗം സ്ഥിരീകരിക്കാത്തവരാണ്. പ്രൈമറി കോണ്ടാക്ടില്‍ വന്നവരാണ്്. സമൂഹ സുരക്ഷ കൂടി കരുതിയാണ് അവര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. അവരോട് മോശമായ പെരുമാറ്റം ഉണ്ടാകരുത്. മാന്യമായി ഇടപെടുകയും പിന്തുണ നല്‍കുകയും വേണം.
അയല്‍ക്കൂട്ട യോഗം, റെസിഡന്‍സ് അസോസിയേഷന്‍ തുടങ്ങിയവയുടെ കാര്യത്തില്‍ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുത്. ബ്രേക് ദി ചെയിന്‍ നിര്‍ദ്ദേശം യോഗത്തില്‍ പങ്കെടുക്കുന്നവര്‍ പാലിക്കണം. പ്രായമായവരെയും കുട്ടികളെയും ഇത്തരം യോഗങ്ങളില്‍ നിന്ന് ഒഴിവാക്കണം. മുഖ്യമന്ത്രി പറഞ്ഞു.
കൊല്ലത്ത് കൊവിഡ് രോഗ നിര്‍ണയത്തിന് പുതിയ സംവിധാനം ഒരുക്കുന്നു. ലാബ് രോഗബാധിതരുടെ അടുക്കലേക്ക് എത്തും. ആസ്തി വികസന ഫണ്ടില്‍ നിന്ന് 17 ലക്ഷം രൂപ ചെലവാക്കി കെബി ഗണേഷ് കുമാര്‍ എം.എല്‍.എയാണ് ലാബ് സജ്ജമാക്കിയത്. ഇതില്‍ ആന്റിജന്‍ പരിശോധന നടത്താനും ആര്‍ടിപിസിആറിന് വേണ്ട സ്രവവും ശേഖരിക്കാനാവും.
തൃശ്ശൂരില്‍ 31 തദ്ദേശ സ്ഥാപനങ്ങള്‍ അതിനിയന്ത്രിത മേഖലയാക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജിനെ പൂര്‍ണ്ണ സജ്ജമാക്കി മരണ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചു. സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. കാസര്‍കോട് ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിര്‍മ്മിച്ച ആശുപത്രി ബുധനാഴ്ച പ്രവര്‍ത്തനം തുടക്കും. മെഡിക്കല്‍ പാരാമെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തില്‍ 191 തസ്തിക ഒരുക്കി. ഇപ്പോള്‍ കൊവിഡാശുപത്രിയാണ്. കൊവിഡ് നിയന്ത്രണ വിധേയമായാല്‍ സാധാരണ ആശുപത്രിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."