ദുരന്തത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ട് ലോക ബാങ്ക് എ.ഡി.ബി സംഘം
തൊടുപുഴ: ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പ്രളയക്കെടുതിയിലും ഇടുക്കി ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് എത്തിയ ലോകബാങ്ക് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് പ്രതിനിധികള്‍ക്ക് ജില്ലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ വ്യാപ്തി ബോധ്യമായി.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ സംഘം റോഡ് ഗതാഗതം, ഭവനം, കൃഷി, പൊതുനിര്‍മ്മിതികള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ജീവനോപാധികള്‍ എന്നിവക്ക് നേരിട്ട വ്യാപകമായ നാശനഷ്ടങ്ങള്‍ നേരിട്ട് ബോധ്യമായതായി വെളിപ്പെടുത്തി.
ജില്ലയിലെ സന്ദര്‍ശനത്തിന് ശേഷം ഇടുക്കി ഗവ. ഗസ്റ്റ് ഹൗസില്‍ ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് സംഘാംഗങ്ങള്‍ വിലയിരുത്തലുകള്‍ വ്യക്തമാക്കിയത്. ജില്ലയിലെ അടിസ്ഥാന സൗകര്യങ്ങളുടെയും പൊതുനിര്‍മ്മിതികളുടെയും ഭവനങ്ങളുടെയും നിലവിലുള്ള മൂല്യത്തിന് ഉപരിയായി നിലവിലുണ്ടായിരുന്ന സംവിധാനങ്ങള്‍ മെച്ചപ്പെട്ട സ്ഥിതിയില്‍ പുനര്‍നിര്‍മ്മിതിക്ക് വേണ്ടിവരുന്ന ചെലവുകള്‍ അടിസ്ഥാനമാക്കി പദ്ധതികള്‍ക്കുള്ള എസ്റ്റിമേറ്റ് രൂപപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചു. ജില്ലയുടെ പുനര്‍നിര്‍മ്മിതിക്കാവശ്യമായ നിര്‍ദ്ദേശങ്ങളും പദ്ധതികളും ഞായറാഴ്ചക്കകം ലഭ്യമാക്കുന്നതിന് സംഘം നിര്‍ദ്ദേശിച്ചു.
ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും പൂര്‍ണ്ണ വിവരങ്ങളടങ്ങിയ പ്രോജക്ടുകള്‍ ശനിയാഴ്ച ഉച്ചക്ക് 12നകം കലക്ട്രേറ്റില്‍ ലഭ്യമാക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആര്‍.ഡി.ഒ എം.പി വിനോദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.ലോകബാങ്ക് സംഘത്തിലെ ടീം ലീഡര്‍ ദീപക്‌സിംഗ്, എ.ഡി.ബി കണ്‍സള്‍ട്ടന്റ് അനില്‍ദാസ്, മറ്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തു. സംഘാംഗങ്ങള്‍ അടുത്ത ദിവസങ്ങളില്‍ കോട്ടയം, പത്തനംംതിട്ട ജില്ലകളില്‍ സന്ദര്‍ശനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."