പെരിയാറിലും പമ്പയിലും സംഭവിച്ചത്
പെരിയാറും പമ്പയും കരകവിഞ്ഞൊഴുകുക പതിവാണ്. ഈ നദീതീരങ്ങളിലുള്ളവര്‍ക്ക് അതിനേപ്പറ്റി നല്ല ധാരണയുമുണ്ട്. വെള്ളം ഉയരുന്നെന്നു മനസിലാക്കിയാല്‍ രാത്രിപോലും കാവലിരുന്ന് വെള്ളത്തിന്റെ ഒഴുക്കും വരവും ഉയര്‍ച്ചയും കണക്കുകൂട്ടുന്നവരാണവര്‍. പിന്നെയെന്തുകൊണ്ടാണ് കേരളത്തില്‍ പ്രളയദുരന്തമുണ്ടായത്. (ഉരുള്‍പൊട്ടല്‍ ഇതില്‍നിന്നുവിഭിന്നമാണ്.)
വെള്ളം ഉയരുന്നതിനെപ്പറ്റിയോ സ്വീകരിക്കേണ്ട മുന്‍കരുതലിനെപ്പറ്റിയോ യാതൊരു ധാരണയുമില്ലാതിരുന്ന 1924ലെ പ്രളയത്തില്‍ പോലും ജനങ്ങള്‍ ഒരുവിധം അത് കൈകാര്യം ചെയ്തു. ഇന്ന് സാങ്കേതികത വികസിച്ച സമയത്ത് ജീവനുവേണ്ടി കേഴേണ്ടിവന്ന സമൂഹത്തെ കണ്ടില്ലെന്നു നടിക്കാന്‍ ഭരണസംവിധാനങ്ങള്‍ക്ക് കഴിയില്ല.
പെരിയാറിലെ ഇടുക്കി അണക്കെട്ടു തുറക്കുന്നതിനുമുന്‍പ് ഗ്രീന്‍, യെല്ലോ, ഓറഞ്ച്, റെഡ് അലേര്‍ട്ടുകള്‍ നല്‍കി. റെഡ് അലേര്‍ട്ടിനുപിന്നാലെ മുന്നറിയിപ്പില്ലാതെ അണക്കെട്ടു തുറന്നു. ഇടുക്കിയില്‍ നിന്ന് കുതിച്ചൊഴുകിയ പ്രളയജലം ഏതൊക്കെ ഭൂഭാഗങ്ങളെ വിഴുങ്ങുമെന്നു വിദഗ്ധരെന്നു സ്വയം അഭിമാനിക്കുന്നവര്‍ക്ക് അറിയില്ലായിരുന്നു.
ഡാം മാനേജ്‌മെന്റ് എന്നുപറയുന്ന ഈ സംവിധാനമറിയാതെ ഷട്ടറും തുറന്നു കൈയ്യും കെട്ടിയിരുന്ന വൈദഗ്ധ്യമില്ലാത്ത വിദഗ്ധരും അതിനു അനുമതി നല്‍കിയ നേതൃത്വവും സ്വാഭാവികമായും പ്രതിക്കൂട്ടിലാവും. ഡാം സേഫ്റ്റി ചെയര്‍മാന്‍ പറയുന്നതു പ്രളയമുണ്ടാകുന്നതും ജനങ്ങള്‍ മരിക്കുന്നതും സ്വാഭാവികമാണെന്ന നിരുത്തരവാദപരമായ നിലപാടാണ്.
പെരിയാറായാലും പമ്പയായാലും കരകവിഞ്ഞാല്‍ വൈദ്യുതിബന്ധം വിഛേദിക്കുന്ന ഏര്‍പ്പാടുണ്ട്. നിശ്ചയമായും വേണ്ടതു തന്നെയാണ്. എന്നാല്‍, തുടര്‍ന്ന് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ ജനങ്ങളിലെത്തുന്നില്ലെന്നു മനസ്സിലാക്കേണ്ടിയിരുന്നതല്ലേ. സാധാരണപോലെ ഉയരുന്ന ജലനിരപ്പു രണ്ടുദിവസമോ അഞ്ചുദിവസമോ കഴിഞ്ഞ് ഒഴിഞ്ഞുപോകുന്ന പതിവ് പമ്പയുടെ തീരത്തു പുരാതന കാലംതൊട്ടേയുള്ളതാണ്. അതിനോടു ജനങ്ങള്‍ പ്രതികരിക്കുന്നതു വളരെ പോസിറ്റീവായിട്ടാണ്. കരകവിഞ്ഞു വെള്ളമൊഴുകുന്നത് ആഘോഷമായി കാണുന്നെന്നു പറയുന്നതിലും തെറ്റുണ്ടെന്നു തോന്നുന്നില്ല.
ഇത്തവണത്തെ വെളളപ്പൊക്കത്തെയും അന്നാട്ടുകാര്‍ അങ്ങനെതന്നെയാണു കണ്ടത്. എന്നാല്‍, ഇതു സാധാരണ വെള്ളപ്പൊക്കമല്ല, ജീവനും സ്വത്തും നഷ്ടപ്പെടുന്ന പ്രളയമാണ് ഉണ്ടാകാന്‍ പോകുന്നതെന്നു ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ട ഉത്തരവാദിത്വം ആരുടേതായിരുന്നു. മൈക്കില്‍ കൂടി വിളിച്ചുപറഞ്ഞുകൊണ്ടുപോയെന്നു പറയുന്നു. അവിടെ ഡാമുകള്‍ തുറക്കുന്നതു മുന്‍പും മൈക്കില്‍ കേട്ടിട്ടുള്ളവരാണു നാട്ടുകാര്‍. ടിവികള്‍ വ്യക്തമായ ചിത്രം നല്‍കിയിരുന്നെങ്കിലും വൈദ്യുതി ബന്ധമില്ലാതിരുന്ന പമ്പയുടെ കരകളില്‍ ടിവി, റേഡിയോ പോയിട്ടു മൊബൈല്‍ഫോണുകള്‍ പോലും ചത്ത അവസ്ഥയിലായിരുന്നു. അതായത്, 1924 ല്‍ നിന്ന് ഒട്ടും ഭിന്നമല്ലാത്ത പ്രളയമാണു ജനങ്ങള്‍ക്കു നേരിടേണ്ടിവന്നത്.
ഡാമില്‍ നിന്നു താഴേയ്ക്കു റാന്നിയിലും ആറന്മുളയിലും ചെങ്ങന്നൂരും പാണ്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലും അവസാനം കുട്ടനാട്ടിലും വെള്ളമെത്താന്‍ അഞ്ചും എട്ടും മണിക്കൂറുകള്‍ എടുക്കുമെന്നിരിക്കേ പൊലിസിനെയും ജനപ്രതിനിധികളെയും വേണ്ടവിധം അറിയിച്ചു അവരുടെ സേവനം ഉപയോഗിക്കുന്നതില്‍ അധികൃതര്‍ക്കു വീഴ്ചപറ്റിയെന്നതു പകല്‍പോലെ വ്യക്തം.
ഡാമില്‍ നിന്നു തുറുന്നുവിട്ട വെള്ളത്തിന്റെ അളവും അത് എത്രമാത്രം ഉയരുമെന്ന സാമാന്യകണക്കും ജനങ്ങളെ അറിയിക്കുന്നതിലും അവര്‍ പരാജയപ്പെട്ടു.
ജനങ്ങളെ യഥാവിധി അറിയിച്ചിരുന്നെന്നു പറഞ്ഞു കൈകഴുകുന്ന രാഷ്ട്രീയക്കാരന്റെ കുത്സിതബുദ്ധി അന്നാട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ചില എം.എല്‍.എമാര്‍ ഭരണനേതൃത്വത്തിന്റെ ഭാഗമാണെന്നു അറിയാമെന്നിരിക്കെയും സര്‍ക്കാരിനെതിരേ രൂക്ഷമായി പ്രതികരിച്ചതും ഇക്കാരണത്താലാണ്. വെളളപ്പൊക്കമുണ്ടാകാത്തിടങ്ങളിലെ സഹജീവികള്‍ അന്നാട്ടുകാരുടെ അഹങ്കാരത്തിന്റെ ഫലമാണുണ്ടായതെന്നും മുന്നറിയിപ്പ് അവഗണിച്ചതാണു കാരണമെന്നുമൊക്കെ കരുതുന്നത് അറിവില്ലായ്മ മൂലമാണ്.
വെള്ളമുയരുമ്പോള്‍ നദി ഇടത്തോടുകളിലൂടെയും മറ്റും കടക്കുകയും ക്രമേണയുള്ള ഉയര്‍ച്ചയുടെ ഫലമായി കരകവിയുകയുമാണു സ്വാഭാവിക പ്രതിഭാസം. എന്നാല്‍, പമ്പയിലെ ഡാമുകള്‍ ഓറഞ്ചോ, റെഡോ മുന്നറിയിപ്പുകള്‍ പോലുമില്ലാതെ ഉയര്‍ത്തി സെക്കന്‍ഡില്‍ പത്തുലക്ഷത്തിലധികം ലിറ്റര്‍ ജലം പുറത്തുവിട്ടതാണ് (ഇടുക്കിയില്‍ ആ സമയം പുറത്തുവിട്ടത് 85,000 ലിറ്ററായിരുന്നെന്ന് ഓര്‍ക്കുക) പ്രളയത്തെ മനുഷ്യനിര്‍മിതമെന്നു വിളിക്കാന്‍ കാരണം. വെളളം ഉയര്‍ന്നുവന്നതു കേവലം പമ്പയിലൂടെ മാത്രമായിരുന്നില്ല. റോഡുകളിലൂടെയും പറമ്പുകളിലൂടെയുമെല്ലാം കടന്നുവന്ന വെള്ളം പ്രളയംതന്നെയായിരുന്നു.
അതില്‍ നിന്നു രക്ഷപ്പെടാന്‍ ടെറസിനു മുകളില്‍ കയറിയവരുണ്ടായിരുന്നു. ഓടിട്ട വീടുകളിലുണ്ടായിരുന്നവരും ടെറസ്സുള്ള വീടുകളിലെത്തി. ഇരുനിലകെട്ടിടത്തിലുള്ളവര്‍ മുകളിലേയ്ക്കു കയറി. ടെറസില്‍ വെളിച്ചമില്ലാതെ, പ്രളയജലത്തിന്റെ ശബ്ദം മാത്രം കേട്ട്, കാറ്റിലും മഴയിലും അകപ്പെട്ടു തണുത്തു വിറങ്ങലിച്ച് ആഹാരവും വെളളവുമില്ലാതെ ന നഞ്ഞൊട്ടിയ വസ്ത്രവുമായി പിഞ്ചുകുഞ്ചുകുഞ്ഞുങ്ങളുമായി നാലും അഞ്ചും ദിവസം ജീവനുവേണ്ടി പോരാടിയ ജനതയുടെ അതിജീവനത്തിന്റെ കഥയാണ് ഈ പ്രളയം പറഞ്ഞുതരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."