ആറ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 9ന് കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലും ജൂണ്‍ 10ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതല്‍ 204.5 mm വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ആവശ്യപ്പെട്ടു.
ജൂണ്‍ 6ന് മലപ്പുറം, പത്തനംതിട്ട എന്നീ ജില്ലകളിലും, ജൂണ്‍ 7ന് കോഴിക്കോട് ജില്ലയിലും ജൂണ്‍ 8ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലും, ജൂണ്‍ 9ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലും, ജൂണ്‍ 10ന് പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ 'Yellow' (മഞ്ഞ) അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ദിവസങ്ങളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കാലാവസ്ഥ പ്രവചനങ്ങള്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലേര്‍ട്ടുകളിലും മാറ്റം വരാനുള്ള സാധ്യതയുണ്ട്. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.
ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ മാറ്റങ്ങള്‍ വന്നേക്കാമെന്നത് കൂടി പരിഗണിച്ച് കാലാവസ്ഥ പ്രവചനത്തില്‍ വരുന്ന അപ്ഡേറ്റുകളും സ്ഥിതിഗതികളൂം വിശകലനം ചെയ്ത് പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ നാളെ ഉച്ചയോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കും. തെറ്റായ പ്രചരണങ്ങളില്‍ നിന്നും ജനങ്ങളില്‍ ഭീതി സൃഷ്ടിക്കുവാനുമുള്ള ശ്രമങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടുള്ളതല്ല. ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം പ്രചരിപ്പിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."