HOME
DETAILS

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഗുരുതര പ്രതിസന്ധികള്‍

  
backup
October 27 2020 | 21:10 PM

989248321-2020-octo

 

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഇപ്പോള്‍ എത്തിനില്‍ക്കുന്നത് 'സ്റ്റാഗ്ഫ്‌ളേഷന്‍' എന്നു വിശേഷിപ്പിക്കാവുന്ന ഗുരുതരമായ സ്ഥിതിവിശേഷത്തിലാണ്. ലളിതമായി പറഞ്ഞാല്‍, സാമ്പത്തിക മേഖലയില്‍ വളര്‍ച്ചാ മുരടിപ്പിനോടൊപ്പം വര്‍ധിച്ചുവരുന്ന പണപ്പെരുപ്പവും ഒരേസമയം അനുഭവപ്പെട്ടു വരുന്നൊരു പ്രതിഭാസമാണിത്. ജി.ഡി.പി വളര്‍ച്ച ധനകാര്യ വര്‍ഷത്തില്‍ ആദ്യപാദത്തില്‍തന്നെ 23.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇതേതുടര്‍ന്ന് തൊഴിലില്ലായ്മ കുത്തനെ ഉയരുകയും ഉപഭോക്തൃസൂചിക ആര്‍.ബി.ഐ പ്രതീക്ഷിച്ചിരുന്ന ആറു ശതമാനത്തിലേറെയായി വര്‍ധിക്കുകയും ചെയ്തു. സമ്പദ്‌വ്യവസ്ഥയില്‍ ഒരവസരത്തില്‍ രേഖപ്പെടുത്തിയ തൊഴിലില്ലായ്മ സ്വാതന്ത്ര്യാനന്തര കാലയളവിലെ നാലര പതിറ്റാണ്ടിനിടയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കുമായിരുന്നു.


ഗൗരവതരമായ പശ്ചാത്തലത്തെ സംബന്ധിച്ച് തീര്‍ത്തും അലംഭാവത്തോടെയുള്ള സമീപനമാണ് സാമ്പത്തിക നയരൂപീകരണ മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി നിര്‍മല സീതാരാമനും നീതി ആയോഗ് അധികൃതരും പിന്തുടര്‍ന്നു വരുന്നത്. ഈ നിസ്സംഗത അതിരുവിടുന്നുവെന്ന് തോന്നിയതിനെ തുടര്‍ന്നാണ് കാര്യവിവരമുള്ള ഏതാനും ധനശാസ്ത്രജ്ഞര്‍ ഇക്കാര്യത്തിലുള്ള അതൃപ്തി പരസ്യമായി പ്രകടമാക്കിയത്. ഇക്കൂട്ടത്തില്‍ ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ ഡോ. സി. രങ്കരാജനും എന്‍.സി.എ.ഇ.ആര്‍ എന്ന ദേശീയ ഗവേഷണ സ്ഥാപനത്തിലെ ഫെലോ ഡോ. സുദീപ്‌തോ മണ്ഡലും മുന്‍ മുഖ്യ സ്റ്റാറ്റിസ്റ്റീഷ്യനായ ഡോ. പ്രണബ് സെന്നും ഉള്‍പ്പെടുന്നു. ഇവരെ കൂടാതെ ധനശാസ്ത്രത്തിലെ നൊബേല്‍ സമ്മാന ജേതാക്കളായ ഡോ. അമര്‍ത്യാ സെന്നും ഡോ. അഭിജിത് ബാനര്‍ജിയും ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍മാരായ ഡോ. രഘുറാം ഗോവിന്ദരാജനും ഡോ. ഊര്‍ജിത് പട്ടേലും ബാങ്കിങ് മേഖലയുടെ തകര്‍ച്ചയെപ്പറ്റിയും മിസ് മാനേജ്‌മെന്റിനെപ്പറ്റിയും നിരവധി തവണ വിയോജിപ്പും ആശങ്കയും പ്രകടമാക്കിയിട്ടുമുണ്ട്. നിലവിലുള്ള ഈ ദയനീയാവസ്ഥയ്ക്കു കൊവിഡിനുമേല്‍ മാത്രം പഴിചാരി രക്ഷപ്പെടുന്നതില്‍ അര്‍ഥമില്ലെന്നാണ് ഇതിലൂടെ വ്യക്തമാക്കപ്പെടുന്നത്. ഇത്തരമൊരു ദുരന്തത്തിനിടയാക്കിയ സാഹചര്യം സൃഷ്ടിക്കുന്നതില്‍ ഡിമോണറൈസേഷനോടൊപ്പം വേണ്ടത്ര പഠനങ്ങളില്ലാതെ നടപ്പാക്കാനാരംഭിച്ച ജി.എസ്.ടിയും പങ്കുവഹിച്ചിട്ടുണ്ട്. ഇത്രയൊക്കെയായിട്ടും സമ്പദ്‌വ്യവസ്ഥയുടെ പ്രതിസന്ധി ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ തന്റെ സര്‍ക്കാരിനു സാധ്യമാകുമെന്ന അമിതമായ ആത്മവിശ്വാസത്തിലാണ് പ്രധാനമന്ത്രിയെന്നു കാണുമ്പോള്‍ അത്ഭുതം തോന്നുന്നു.
'ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്' (സെപ്റ്റംബര്‍ 7, 2020) ദിനപത്രം ഏറെക്കുറെ വിശദമായിത്തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നത്, ഡോ. സി. രങ്കരാജന്‍, ഡോ. സുദീപ്‌തോ മണ്ഡല്‍, ഡോ. പ്രണബ്‌സെന്‍ എന്നീ മൂന്ന് അക്കാദമിക് ചിന്തകര്‍ മോദി സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയസമീപനങ്ങളോട് അവര്‍ക്കുള്ള അതിശക്തമായ വിയോജിപ്പാണ്. പണപ്പെരുപ്പ നിരക്കിന്റെ കാര്യത്തില്‍ ആര്‍.ബി.ഐ നിജപ്പെടുത്തിയിരിക്കുന്ന ആറു ശതമാനം എന്ന പരിധി തീര്‍ത്തും അയഥാര്‍ഥമായിരുന്നുവെന്നാണ്.
നാഷനല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് എന്ന ദേശീയ ഗവേഷണ ഏജന്‍സിയുടെ ഫെലോ ആയ ഡോ. സുദീപ്‌തോ മണ്ഡല്‍ പറയുന്നത് ശ്രദ്ധിക്കുക: 'സമ്പദ്‌വ്യവസ്ഥ രൂക്ഷമായ സ്റ്റാഗ്ഫ്‌ളേഷനിലേയ്ക്ക് കടന്നിരിക്കുകയാണ്. അതില്‍നിന്ന് പുറത്തുകടക്കുക ഒരു വെല്ലുവിളിയാണ്. ധനകാര്യ പണനയങ്ങള്‍ വളര്‍ച്ച കൈവരിക്കുന്നതിനോടൊപ്പം തന്നെ, പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാന്‍ പര്യാപ്തവുമായ നിലയില്‍ രൂപപ്പെടുത്തിയെടുക്കേണ്ടതുമാണ്'. ഒരുവശത്തു സാമ്പത്തിക വളര്‍ച്ചാ നിരക്കിന്റെ വളര്‍ച്ച തുടര്‍ച്ചയായി നടന്നുവരുമ്പോള്‍ തന്നെ, മറുവശത്തു പണപ്പെരുപ്പമെന്ന പ്രതിഭാസവും നിലനില്‍ക്കുന്നു. ഇന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ കാണുന്ന ഗുരുതരമായ തൊഴിലില്ലായ്മയും രൂക്ഷമായ പണപ്പെരുപ്പ നിരക്കും ഇതിന്റെ പ്രതിഫലനങ്ങളാണ്. ഡോ. രങ്കരാജന്‍ സ്റ്റാഗ്ഫ്‌ളേഷനെന്ന് വിശേഷിപ്പിക്കുന്നില്ലെങ്കിലും ലിക്വിസിറ്റി സമ്പദ്‌വ്യവസ്ഥയിലേയ്ക്ക് ഇഞ്ചെക്ട് ചെയ്യേണ്ടതായ സാഹചര്യം ഉടലെടുക്കുന്നുവെങ്കില്‍, പണപ്പെരുപ്പം കുത്തനെ ഉയരുകതന്നെ ചെയ്യും എന്നാണ് അഭിപ്രായപ്പെടുന്നത്. അതായത്, സമ്പദ്‌വ്യവസ്ഥയില്‍ മാന്ദ്യ പ്രതിസന്ധിയുണ്ട്. ഉത്തേജനം ഉറപ്പാക്കാന്‍ കൂടുതല്‍ പണം വേണം. ക്രയശേഷിയും ഉയര്‍ത്തണം. ജി.ഡി.പി നിരക്ക് തളര്‍ച്ചയില്‍ തുടരുന്നതിനാല്‍ സമ്പദ്‌വ്യവസ്ഥയിലേയ്ക്ക് ഒഴുകിയെത്തുന്ന അധികപണം ഉല്‍പാദനവര്‍ധന നടക്കുന്നില്ലെന്നതിനാല്‍ പണപ്പെരുപ്പത്തിനിടയാക്കുകയും ചെയ്യും. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഈ കൊവിഡ് കാലത്ത് അഭിമുഖീകരിക്കുന്ന യഥാര്‍ഥ പ്രതിസന്ധി ഇതാണ്. ഇതിലേയ്ക്ക് നയിച്ചത് 'ആക്ട് ഓഫ് ഗോഡ്' അല്ല. മഹാമാരിക്കു മുന്‍പുതന്നെ, മോദി സര്‍ക്കാര്‍ നടപ്പാക്കിയ ഡിമോണറൈസേഷനും ജി.എസ്.ടി പരിഷ്‌കാരവുമാണ്.
നിലവിലുള്ള പ്രതിസന്ധി തരണം ചെയ്യുന്നതിനു മോദി ഭരണകൂടം നടത്തിവരുന്ന 'ലിക്വിസിറ്റി ബൂസ്റ്റിങ്' നടപടികള്‍ താഴെത്തട്ടിലുള്ളവരിലേക്ക് എത്തുന്നില്ലെന്ന യാഥാര്‍ഥ്യമെങ്കിലും ബന്ധപ്പെട്ടവര്‍ തിരിച്ചറിയണം. ഈ ഘട്ടത്തില്‍ കൂടുതല്‍ പ്രസക്തമായി കാണേണ്ടൊരു ഉത്തേജന പദ്ധതിയാണ് ഗ്രാമീണ തൊഴില്‍ദാന പദ്ധതി (എ.എന്‍.ആര്‍.ഇ.ജി.എ)യുടെ വ്യാപനവും പ്രോത്സാഹനവും. ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ നടപ്പാക്കാനാരംഭിച്ച ഈ പദ്ധതിയെപ്പറ്റി ഡോ. രങ്കരാജനും അറിവുണ്ടായിരിക്കും. കാരണം, അക്കാലത്ത് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി അധ്യക്ഷനായിരുന്നല്ലോ അദ്ദേഹം. ഡിമോണറൈസേഷന്‍ ഏല്‍പ്പിച്ച ആഘാതത്തെ തുടര്‍ന്ന് നിര്‍ജീവാവസ്ഥയിലായ ഗ്രാമീണമേഖലയുടെ പുനരുദ്ധാരണത്തിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം ദേശീയ തൊഴില്‍ദാന പദ്ധതിയാണ്. ഒടുവില്‍ ലഭ്യമായ വിവരമനുസരിച്ച് നഗരമേഖലയിലും സമാനമായൊരു പദ്ധതിക്കു പ്രസക്തിയുണ്ടെന്ന തിരിച്ചറിവ് അധികൃത സ്ഥാനത്തുള്ളവര്‍ക്ക് ഉണ്ടായിട്ടുണ്ടെന്നാണ്. ഇതിനിടയാക്കിയത്, അതിഥി തൊഴിലാളികളുടെ കൂട്ടത്തോടെയുള്ള മൈഗ്രേഷനും-പലായനവും- റിവേഴ്‌സ് മൈഗ്രേഷനും- വിപരീത ദിശയിലേയ്ക്കുള്ള പലായനവും ആണ്. ഈ രണ്ടു പ്രക്രിയകളും അനുസ്യൂതം തുടരുന്നുമുണ്ട്.


മുന്‍ ചീഫ് സ്റ്റാറ്റിസ്റ്റീഷ്യന്‍ ഡോ. പ്രണബ് സെന്‍, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി പൂര്‍ണമായും സ്റ്റാഗ്ഫ്‌ളേഷനല്ലെന്ന അഭിപ്രായക്കാരനാണ്. കാരണം, ഉപഭോക്തൃ പണപ്പെരുപ്പ സൂചിക തുടര്‍ച്ചയായി ഉയരുമ്പോള്‍ തന്നെ, മൊത്ത വിലസൂചിക നേരിടുന്നത് പണഞെരുക്കത്തിന്റെ പ്രതിസന്ധിയാണ്. അതുകൊണ്ടുതന്നെ ഉപഭോക്താക്കളുടെ പ്രശ്‌നം പണപ്പെരുപ്പത്തിന്റേതാണെങ്കില്‍ ഉല്‍പാദകരുടെ പ്രശ്‌നം പണഞെരുക്കത്തിന്റെയും വിലക്കുറവിന്റേതുമാണ്. മഹാമാരിയുടെ വ്യാപനം ഇന്നത്തെ നിലയില്‍ തുടരുമെങ്കില്‍ പ്രാദേശിക ലോക്ക്ഡൗണുകളുടെ സാധ്യതകളും നിലനില്‍ക്കുന്നുണ്ട്.
എ.എന്‍.ആര്‍.ഇ.ജി.എയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ആദ്യഘട്ട സഹായത്തിനു ശേഷം ഈ പദ്ധതി അവഗണിക്കപ്പെടുകയാണുണ്ടായത്. മാത്രമല്ല, 2020 ഓഗസ്റ്റില്‍ ഈ പദ്ധതി തന്നെ തകര്‍ന്നുപോയി എന്നുകൂടിയാണ്. സമാനമായ ആശയം തന്നെയാണ് ഡോ. രഘുറാം രാജന്റേതും. പൊതുചെലവിലും നിക്ഷേപത്തിലും ഇടതടവില്ലാതെ വര്‍ധന ഉറപ്പുവരുത്തുകയാണ് നിക്ഷേപകര്‍ക്കിടയില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗം. സര്‍ക്കാരിന് ആത്മവിശ്വാസമുണ്ടായതുകൊണ്ട് കാര്യമില്ല. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അവകാശപ്പെടുന്നതു പോലെ സമ്പദ്‌വ്യവസ്ഥയില്‍ 'വി-ഷേപ്പിലുള്ള റിക്കവറി' ഉണ്ടാക്കുന്നുണ്ടെന്ന് ആവര്‍ത്തിക്കുന്നതില്‍ അര്‍ഥമില്ല. ധനമന്ത്രി നിര്‍മല സീതാരാമന്റെ ഏറ്റവുമൊടുവില്‍ പുറത്തുവന്ന അഭിപ്രായപ്രകടനവും സമാനമായ ഒന്നാണ് (ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്, 24-09-2020).


അമിത ആത്മവിശ്വാസ പ്രകടനത്തിനപ്പുറം സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലെത്തിച്ച തെറ്റായ നയങ്ങളില്‍ തിരുത്തല്‍ വരുത്താനോ സാമ്പത്തിക വിദഗ്ധരുടെ ഉപദേശവും നിര്‍ദേശങ്ങളും കണക്കിലെടുക്കാനോ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകുന്നില്ല. ഇതോടൊപ്പം മോദി സര്‍ക്കാരിന്റെ സജീവ പരിഗണന അനിവാര്യമായിരിക്കുന്നത് വികസന യജ്ഞങ്ങളോടൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുകയെന്നതാണ്. കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍, കൊട്ടും കുരവയുമായി പ്രഖ്യാപിച്ച പരിസ്ഥിതി ആഘാത വിലയിരുത്തല്‍ (ഇ.ഐ.എ) വിജ്ഞാപനത്തിനെതിരായി രണ്ടു മില്യന്‍ പേരുടെ എതിരഭിപ്രായങ്ങള്‍ ദിവസങ്ങള്‍ക്കകം ഒഴുകിയെത്തിയ വസ്തുത പ്രസക്തമാണ്. കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന വ്യാവസായിക, ആഭ്യന്തര ഘടനാ വികസന പദ്ധതികളുമായി ബന്ധപ്പെട്ട വിജ്ഞാപനമാണിത്. പരിസ്ഥിതി പ്രവര്‍ത്തകര്‍ മാത്രമല്ല, നൂറുകണക്കിനു വിദ്യാര്‍ഥികളും അധ്യാപകരും ശാസ്ത്രജ്ഞരും രാഷ്ട്രീയ പ്രവര്‍ത്തകരുമാണ് ഈ നിയമത്തിനെതിരായി രംഗത്തുവന്നിരിക്കുന്നത്.


കൂടാതെ, സ്ഥായിയായ വികസനത്തിനു പരിസ്ഥിതി സംരക്ഷണം അനിവാര്യ ഘടകമാണെന്ന് വിഷയവുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭാ വക്താക്കളും ഈ വിജ്ഞാപനത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. ബിസിനസ് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പരിസ്ഥിതി സംരക്ഷണം അപ്പാടെ ഉപേക്ഷിക്കുന്ന സമീപനത്തിന്റെ പേരിലാണ് സര്‍ക്കാര്‍ വിജ്ഞാപനം ശക്തമായ വിമര്‍ശനത്തിനു വിധേയമാക്കപ്പെട്ടിരിക്കുന്നത്. അതുപോലെ, പ്രൊജക്ട് നിലവില്‍ വന്നതിനു ശേഷം മാത്രം പരിസ്ഥിതി ആഘാതപഠനവും ക്ലിയറന്‍സും നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥയും വിമര്‍ശനത്തിന്റെ കേന്ദ്രബിന്ദുവാക്കപ്പെട്ടിരിക്കുന്നു. വികസന പദ്ധതികളുടെ പരിസ്ഥിതി ആഘാത പഠനത്തില്‍, ശാസ്ത്രീയ വീക്ഷണവും വസ്തുനിഷ്ഠമായ സമീപനവും ഉറപ്പാക്കുമെന്നതിനാവശ്യമായ വ്യവസ്ഥകള്‍ വിജ്ഞാപനത്തില്‍ ഇടം കണ്ടെത്തിയിട്ടുമില്ല. അതായത്, കോര്‍പറേറ്റ് താല്‍പര്യങ്ങളും ചങ്ങാത്ത മുതലാളിത്തവും ആയിരിക്കും മുന്‍ഗണനാ വിഷയങ്ങളാക്കപ്പെടുക. ആഗോള എന്‍വയണ്‍മെന്റ് പെര്‍ഫോര്‍മന്‍സ് സെന്‍സെക്‌സി (2018)ല്‍ 180 ലോകരാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയുടെ സ്ഥാനം 177ല്‍ നില്‍ക്കുന്നു എന്ന സ്ഥിതിവിശേഷവും ഗൗരവപൂര്‍വം പരിഗണിക്കപ്പെടേണ്ടതാണ്. ഇതിലേറെ നമ്മുടെ രാജ്യം തരംതാഴ്ത്തപ്പെടാന്‍ ഇടയാവരുത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജൗലി പള്ളിയുടെ മൂന്നുനില പൊളിച്ചുനീക്കാന്‍ ഉത്തരവ്

Kerala
  •  2 months ago
No Image

തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി; ജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ സജ്ജമാക്കുമെന്ന്  മന്ത്രി എം ബി രാജേഷ്

Kerala
  •  2 months ago
No Image

വാക്‌പോര്, പ്രതിഷേധം. ബഹിഷ്‌ക്കരണം, ബഹളമയമായി സഭ; പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു

Kerala
  •  2 months ago
No Image

എയ്ഡഡ് സ്ഥാപന മേധാവികളുടെ അധികാരം റദ്ദാക്കിയ നടപടി സർക്കാർ പിൻവലിക്കും

Kerala
  •  2 months ago
No Image

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അട്ടിമറിക്ക് ശ്രമം  ലോക്കോ പൈലറ്റുമാരുടെ അവസരോചിത ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം

National
  •  2 months ago
No Image

50,000 കണ്ടെയ്‌നർ നീക്കം, ട്രയൽ റൺ കാലത്തുതന്നെ വിഴിഞ്ഞത്തിന് നേട്ടം

Kerala
  •  2 months ago
No Image

സഞ്ജൗലി പള്ളിയുടെ മൂന്നുനില പൊളിച്ചുനീക്കാന്‍ ഉത്തരവ്; പൊളിക്കല്‍ ചെലവ് വഖ്ഫ് ബോര്‍ഡും പള്ളിക്കമ്മിറ്റിയും നിര്‍വഹിക്കണം

National
  •  2 months ago
No Image

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

National
  •  2 months ago
No Image

അയേണ്‍ഡോമുകളെ പരാജയപ്പെടുത്തി ഹിസ്ബുല്ലയുടെ റോക്കറ്റ് കുതിപ്പ്, ആക്രമണം ഹൈഫയില്‍ പത്തിലേറെ പേര്‍ക്ക് പരുക്ക്; ഞെട്ടിത്തരിച്ച് ഇസ്‌റാഈല്‍  

International
  •  2 months ago
No Image

കറാച്ചി വിമാനത്താവളത്തിന് സമീപം സ്‌ഫോടനം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, 17 പേര്‍ക്ക് പരിക്ക് 

International
  •  2 months ago