കൃഷ്ണന്‍ വൈദ്യരും 'വിഷ്ണു'വും; ഒരപൂര്‍വ സൗഹൃദ കഥ
കോഴിക്കോട്: ഇപ്പം കുറച്ചായി ഇവന്‍ ഇങ്ങനെയാണ്. ഇവിടെ വരുന്ന കുട്ടികള്‍ പിടിക്കാന്‍ ശ്രമിക്കുന്നത് പേടിച്ചാണു വരാത്തത്-കൃഷ്ണന്‍ വൈദ്യര്‍ പറഞ്ഞു. പിന്നെ നീട്ടിവിളിച്ചു; വിഷ്ണൂ... വിളികേട്ട് താമരയിലകള്‍ക്കിടയിലൂടെ ഒളികണ്ണിട്ടെങ്കിലും കൂടുതല്‍ ആളുകളെ കണ്ടതോടെ പിന്നെയും വെള്ളത്തിലൊളിച്ചു. ആരാണ് വിഷ്ണു എന്നല്ലെ! കൃഷ്ണന്‍ വൈദ്യരോടു ചോദിച്ചാല്‍ പറയും. 'എനിക്ക് എന്റെ മകനെ പോലെയാണവന്‍'. ആളൊരു ആമയാണ്. ചുവന്ന തലയുള്ള അപൂര്‍വയിനം.
കോഴിക്കോട് ഗാന്ധി പാര്‍ക്കിലെത്തുന്നവര്‍ക്ക് സുപരിചിതരാണ് കൃഷ്ണന്‍ വൈദ്യരും 'വിഷ്ണുവും'. കഴിഞ്ഞ മൂന്നുവര്‍ഷമായി ഈ അപൂര്‍വസൗഹൃദം ആരംഭിച്ചിട്ട്. അദ്ദേഹത്തിന്റെ കൈയില്‍നിന്ന് ദിവസവും എന്തെങ്കിലും കഴിച്ചിരിക്കണമെന്നത് 'വിഷ്ണു'വിനു നിര്‍ബന്ധമാണ്. അതുകൊണ്ട് ഉച്ചയ്ക്ക് ഒന്നിനും ഒന്നരയ്ക്കും ഇടയില്‍ വിഷ്ണൂ എന്ന നീട്ടിയുള്ള വിളികേട്ട് കക്ഷി വെള്ളത്തിനു മുകളില്‍ വരും. ഭക്ഷിച്ച് തിരിച്ചുപോകും.
കോഴിക്കോട് അഴകൊടി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കൃഷ്ണന്‍ വൈദ്യര്‍ 37 വര്‍ഷമായി ഗാന്ധി പാര്‍ക്കിലുണ്ട്. മണ്‍കൂനയായിരുന്ന പാര്‍ക്ക് ഇന്നു കാണുന്ന രീതിയിലായതില്‍ ഇദ്ദേഹത്തിന്റെ പങ്ക് ശ്രദ്ധേയമാണ്. പ്രകൃതിയോടും ജീവികളോടും പണ്ടുതൊട്ടെ സ്‌നേഹം പുലര്‍ത്തിയിരുന്നു ഇദ്ദേഹം. തികച്ചും യാദൃശ്ചികമായാണ് വൈദ്യര്‍ക്ക് 'വിഷ്ണു'വിനെ കിട്ടുന്നത്.
സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് 'വിഷ്ണു'വിനെ കൃഷ്ണന്‍ വൈദ്യര്‍ക്ക് ലഭിക്കുന്നത്. വിഷ്ണുവിന്റെ അവതാരമാണെന്നു പറഞ്ഞ് സന്ദര്‍ശകര്‍ എത്താന്‍ തുടങ്ങിയപ്പോള്‍ സുഹൃത്ത് വൈദ്യര്‍ക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് ആമയെ പാര്‍ക്കിലെ കുളത്തില്‍ കൊണ്ടിട്ടു. വിഷ്ണുവിന്റെ അവതാരമായതു കൊണ്ട് പേരിടാന്‍ ശങ്കിക്കേണ്ടി വന്നില്ല. തന്റെ കൈയിലെ വറുത്ത മീന്‍ കഷ്ണങ്ങള്‍ ഭക്ഷണമായി നല്‍കിത്തുടങ്ങി. അതിനുശേഷം ആമ വളരെ പെട്ടന്നു തന്നെ വളര്‍ന്നു. ആ പതിവ് ഇപ്പോഴും തുടര്‍ന്നുപോകുന്നു.
കക്ഷി പാവമാണെങ്കിലും ചില കുസൃതികളും കൈയിലുണ്ട്. ഭക്ഷണം കുറഞ്ഞുപോയാല്‍ അന്ന് അദ്ദേഹത്തിന്റെ കൈക്ക് കടി ഉറപ്പാണ്. പിന്നെ സ്‌നേഹത്തോടെ ശാസിക്കണം കൈവിടാന്‍. ആളില്ലാത്ത സമയങ്ങളില്‍ പാര്‍ക്കിലെ കാടുകളില്‍ കാറ്റുകൊള്ളാനിറങ്ങും പുള്ളി. അങ്ങനെ ചില ദിവസം 'വിഷ്ണു'വിനെ കാണാതാകാറുമുണ്ട്.
എന്നാലിപ്പോള്‍ പാര്‍ക്കിലെത്തുന്നവരുടെ ഉപദ്രവം കാരണം കുളത്തില്‍ തന്നെയാണ് അധികസമയവും. സന്ദര്‍ശകര്‍ കുളത്തിലേക്ക് കല്ലെറിയുകയും വടികൊണ്ടു കുത്തിയിളക്കുകയും ചെയ്യുന്നതു കാരണം പേടിച്ചാണു കഴിയുന്നത്. അതുകൊണ്ടുതന്നെ ആമകള്‍ക്കിഷ്ടമായ ചെടി തേടിക്കൊണ്ടിരിക്കുകയാണ് കൃഷ്ണന്‍ വൈദ്യര്‍. ആ ചെടിക്കു ചുവട്ടിലാണ് സാധാരണ ആമകള്‍ എത്തുന്നത്. അവയ്ക്കാവശ്യമായ ഭക്ഷണവും ചെടി നല്‍കും.
'മറ്റാര് ഭക്ഷണം നല്‍കിയാലും അവന്‍ കഴിക്കില്ല. ഞാന്‍ തന്നെ കൊടുക്കണം' - കൃഷ്ണന്‍ വൈദ്യര്‍ പറയുന്നു. അതുകൊണ്ടാണ് ഇങ്ങനെയൊരു അന്വേഷണം. മൂന്നു വര്‍ഷത്തിനിടയ്ക്ക് കേവലം അഞ്ചുദിവസമാണ് ഇവര്‍ പിരിഞ്ഞുനിന്നത്. വീഴ്ചയെ തുടര്‍ന്ന് കാലിനു പരുക്കേറ്റപ്പോഴായിരുന്നു വൈദ്യര്‍ വിട്ടുനിന്നത്. ഒരു വേദനയ്ക്കും തകര്‍ക്കാന്‍ പറ്റാത്ത അത്ര ഉറപ്പുള്ളതാണ് ഈ സൗഹൃദം. പ്രായാധിക്യത്താല്‍ പാര്‍ക്കിലെത്തുന്നതിന് ചെറിയ ബുദ്ധിമുട്ടുള്ളതുകൊണ്ട് ആമയെ വീട്ടിലേക്ക് കൊണ്ടു പോകുന്നതിനെക്കുറിച്ചു വരെ ചിന്തിച്ചുകഴിഞ്ഞു ഇദ്ദേഹം.
വലിയ ടാങ്ക് വേണമെന്നതാണ് പ്രധാന തടസം. എന്നാലും നഗരത്തിനു നടുവിലെ ഈ അപൂര്‍വ്വ സൗഹൃദം കേട്ടറിഞ്ഞ് നിരവധി പേരാണ് ഇവിടെയെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."