മലേഗാവ് സ്‌ഫോടനക്കേസ്: ഒടുവില്‍ പ്രഗ്യാ സിങ് കോടതിയില്‍ ഹാജരായി
ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടനക്കേസില്‍ വാദം കേള്‍ക്കാനായി ബി.ജെ.പി ഭോപ്പാല്‍ എം.പിയായ പ്രതി പ്രഗ്യാ സിങ് ഠാക്കൂര്‍ കോടതിയില്‍ ഹാജരായി. കേസില്‍ ജാമ്യത്തിലുള്ള പ്രഗ്യാ സിങ് മുന്‍പ് ഹാജരാവാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
തനിക്ക് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് ഒരു കാര്യവും അറിയില്ലെന്ന് വാദത്തിനിടെ പ്രഗ്യാ സിങ് കോടതിയോട് പറഞ്ഞു. കേസില്‍ ഇതുവരെ 116 സാക്ഷികളെ കോടതി വിസ്തരിച്ചു. കോടതി നടപടികള്‍ പൂര്‍ത്തിയാകും വരെ കോടതിയിലുണ്ടാകണമെന്നും പ്രഗ്യാ സിങ്ങിനോട് കോടതി നിര്‍ദേശിച്ചു.
വയറുവേദനയെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം പ്രഗ്യാ സിങ് കോടതിയില്‍ ഹാജരായിരുന്നില്ല. എന്നാല്‍ അതേ ദിവസം തന്നെ കല്യാണ ചടങ്ങില്‍ സംബന്ധിച്ചതോടെ കോടതിയില്‍ വിമര്‍ശനവും നേരിട്ടു. അടുത്ത ദിവസം നിര്‍ബന്ധമായും കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഹാജരാകാത്ത പക്ഷം പ്രഗ്യാ സിങ്ങിനെതിരെ ഗുരുതര നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും മുംബൈ കോടതി ഇന്നലെ നല്‍കിയിരുന്നു.
ലോക്‌സഭാ എം.പി എന്ന നിലയില്‍ പാര്‍ലമെന്റിലെ നടപടികളില്‍ പങ്കെടുക്കേണ്ടതുള്ളതിനാല്‍ വാദം കേള്‍ക്കുന്ന സമയത്ത് തനിക്ക് കോടതിയിലെത്താന്‍ സാധിക്കില്ലെന്ന് പറഞ്ഞും പ്രഗ്യാ സിങ് നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍, ഈ ഹര്‍ജി കോടതി തള്ളിക്കളയുകയായിരുന്നു. കേസില്‍ വാദം കേള്‍ക്കുന്ന സമയത്ത് പ്രഗ്യാ സിങ്ങിന്റെ സാന്നിധ്യം അത്യാവശ്യമാണെന്ന് പറഞ്ഞാണ് കോടതി ഹര്‍ജി തള്ളിക്കളഞ്ഞത്.
2008 സെപ്റ്റംബര്‍ 29 നാണ് മലേഗാവില്‍ ഒരു മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ച രണ്ട് ബോംബ് പൊട്ടിത്തെറിച്ചത്. ഇതില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ദിഗ് വിജയ് സിങ്ങിനെ പരാജയപ്പെടുത്തിയാണ് പ്രഗ്യാ സിങ് ലോക്‌സഭയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."