മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി
കട്ടപ്പന: ജില്ലയില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. പൊതുനിരത്തുകളിലും പറമ്പുകളിലും ഓടകളിലും വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യമുള്‍പ്പെടെയുള്ളവയുടെ വ്യാപനം കുറയ്ക്കുന്നതിനാണ് ഈ വര്‍ഷം മുന്‍ഗണന നല്‍കുന്നത്.
പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്നതും കത്തിക്കുന്നതും മൂലം പകര്‍ച്ചവ്യാധികള്‍ കൂടുന്നതായുള്ള പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷത്തെ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ഹരിത പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തുന്നത്.
ജില്ലയില്‍ തദ്ദേശസ്ഥാപനങ്ങളില്‍ വാര്‍ഡ്തലം വരെയുള്ള ആരോഗ്യ ശുചിത്വ സമിതികള്‍ അടുത്ത ആഴ്ചയോടെ പൂര്‍ത്തിയാകും. ആരോഗ്യവകുപ്പും തദ്ദേശഭരണവകുപ്പും ചേര്‍ന്ന് എല്ലാ തലങ്ങളിലും സംഘടിപ്പിക്കുന്ന സുരക്ഷിത ശുചീകരണ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനം വിപുലമാക്കും.
എല്ലാ വാര്‍ഡിലും സാനിട്ടേഷന്‍ സമിതിയുടെ നേതൃത്വത്തില്‍ ആരോഗ്യസ്ഥാപനങ്ങള്‍, ഗ്രന്ഥശാലകള്‍, സന്നദ്ധ സംഘടനകള്‍, റസിഡന്റസ് അസോസിയേഷനുകള്‍, സ്‌കൂളുകള്‍, നാഷനല്‍ സര്‍വീസ് സ്‌കീം, എന്‍സിസി, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ എന്നിവരെ സഹകരിപ്പിച്ചാണ് ക്യാംപയിന്‍ നടത്തുക. വാര്‍ഡുതല പ്രവര്‍ത്തനം ഓരോ ആഴ്ചയിലും വാര്‍ഡുതല സമിതികള്‍ അവലോകനം ചെയ്ത് തദ്ദേശഭരണ വകുപ്പിന്റെ വെബ്െസെറ്റില്‍ റിപ്പോര്‍ട്ട് ചെയ്യണം.ഇതനുസരിച്ചു ശുചീകരണം കൂടുതല്‍വേണ്ട സ്ഥലങ്ങളില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നതിനും നടപടിയായിട്ടുണ്ട്. രണ്ടാഴ്ചയിലൊരിക്കല്‍ തദ്ദേശഭരണ സ്ഥാപനതലത്തില്‍ അവലോകനം ചെയ്യും. ജില്ലാ ആസൂത്രണ സമിതി ഇതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. കല്യാണം മുതലായ സദ്യ സ്ഥലങ്ങളില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനു നടപടിയായിട്ടുണ്ട്.
ജില്ലാതലത്തില്‍ ഒരു പരിശോധനാ സംഘം രൂപീകരിച്ച് തദ്ദേശഭരണ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നടപടി സ്വീകരിക്കും.
ആഴ്ചയിലൊരു ദിവസം ഡ്രൈ ഡേ ആചരിക്കും. വെള്ളിയാഴ്ചകളില്‍ സ്‌കൂളുകളിലും ശനിയാഴ്ചകളില്‍ ഓഫിസുകളിലും ഞായറാഴ്ചകളില്‍ പൊതുസ്ഥലങ്ങളിലും വീടുകളിലുമായിരിക്കും ഡ്രൈ ഡേ. ഈ സന്ദേശം എല്ലാ വീടുകളിലും എത്തിക്കുന്നതിന് വാര്‍ഡംഗങ്ങള്‍, വകുപ്പുകളിലെ ഫീല്‍ഡ്തല ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍ എന്നിവരുടെ സംഘങ്ങളെ നിയോഗിച്ചു.
പഞ്ചായത്തുതലത്തില്‍ പ്രസിഡന്റ് അധ്യക്ഷനും മെഡിക്കല്‍ ഓഫിസര്‍ കണ്‍വീനറുമായുള്ള സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. മുനിസിപ്പല്‍ തലത്തില്‍ ചെയര്‍മാന്‍ അധ്യക്ഷനും ആരോഗ്യസമിതി ചെയര്‍മാന്‍ ഉപാധ്യക്ഷനും മെഡിക്കല്‍ ഓഫിസര്‍ കണ്‍വീനറുമാകും. സന്നദ്ധപ്രവര്‍ത്തകരെ നാമനിര്‍ദേശം ചെയ്യാനുള്ള അധികാരം അതതു തദ്ദേശസ്ഥാപനത്തിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."