മദ്യപിച്ച് വാഹനമോടിച്ച 15 ഡ്രൈവര്‍മാര്‍ അറസ്റ്റില്‍
ആലുവ: സ്‌കൂള്‍ ബസ് ഉള്‍പ്പടെ മദ്യപിച്ച് വാഹനമോടിച്ച 15 ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. ഇന്നലെ രാവിലെ ആലുവ സി.ഐ വിശാല്‍ ജോണ്‍സണ്‍, എസ്.ഐ ഹണി കെ. ദാസ് എന്നിവരുടെ നേതൃത്വത്തില്‍ നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.
ആലുവ വിദ്യോദയ സ്‌കൂളിലേക്ക് വിദ്യാര്‍ഥികളെ കൊണ്ടുപോകുകയായിരുന്ന ബസിന്റെ ഡ്രൈവറാണ് പിടിലായത്. ആലുവ-എറണാകുളം, ആലുവ-അങ്കമാലി, ആലുവ-വരാപ്പുഴ റൂട്ടുകളിലോടുന്ന നാല് ബസുകളിലെ ഡ്രൈവര്‍മാരും മദ്യപിച്ചിരുന്നതായി കണ്ടെത്തി.
കൂടാതെ ഒരു കുടിവെള്ള ടാങ്കര്‍ ഓടിച്ചിരുന്ന ഡ്രൈവറും മദ്യപിച്ചിരുന്നതായി കണ്ടെത്തി. ഇവരുടെയെല്ലാം ലൈസന്‍സ് ആറു മാസത്തേക്ക് റദ്ദാക്കണമെന്ന് ആര്‍.ടി.ഒ അധികൃതരോട് ആവശ്യപ്പെടുമെന്ന് ആലുവ സി.ഐ വിശാല്‍ ജോണ്‍സണ്‍ അറിയിച്ചു.
പല ബസ് ജീവനക്കാരും രാത്രി സര്‍വീസ് കഴിഞ്ഞാല്‍ ബസ് പാര്‍ക്ക് ചെയ്ത് അതിനകത്തിരുന്ന് അമിതമായ രീതിയില്‍ മദ്യപിക്കുന്നുണ്ട്.
അതിനുശേഷം മദ്യലഹരി കെട്ടടങ്ങുന്നതിന് മുന്‍പാണ് പുലര്‍ച്ചെ വീണ്ടും ബസോടിക്കുന്നത്. രണ്ട് മാസത്തിന് മുമ്പ് ഇത്തരത്തില്‍ പരിശോധന നടത്തി 18 പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം അറിയിച്ചു. സ്‌കൂള്‍ബസ് ഡ്രൈവര്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളെ മറ്റൊരു വാഹനത്തില്‍ സ്‌കൂളിലെത്തിച്ചു.
വാഹനങ്ങള്‍ മദ്യപിക്കുന്നവരല്ല ഓടിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ സ്‌കൂള്‍ അധികൃതരോട് പ്രത്യേക സംവിധാനമൊരുക്കാനും പൊലിസ് ആവശ്യപ്പെട്ടു. വരുംദിവസങ്ങളില്‍ പരിശോധനകള്‍ തുടരുവാനാണ് തീരുമാനമെന്ന് സി.ഐ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."