മൗനവും ഒരു ഭാഷയാണ്
''നിങ്ങളെന്തിനാണ് സംസാരിക്കാന്‍ ഇത്ര പിശുക്കു കാണിക്കുന്നത്..?'' ഒരാള്‍ തത്വജ്ഞാനിയോട് ചോദിച്ചു.
ജ്ഞാനി പറഞ്ഞു: ''ദൈവം എനിക്ക് രണ്ടു കാതുകളും ഒരു നാവും തന്നത് പറയുന്നതിനെക്കാള്‍ കൂടുതല്‍ കേള്‍ക്കാനും കേള്‍ക്കുന്നതിനെക്കാള്‍ കൂടുതല്‍ പറയാതിരിക്കാനുമാണ്.''
ഒരാളുടെ തനിനിറം മറച്ചുപിടിക്കാന്‍ ഭംഗിയുള്ള വസ്ത്രങ്ങള്‍ക്കു കഴിഞ്ഞേക്കും. വസ്ത്രങ്ങള്‍ കണ്ട് ആളുകള്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്‌തേക്കും. എന്നാല്‍ അയാളുടെ വായില്‍നിന്നു വരുന്ന വങ്കത്തങ്ങള്‍ അയാളെ അതിവേഗം പുറത്തുകാണിക്കും. അവിടെ ഭംഗിയുള്ള വസ്ത്രങ്ങളുണ്ടായിട്ടു കാര്യമില്ല. അതുകൊണ്ടാണ് വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന പോലെ വാക്കുകളും തെരഞ്ഞെടുക്കണമെന്നു പറയുന്നത്. യോജിക്കാത്ത വസ്ത്രങ്ങള്‍ ധരിക്കുന്നത് ന്യൂനതയായി കാണുന്നപോലെ യോജിക്കാത്ത വാക്കുകളുപയോഗിക്കുന്നതും ന്യൂനതയായി കാണാനുള്ള പക്വത നേടണം. വസ്ത്രം നമുക്ക് അലങ്കാരം പ്രദാനം ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ നല്ല വാക്കുകള്‍ നമുക്ക് ശോഭ നല്‍കും. ഒരു വസ്ത്രമെടുക്കാന്‍ ചിലര്‍ അനേക തവണ തുണിക്കടയില്‍ കയറിയിറങ്ങാറുണ്ട്. കയറിയാല്‍ തന്നെ ഏതെങ്കിലുമൊന്നില്‍ ഉറപ്പിക്കാന്‍ അനേകസമയവുമെടുക്കും. എന്നാല്‍ വാക്കുകള്‍ പ്രയോഗിക്കുന്നിടത്ത് ഒരു തെരഞ്ഞെടുപ്പുമില്ല..! തോന്നിയതെല്ലാം വിളിച്ചുപറയുന്ന സ്വഭാവം..! അവസാനം, ഞാന്‍ അറിയാതെ പറഞ്ഞുപോയതാണെന്ന ക്ഷമാപണവും..!
ബുദ്ധിമാനിയുടെ നാവ് അയാളുടെ ബുദ്ധിക്കു പിറകിലാണെന്നും വിഡ്ഢികളുടെ നാവ് അവരുടെ ബുദ്ധിയുടെ മുന്നിലാണെന്നും വിവേകികള്‍ പറയാറുണ്ട്. ബുദ്ധിമതികള്‍ ചിന്തിച്ചു പറയും. വിഡ്ഢികള്‍ പറഞ്ഞശേഷം ചിന്തിക്കും. ബുദ്ധിമാനികള്‍ പറഞ്ഞതോര്‍ത്ത് സന്തോഷിക്കുമ്പോള്‍ വിഡ്ഢികള്‍ പറഞ്ഞതോര്‍ത്ത് ഖേദിക്കുന്നതതുകൊണ്ടാണ്.
പഠിച്ചിട്ടു മാത്രം പ്രയോഗിക്കേണ്ട ഒന്നാണ് സംസാരം. അതെവിടെ പ്രയോഗിക്കണമെന്നും എവിടെ പ്രയോഗിക്കരുതെന്നുമുള്ള അറിവ് ഒരാളുടെ വ്യക്തിത്വത്തെ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
അറിയുന്നതെല്ലാം പറയേണ്ടതില്ല. പക്ഷെ, പറയുന്ന കാര്യത്തെ കുറിച്ച് വ്യക്തമായ അറിവും ബോധവുമുണ്ടായിരിക്കണം.
പഴങ്ങള്‍ തിന്നിട്ടില്ലേ. പഴുത്ത് പാകമായ ശേഷമാണ് അതു തിന്നുക.. പാകമാവും മുന്‍പ് തിന്നാല്‍ പുളിയും കൈപ്പുമൊക്കെയായിരിക്കും രുചി. വേഗം വലിച്ചെറിയേണ്ട ഗതിയും വരും.. അതുപോലെ വാക്കുകള്‍ പാകമായ സമയത്ത് വേണം പ്രയോഗിക്കാന്‍. പാകമാവും മുന്‍പ് പറഞ്ഞാല്‍ പലര്‍ക്കും അതു രസിക്കില്ല. രസിക്കാത്ത പഴങ്ങള്‍ ചവച്ചുതുപ്പുന്നപോലെ നമ്മുടെ വാക്കുകളും ആളുകള്‍ ചവച്ചുതുപ്പിയേക്കും. അതില്ലാതാക്കാന്‍ സമയം നോക്കി വേണം പ്രയോഗിക്കാന്‍.
മൗനം മഹാന്മാരുടെ ഭാഷയാണ്. മൗനത്തിന് ഒരുതരം കാന്തിക ശക്തിയുണ്ട്. വായാടികളില്‍നിന്ന് ആളുകളകലുമ്പോള്‍ മൗനികളിലേക്ക് ആളുകളടുക്കും. കാരണം, മൗനികള്‍ മിക്കവാറും പക്വമതികളായിരിക്കും. അര്‍ഥമുള്ള വാക്കുകള്‍ മാത്രമേ അവര്‍ പറയൂ. ഓരോ വാക്കുകളും വിത്തുകളാണെന്നും അവയ്ക്ക് ജനമനസുകളില്‍ വളരാനുള്ള ശക്തിയുണ്ടെന്നും അവര്‍ക്കറിയാം.
കൂടുതല്‍ സംസാരിക്കുന്നവര്‍ക്ക് കൂടുതല്‍ ചെലവാണ്. അവര്‍ അതിന് വലിയ വില കൊടുക്കേണ്ടി വരും. ഫോണ്‍ ബില്ലില്‍ വലിയ സംഖ്യകളുള്ള വിഭാഗം അവരാണല്ലോ. ഫോണ്‍ വഴി സംസാരിക്കുന്നതിന് മനുഷ്യന്‍ മനുഷ്യനില്‍നിന്ന് വില ഈടാക്കാറുണ്ടെങ്കില്‍ ഫോണിന്റെ സഹായം പോലും ആവശ്യമില്ലാതെ മറ്റുള്ളവരോട് സംസാരിക്കാന്‍ ദൈവം തമ്പുരാന്‍ ബില്ല് അയയ്ക്കുകയാണെങ്കില്‍ എത്രയായിരിക്കും നാം അടക്കേണ്ടി വരിക..! നിങ്ങളുടെ ഓരോ വാക്കുകള്‍ക്കും വില ഈടാക്കപ്പെടുന്നുണ്ടെന്നാണല്ലോ ഫോണ്‍ ബില്ലുകള്‍ പറയുന്നത്.
കണ്ണിന്റെ പിന്നാലെ നാവിനെ വിടരുത്. അങ്ങനെ വിടുന്നവരാണ് കണ്ണില്‍ കണ്ടതെല്ലാം വിളിച്ചുപറയുന്നത്. കണ്ണ് എന്തു കാണിച്ചുതന്നാലും ബുദ്ധിയോട് ചോദിച്ചുമാത്രമേ നാവ് അതേ സംബന്ധിച്ച് നിലപാടു വ്യക്തമാക്കാവൂ. ചിലപ്പോള്‍ കണ്ണ് ചതിച്ചുകളയും. ചന്ദ്രനെ അവന്‍ നമുക്ക് വളരെ ചെറുതാക്കിയാണു കാണിച്ചുതരുന്നത്. കണ്ണ് കാണിച്ചു തന്ന ആ വലിപ്പം മാത്രമാണോ ചന്ദ്രനുള്ളത്..? ഒരിക്കലുമല്ല. അവിടെ ബുദ്ധിയുമായി കൂടിയാലോചിക്കാതെ കണ്ണുകാണിച്ചുതന്ന ആ വലിപ്പം പറയാന്‍ തുടങ്ങിയാല്‍ അപമാനം ഏറ്റുവാങ്ങേണ്ടി വരും.
കണ്ടതു മാത്രം പറയരുത്. കണ്ടതിനപ്പുറം കാണേണ്ടതുണ്ട്. അതാണു പറയേണ്ടത്.
സംസാരം പഠിക്കാന്‍ മനുഷ്യനു ഏകദേശം രണ്ടു വര്‍ഷം മതി. എന്നാല്‍ മൗനം പഠിക്കാന്‍ അവനു വര്‍ഷങ്ങള്‍ വേണ്ടിവരും.
ജീവിതപാതയില്‍ വിളക്കാവാന്‍ പോന്ന ഒരു വാക്കുകൂടി:
മൗനത്തെക്കാള്‍ സംസാരമാണ് ഉത്തമം എന്നു ബോധ്യപ്പെട്ടാലല്ലാതെ സംസാരിക്കരുത്. സംസാരത്തെക്കാള്‍ മൗനമാണ് ഉത്തമം എന്നു ബോധ്യപ്പെട്ടാലല്ലാതെ മൗനം പാലിക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."