ബാങ്കുകള്‍ ജനപക്ഷ സമീപനം സ്വീകരിക്കണം: ജോയ്‌സ് ജോര്‍ജ്ജ് എം.പി
തൊടുപുഴ: പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന ജില്ലയിലെ കാര്‍ഷിക, വാണിജ്യ സാമ്പത്തിക മേഖലകളിലെ പുനരുദ്ധാരണത്തിന് ക്രിയാത്മകമായ സമീപനം ബാങ്കുകളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ദുരന്തത്തെ മനുഷ്യപക്ഷത്തു നിന്നും കാണുവാന്‍ ശ്രമിക്കണമെന്നും ജോയ്‌സ് ജോര്‍ജ്ജ് എം.പി അഭിപ്രായപ്പെട്ടു.
തൊടുപുഴയില്‍ ചേര്‍ന്ന ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക വാണിജ്യ ഗാര്‍ഹിക മേഖലകളിലെ റവന്യൂ റിക്കവറി നടപടികള്‍ നിര്‍ത്തിവയ്ക്കുകയും ദുരന്തം അനുഭവിച്ചവരുടെ മാനസികാവസ്ഥ മനസ്സിലാക്കി ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകുന്ന വിധം ബാങ്കിംഗ് മേഖലയുടെ സഹായം ഉണ്ടാകണം. സര്‍ക്കാര്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ 10,000 രൂപയില്‍ നിന്നും ബാങ്കിംഗ് രംഗത്തെ പലയിനത്തിലുള്ള തുക ഈടാക്കരുതെന്നും എം.പി നിര്‍ദ്ദേശിച്ചു. തോട്ടം മേഖലയില്‍ കൊള്ളപ്പലിശക്കാരുടെ സാന്നിധ്യം അവസാനിപ്പിക്കാന്‍ ജനങ്ങള്‍ക്ക് സഹായകമാകുന്ന വിധം സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ ബാങ്കുകള്‍ ഇറങ്ങിച്ചെല്ലണമെന്നും എം.പി യോഗത്തില്‍ ആവശ്യപ്പെട്ടു.
ജില്ലാ കളക്ടര്‍ ജീവന്‍ ബാബു ആധ്യക്ഷനായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയില്‍ നിന്നും സഹായധനം സ്വരൂപിക്കാന്‍ 17, 18, 22 തീയതികളില്‍ ജില്ലയിലെ 8 ബ്ലോക്ക് പഞ്ചായത്തുകളിലുമായി നടക്കുന്ന നിധി ശേഖരണ പരിപാടിയില്‍ ബാങ്കുകളുടെ വലിയ പിന്തുണ ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ദുരന്തം വേട്ടയാടിയ ജില്ലയിലെ ആളുകള്‍ക്ക് ലോണുകളുടെയും മറ്റും അടവുകള്‍ക്ക് സാവകാശം നല്‍കണമെന്നും ജപ്തി മുതലായവ ഇപ്പോള്‍ സ്വീകരിക്കരുതെന്നും അല്ലാത്ത പക്ഷം അത്തരം നടപടികള്‍ സ്വീകരിക്കുന്ന ബാങ്കുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ വിദ്യാഭ്യാസ ലോണുകളില്‍ ബാങ്കുകളുടെ കടുംപിടുത്തം മാറ്റണമെന്നും കാര്‍ഷിക മേഖലയിലെ നഷ്ടങ്ങള്‍ കാര്യമായി വിലയിരുത്തേണ്ടതുണ്ടെന്നും ഇന്‍ഷുറന്‍സ് തുക ലഭ്യമാകേണ്ടവര്‍ക്ക് കൃത്യമായും സമയബന്ധിതമായും നല്‍കേണ്ടതാണെന്നും അവലോകന മീറ്റിംഗില്‍ കളക്ടര്‍ ബാങ്കിങ് മേഖലയിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ലീഡ് ബാങ്ക് മാനേജര്‍ എം ജി രാജഗോപാലന്‍, യൂണിയന്‍ ബാങ്ക് റീജിയണല്‍ ഹെഡ് വി പ്രദീപ്, ആര്‍ ബി ഐ ലീഡ് ഓഫീസര്‍ സി ജോസഫ്, നബാര്‍ഡ് ജില്ലാ ഓഫീസര്‍ അശോക് കുമാര്‍ എന്നിവരും സംസാരിച്ചു. ജില്ലയിലെ ബാങ്കിംഗ് മേഖലയിലെ ഉദ്യോഗസ്ഥരും വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികളും അവലോകന യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."